നാഗ്പൂര്‍: മധ്യപ്രദേശില്‍ ബി.ജെ.പി നേതാവ് സന ഖാനെ കാണാതായ സംഭവത്തില്‍ ഭര്‍ത്താവ് അമിത് എന്ന പപ്പു സാഹു അറസ്റ്റില്‍. സന ഖാനെ കൊലപ്പെടുത്തിയതായി ഇദ്ദേഹം സമ്മതിച്ചെന്ന് പൊലീസിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. സന ഖാന്റെ മൃതദേഹം ഭര്‍ത്താവ് നദിയില്‍ എറിഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ മൃതദേഹം ഇതുവരെ പൊലീസിന് കണ്ടെടുക്കാനായിട്ടില്ല.
സ്വന്തം വീട്ടില്‍വെച്ച് സനയെ കൊലപ്പെടുത്തിയ അമിത് ജബല്‍പൂരില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെയുള്ള ഹിരണ്‍ നദിയില്‍ എറിഞ്ഞുവെന്നാണ് മൊഴിനല്‍കിയിരിക്കുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് ഇയാളെ എത്തിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്.
മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയും ബി.ജെ.പി ന്യൂനപക്ഷ സെല്‍ അംഗവുമാണ് സന ഖാന്‍. ഇവര്‍ ജബല്‍പൂരിലേക്ക് യാത്ര തിരിച്ചതിന് ശേഷമാണ് കാണാതാകുന്നത്.
ഓഗസ്റ്റ് ഒന്നിനാണ് സന ഭര്‍ത്താവിനെ കാണാന്‍ ജബല്‍പൂരിലേക്ക് പോകുന്നത്. ബസില്‍ നാഗ്പൂരില്‍ നിന്ന് പുറപ്പെട്ട ഇവര്‍ സ്വന്തം അമ്മയെ വിളിച്ചറിയിച്ചിട്ടുണ്ട്.
എന്നാല്‍, അധികം പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. ഇതോടെയാണ് സന ഖാന്റെ കുടുംബം പരാതി നല്‍കുന്നത്.
സനയും അമിതും സാമ്പത്തിക കാരണങ്ങള്‍ പറഞ്ഞ് ഏറെ നാളായി തര്‍ക്കം നിലനിന്നിരുന്നതായും പൊലീസ് പറഞ്ഞു. അമിത് സാഹുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Content Highlight: Husband Amith Pappu Sahu arrested in connection with BJP leader Sana Khan’s disappearance