Kerala News
കുണ്ടറയില്‍ കായലില്‍ ചാടി യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 27, 06:02 am
Tuesday, 27th October 2020, 11:32 am

കൊല്ലം: കൊല്ലത്ത് ഇന്നലെ കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി. കുണ്ടറ വെള്ളിമണ്‍ സ്വദേശി സിജുവാണ് മരിച്ചത്. സിജുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സിജുവിന്റെ ഭാര്യ രാഖി മൂന്ന് വയസ്സുകാരനായ മകനെയുമെടുത്തായിരുന്നു കഴിഞ്ഞ ദിവസം കായലില്‍ ചാടിയത്.

സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു സിജു. നാല് വര്‍ഷം മുമ്പായിരുന്നു രാഖിയും സിജുവും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും വിവാഹ ശേഷം പൂജപ്പുര ഭാഗത്ത് വാടക വീട്ടിലായിരുന്നു താമസം. ജോലികഴിഞ്ഞെത്തുന്ന സിജു മദ്യപിച്ച് രാഖിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ മൊഴിനല്‍കിയിരുന്നു.

ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ മകനുമായി പുറത്തേക്ക് പോയ രാഖി നാട്ടുകാര്‍ ചോദിച്ചപ്പോള്‍ കുടുംബ വീട്ടിലേക്കായിരുന്നു എന്നായിരുന്നു പറഞ്ഞിരുന്നത്.

വെള്ളിമണ്‍ തോട്ടുംകര സ്വദേശി യശോദരന്‍ പിള്ളയുടെ മകളാണ് 23 കാരിയായ രാഖി. രാത്രി വൈകിയും രാഖി വീട്ടിലെത്താതിരുന്നതോടെ രാഖിയുടെ അച്ഛന്‍ കുണ്ടറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തിങ്കളാഴ്ച കായലില്‍ നടത്തിയ തിരച്ചിലില്‍ രാവിലെ പത്തുമണിയോടെയാണ് രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Husband also died soon after woman and kid committed suicide