ഹിന്ദുമത വികാരത്തെ ഹനിക്കുന്നു; ആമിർ ഖാന്റെ മകന്റെ ആദ്യ ചിത്രത്തിനെതിരെ പ്രതിഷേധവുമായി ബജറംഗദൾ
Entertainment
ഹിന്ദുമത വികാരത്തെ ഹനിക്കുന്നു; ആമിർ ഖാന്റെ മകന്റെ ആദ്യ ചിത്രത്തിനെതിരെ പ്രതിഷേധവുമായി ബജറംഗദൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th June 2024, 11:26 am

ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ ‘മഹാരാജ്’ എന്ന ചിത്രത്തിലൂടെ സിനിമലോകത്തേക്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ഈയിടെ ഇറങ്ങിയ ചിത്രത്തിന്റെ പോസ്റ്റർ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഒ. ടി. ടി റിലീസായി എത്തുന്ന ചിത്രം യാഷ് രാജ് എന്റർടൈൻമെന്റാണ് നിർമിക്കുന്നത്.

എന്നാൽ റിലീസിന് ഒരുങ്ങുമ്പോൾ ചിത്രത്തിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബജറംഗദൾ. ജൂൺ മൂന്നിന് ബജറംഗദൾ ചിത്രത്തിന്റെ നിർമാതാക്കളായ യാഷ് രാജ്, സ്ട്രീമിങ് പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സ് എന്നിവർക്ക് നൽകിയ കത്തിൽ റിലീസിന് മുമ്പ് ചിത്രം തങ്ങളെ കാണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹിന്ദുമത വികാരത്തെ ഹനിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളെന്ന് തങ്ങൾ കരുതുന്നുണ്ടെന്നും അതിനാൽ റിലീസിന് മുമ്പ് ബജറംഗദളിന് സിനിമ കാണണമെന്നുമാണ് അവരുടെ ആവശ്യം. ബജറംഗദൾ നേതാവ് ഗൗതം റവ്റിയയുടെ പേരിലാണ് കത്ത്.

സമാന ആവശ്യമുന്നയിച്ച് ബജറംഗദൾ മുംബൈയിലെ യാഷ് രാജ് ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്ന വീഡിയോയും ഗൗതം റവ്റിയ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം റാണി മുഖർജി പ്രധാന വേഷത്തിൽ എത്തിയ ഹിച്ച്കി എന്ന ചിത്രത്തിന് ശേഷം സിദ്ധാർത്ഥ് പി.മൽഹോത്ര ഒരുക്കുന്ന മഹാരാജ് 1800കളിൽ മുംബൈ നഗരത്തിൽ നടക്കുന്ന ലീഗൽ ത്രില്ലറാണ് എന്നാണ് റിപ്പോർട്ടുകൾ.

 

Content Highlight: Hurts Hindu sentiments; Bajrang Dal protests against Aamir Khan’s son’s first film