മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയെക്കൂടാതെ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം സജീവമാക്കി ശിവസേന. രണ്ടുദിവസത്തിനുള്ളില്‍ എന്‍.സി.പി നേതാവ് ശരദ് പവാറുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് രണ്ടു കൂടിക്കാഴ്ചകള്‍ നടത്തിക്കഴിഞ്ഞു.
ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാത്രിയിലുമായിരുന്നു കൂടിക്കാഴ്ചകള്‍. ബുധനാഴ്ച രാത്രിയില്‍ പവാറിന്റെ പെഡ്ഡര്‍ റോഡിലെ വീട്ടില്‍ വെച്ചായിരുന്നു ഇത്.
ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുമ്പോള്‍ അവര്‍ക്കെതിരായി വോട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യമാണ് ഇരുനേതാക്കളും ചര്‍ച്ച ചെയ്തതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
പവാര്‍ സേനയ്ക്ക് അനുകൂലമായ നീക്കം നടത്തിയാല്‍ പ്രതിസന്ധിയിലാവുക കോണ്‍ഗ്രസായിരിക്കും. സേനയുമായിച്ചേര്‍ന്ന് എന്‍.സി.പിയും തങ്ങളും സര്‍ക്കാരുണ്ടാക്കണമെന്ന അഭിപ്രായത്തിലാണ് ഇപ്പോഴും അവര്‍.
15 സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ഫഡ്‌നാവിസ് അവകാശപ്പെടുന്നത്. എന്നാല്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള അവരുടെ നീക്കം പാളുകയായിരുന്നു. രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കാതെ സര്‍ക്കാരുണ്ടാക്കാന്‍ കൂടെ നില്‍ക്കില്ലെന്നാണ് സേനാ നിലപാട്.
ഇതില്‍ പേരു വെളിപ്പെടുത്താത്ത ഒരു സേനാ നേതാവ് പറയുന്നതിങ്ങനെ- ‘ഫഡ്‌നാവിസ് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചതിനു ശേഷം ഒരു പ്രോട്ടേം സ്പീക്കറെ തെരഞ്ഞെടുക്കും. അദ്ദേഹം പുതിയ അംഗങ്ങള്‍ക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
പിന്നീട് ഒരു സ്പീക്കര്‍ക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കും. ഈ തെരഞ്ഞെടുപ്പില്‍ സേന ബി.ജെ.പി സ്ഥാനാര്‍ഥിയെ എതിര്‍ക്കും. ഒപ്പം എന്‍.സി.പിയും കോണ്‍ഗ്രസും. അവിടെ ബി.ജെ.പി സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു തെളിയും. അവര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടും.’- മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ എന്‍.സി.പിയുടെ ഭാഗത്തുനിന്ന് വാഗ്ദാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സേന അത്തരത്തിലൊന്നു സ്വീകരിച്ചിട്ടില്ലെന്നും റാവത്ത് പ്രതികരിച്ചു.
അതേസമയം സേനയോട് അനുകൂല സമീപനമാണ് കോണ്‍ഗ്രസ് ഇപ്പോഴും പുലര്‍ത്തുന്നത്. നല്ലൊരു നിര്‍ദ്ദേശവുമായി സേന വന്നാല്‍ തങ്ങളത് ഹൈക്കമാന്‍ഡിന് അയക്കുമെന്നും ഇപ്പോള്‍ ഒരു സാധ്യതകളും തള്ളിക്കളയുന്നില്ലെന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന്‍ മുംബൈ മിററിനോടു പറഞ്ഞു.