| Monday, 16th December 2019, 8:20 am

'ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ല, ഞാന്‍ ഒപ്പമുണ്ട്'; ജാമിയ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വി.സി- വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാമിയ മില്ലിയ ഇസ്‌ലാമിയയില്‍ പൊലീസ് നടത്തിയ അക്രമത്തിനെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈസ് ചാന്‍സലര്‍. ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നും താന്‍ അവരോടൊപ്പം ഉണ്ടെന്നും ജാമിയ വി.സി നജ്മ അക്തര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

‘എന്റെ വിദ്യാര്‍ഥികളോടു ചെയ്തതുകണ്ടു സഹിക്കാനാകുന്നില്ല. ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നാണ് എനിക്ക് അവരോടു പറയാനുള്ളത്. ഞാന്‍ അവര്‍ക്കൊപ്പമുണ്ട്. ഈ വിഷയം കഴിയാവുന്നിടത്തോളം മുന്നോട്ടുകൊണ്ടുപോകും.’- വി.സി പറഞ്ഞു.

എന്നാല്‍ വിദ്യാര്‍ഥി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ജാമിയ വി.സിയെന്നും സമരക്കാരെ തണുപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരം നിലപാട് ഇപ്പോള്‍ എടുത്തതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ലൈബ്രറിയില്‍ ഇരുന്ന പ്രതിഷേധക്കാരെയും വിദ്യാര്‍ഥികളെയും പൊലീസിനു തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും അതേത്തുടര്‍ന്നാണു നിരവധി വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റതെന്നും അവര്‍ ഇന്നലെ പറഞ്ഞിരുന്നു.

ജാമിയയില്‍ പൊലീസ് പ്രവേശിച്ചത് അനുവാദം കൂടാതെയും നിയമം ലംഘിച്ചുമാണെന്ന് സര്‍വകലാശാലാ അധികൃതര്‍ ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമായിരുന്നു നടത്തിയതെന്ന് എന്ന വാദമാണ് പൊലീസ് ഉന്നയിക്കുന്നത്. എന്നാല്‍, ക്യാമ്പസിനുള്ളില്‍ പൊലീസ് അനുവാദമില്ലാതെ പ്രവേശിക്കരുതെന്നാണ് സര്‍വ്വകലാശാലയുടെ നിയമം.

‘അനുമതിയില്ലാതെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ക്യാമ്പസില്‍ പ്രവേശിച്ചത്. അവര്‍ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും മര്‍ദ്ദിക്കുകയായിരുന്നു’, ജാമിയ മില്ലിയ പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ പൊലീസ് അക്രമത്തിനെതിരെ ദല്‍ഹി പൊലീസ് ആസ്ഥാനത്തു വിദ്യാര്‍ഥികള്‍ നടത്തിയ ഉപരോധസമരം വിജയമായി.

ജാമിയയില്‍ നിന്നു ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത അമ്പതോളം വിദ്യാര്‍ഥികളെ തിങ്കളാഴ്ച പൊലീസ് വിട്ടയച്ചതോടെയാണ് സമരം വിജയിച്ചത്. ഇതേത്തുടര്‍ന്ന് സമരക്കാര്‍ പൊലീസ് ആസ്ഥാനത്തു നിന്നു പിന്‍വാങ്ങുന്നതായി അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യു, ജാമിയ വിദ്യാര്‍ഥികളാണു സമരത്തിനു നേതൃത്വം നല്‍കിയത്. സി.പി.ഐ.എം നേതാവ് ബൃന്ദാ കാരാട്ട്, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, സി.പി.ഐ നേതാവ് ആനി രാജ, ദളിത് നേതാവും ഭീം ആര്‍മി തലവനുമായ ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവര്‍ പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊലീസ് ആസ്ഥാനത്തിനു മുന്നിലെത്തി സമരക്കാര്‍ക്കൊപ്പം അണിചേര്‍ന്നിരുന്നു.

തങ്ങള്‍ക്കെതിരെ നടന്ന പൊലീസ് അക്രമത്തില്‍ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കില്ലെന്നും ഉപരോധസമരം മാത്രമാണു പിന്‍വലിച്ചതെന്നും ജാമിയ വിദ്യാര്‍ഥികള്‍ അറിയിച്ചു.

ജാമിയയിലെ അക്രമത്തിനെതിരെ രാജ്യമെമ്പാടും ഇന്നലെ രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി വിദ്യാര്‍ഥികളും രാഷ്ട്രീയപ്പാര്‍ട്ടികളും വിവിധ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ജാമിയ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അലിഗഢ് മുസ്ലിം സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ബോംബെ സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി.

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘടനയായ ഐസ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more