| Monday, 29th October 2012, 10:44 am

സാന്റി കൊടുങ്കാറ്റ്: അമേരിക്കയില്‍ ജാഗ്രതാ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആഞ്ഞുവീശുന്ന സാന്റി കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. അമേരിക്കയില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റില്‍ ഇതുവരെയായി 60 പേരാണ് കൊല്ലപ്പെട്ടത്. വരും ദിവസങ്ങളില്‍ മരണനിരക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്.[]

കൊടുങ്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ഏതാണ്ട് 370,000 പരെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ 76 ഓളം സ്‌കൂളുകള്‍ അഭയാര്‍ത്ഥി ക്യാമ്പുകളാക്കിയിരിക്കുകയാണ്.

ഇന്ന് വൈകുന്നേരത്തോടെ കൊടുങ്കാറ്റ് കൂടുതല്‍ ശക്തമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 75 മൈല്‍ വേഗതയിലാണ് കാറ്റടിക്കുന്നത്. കൊടുങ്കാറ്റിനെ നേരിടാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ എടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം അമേരിക്കയിലെ ഹവായിയില്‍ കഴിഞ്ഞ ദിവസം സുനാമി തിരമാലകളുമുണ്ടായിരുന്നു. ഏകദേശം ആറടി ഉയരത്തിലാണ് തിരമാലകള്‍ പൊങ്ങിയിരുന്നത്.

കാനഡയില്‍ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്നാണ് സുനാമി തിരമാലകള്‍ പ്രത്യക്ഷപ്പെട്ടത്. കാനഡിയിലെ ഭൂകമ്പത്തെ തുടര്‍ന്ന് അലാസ്‌ക, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.

റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായമൊന്നും ഉണ്ടായിരുന്നില്ല.

അതേസമയം, കാനഡയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്. പാക്കിസ്ഥാനിലും നേരിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more