| Monday, 2nd September 2019, 10:03 am

ബഹാമസില്‍ വന്‍ നാശനഷ്ടം വിതച്ച ചുഴലിങ്കാറ്റ് അമേരിക്കയിലെക്ക്; ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ, ദശലക്ഷക്കണക്കിന് ആളുകള്‍ ഭീതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബഹാമസ്: കഴിഞ്ഞ ദിവസം ബഹാമസ് ദ്വീപില്‍ ആഞ്ഞു വീശിയ ഡോറിയന്‍ ചുഴലിങ്കാറ്റില്‍ വന്‍ നാശനഷ്ടം. കൊടുങ്കാറ്റായി മാറിയ ഡോറിയന്‍ അമേരിക്കയിലെ ഫ്‌ളോറിഡയുടെ വടക്കുപടിഞ്ഞാറന്‍ തീരത്ത് എത്തുമെന്നാണ് മുന്നറിയിപ്പ്.

കണക്കുകള്‍ പ്രകാരം അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ അമേരിക്കന്‍ തീരത്തെത്തുന്ന ഏറ്റവും ശക്തിയേറിയ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഡോറിയന്‍.

ചുഴലിക്കാറ്റ് ആദ്യം കരയില്‍ പ്രവേശിച്ചത് കരീബിയന്‍ ദ്വീപ് രാജ്യമായ ബഹാമസിലെ അബാക്കോയിലാണ്. കാറ്റഗറി അഞ്ച് വിഭാഗത്തില്‍പ്പെടുന്ന കാറ്റ് വീശുന്നത് മണിക്കൂറില്‍ 295 മുതല്‍ 354 കിലോമീറ്റര്‍വരെ വേഗത്തിലാണ്. സാവധാനത്തില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് കൂടുതല്‍ ശക്തായാര്‍ജിച്ച് രണ്ട് ദിവസത്തിനകം അമേരിക്കന്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

ഫ്‌ളോറിഡ മുതല്‍ നോര്‍ത്ത് കരോലിന വരെ ദശലക്ഷക്കണക്കിന് ആളുകള്‍ ഭീതിയിലാണ്. ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു.

തീരദേശ പ്രദേശമായ ജോര്‍ജിയയിലും ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ട്. പ്യൂര്‍ട്ടോറിക്കോയില്‍ വീശിയടിച്ച ചുഴലിക്കാറ്റ് കാര്യമായ നാശനഷ്ടം ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ ബഹാമസില്‍ ചരിത്രത്തില്‍ രേഖപെടുത്തിയ ഏറ്റവും വലിയ കൊടുങ്കാറ്റാണ് ഡോറിയന്‍. 73000 ആളുകളെ പ്രദേശത്തു നിന്ന് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും ഫെഡറല്‍ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

യു.എസിന്റെ പടിഞ്ഞാറ് ഭാഗത്തെത്തുന്ന കൊടുങ്കാറ്റ് മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ഫ്‌ളോറിഡയുടെ കിഴക്കന്‍ തീരത്ത് കടുത്ത നാശം വിതച്ചേക്കാമെന്ന അനുമാനത്തിലായിരുനു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍. എന്നാല്‍ മിയാമി ആസ്ഥാനമായുള്ള ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തില്‍ നിന്നുള്ള പ്രവചനങ്ങള്‍ ഫ്‌ളോറിഡയിലെ മുഴുവന്‍ പ്രദേശങ്ങളെയും അനിശ്ചിതത്വത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുണ്ട്.

ALSO WATCH

We use cookies to give you the best possible experience. Learn more