| Friday, 16th September 2016, 8:30 am

ഹുറിയത്ത് നേതാക്കളെ തീവ്രവാദികളോ വിഘടനവാദികളോ ആയി കാണാനാകില്ലെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹുറിയത്ത് നേതാക്കളെ താങ്കളാണ് തീവ്രവാദികള്‍/വിഘടനവാദികള്‍ എന്ന് വിളിക്കുന്നത് അല്ലാതെ സര്‍ക്കാരല്ലെന്ന് ഹര്‍ജിക്കാരനായ മനോഹര്‍ലാല്‍ ശര്‍മ്മയോട് ബെഞ്ച് പറഞ്ഞു.


ന്യൂദല്‍ഹി: ജമ്മു കാശ്മീരിലെ ഹുറിയത്ത് നേതാക്കള്‍ക്കുള്ള സഹായവും സുരക്ഷയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി.

ഹുറിയത്ത് നേതാക്കളെ വിഘടനവാദികള്‍ എന്ന് വിശേഷിപ്പിക്കാനാകില്ലെന്ന സുപ്രധാന നിരീക്ഷണവും ബെഞ്ച് നടത്തി. ഹുറിയത്ത് നേതാക്കള്‍ക്കുള്ള ഒദ്യോഗിക സാമ്പത്തിക സഹായവും സുരക്ഷയും നിര്‍ത്തലാക്കണമെന്ന് കാണിച്ച് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളിയാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ണായക നിരീക്ഷണം നടത്തിയിരിക്കുന്നത്.

ഹുറിയത്ത് നേതാക്കളെ താങ്കളാണ് തീവ്രവാദികള്‍/വിഘടനവാദികള്‍ എന്ന് വിളിക്കുന്നത് അല്ലാതെ സര്‍ക്കാരല്ലെന്ന് ഹര്‍ജിക്കാരനായ മനോഹര്‍ലാല്‍ ശര്‍മ്മയോട് ബെഞ്ച് പറഞ്ഞു. ബുധനാഴ്ചയാണ് ഹര്‍ജി പരിഗണിച്ചിരുന്നത്.

ഹര്‍ജി പരിഗണിക്കവെ ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വിഘടനവാദികള്‍ എന്ന പ്രയോഗം നടത്തിയത് കോടതി തടഞ്ഞു. സര്‍ക്കാര്‍ അവരെ വിഘടനവാദികളായോ തീവ്രവാദികളായോ പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഇത് കാഴ്ചപ്പാടിന്റെ കാര്യമാണ്. ആ പ്രയോഗം കോടതിയില്‍ പറ്റില്ലെന്ന് ഹര്‍ജിക്കാരനോട് ബെഞ്ച് പറഞ്ഞു.

കാശ്മീരിലെ ഹുറിയത്ത് നേതാക്കള്‍ക്ക് വിദേശയാത്ര, സുരക്ഷ, തുടങ്ങി നൂറ് കോടിയോളം രൂപ കേന്ദ്ര സഹായം ലഭിക്കുന്നുണ്ടെന്നും ഇത് വിഘടനവാദികള്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണെന്നും കാണിച്ചായിരുന്നു ഹര്‍ജി.

എന്നാല്‍ ഭീഷണി നേരിടുന്ന പൗരന് സുരക്ഷ ഏര്‍പ്പാടാക്കല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന കാര്യമാണെന്നും ഇതില്‍ കോടതിക്ക് ഒന്നും ചെയ്യാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more