വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ജോ ബൈഡന്റെ മകനും ബിസിനസുകാരനുമായ ഹണ്ടർ ബൈഡൻ വിചാരണ നടക്കുന്ന ഹാളിൽ നിന്നും ഇറങ്ങിപ്പോയി. ഹൗസ് ഓഫ് റെപ്രസെന്ററ്റീവ്സിൽ നടന്ന വിചാരണയിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു ഹണ്ടർ ബൈഡൻ എത്തിയത്.
പിതാവും അമേരിക്കൻ പ്രസിഡന്റുമായ ജോ ബൈഡനെതിരെയുള്ള ഇംപീച്ച്മെന്റ് അന്വേഷണത്തിൽ സാക്ഷിമൊഴി നൽകാത്തതിനെ തുടർന്ന് ഹണ്ടറിനെതിരെ സഭാ അലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്ന് ഹൗസ് ഓഫ് റെപ്രസെന്റേറ്റിവ്‌സിലെ റിപ്പബ്ലിക്കൻ എം.പിമാർ പറഞ്ഞിരുന്നു. ഇതിനെ തുടർന്നുള്ള വിചാരണയിലേക്കാണ് ഹണ്ടർ എത്തിയത്.
തന്റെ അഭിഭാഷകനൊപ്പമാണ് ഹണ്ടർ ബൈഡൻ സഭയിൽ എത്തിയത്. എന്നാൽ ഈ സന്ദർശനം അദ്ദേഹത്തനെതിരെ കൂടുതൽ വിമർശനങ്ങൾ ഉയരുന്നതിന് കാരണമായി.
നിങ്ങളാരാണ് അല്ലെങ്കിൽ നിങ്ങളുടെ പിതാവ് ആരാണ് എന്നതിൽ ഇവിടെ പ്രസക്തിയില്ലെന്നും, നിങ്ങളൊരിക്കലും നിയമത്തിനു മുകളിൽ വരില്ലെന്നും റിപ്പബ്ലിക്കൻ അംഗമായ നാൻസി മേസ് ഹണ്ടർ ബൈഡനെതിരെ തുറന്നടിച്ചു.
2009-2017 കാലഘട്ടത്തിൽ വൈസ് പ്രസിഡന്റ് ആയിരുന്ന ജോ ബൈഡൻ നിരവധി അഴിമതികൾ നടത്തിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നുമാണ് റിപ്പബ്ലിക്കൻസ് ആരോപിക്കുന്നത്.
എന്നാൽ വൈറ്റ് ഹൗസും ഹണ്ടർ ബൈഡനും ഇത് നിഷേധിച്ചിരുന്നു.
കൂടാതെ നികുതി വെട്ടിപ്പു കേസിലും ഹണ്ടർ ബൈഡൻ ആരോപണ വിധേയനാണ്. ലോസ് ആഞ്ചസിലെ ഫെഡറൽ കോർട്ട് അദ്ദേഹത്തിനോട് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു.
ചെയർമാൻ ക്ഷണിച്ചതുകൊണ്ടാണ് സാക്ഷിയായ ഹണ്ടർ ബൈഡൻ ഇവിടെ എത്തിയതെന്നും അദ്ദേഹം എന്തിനാണ് സംസാരിക്കുന്നത് എന്നും ഡെമോക്രാറ്റിക് പാർട്ടി അംഗമായ ജെറീഡ് മോസ്കോവിറ്റ്സ് ചോദിച്ചു. കൂടാതെ വോട്ടെടുപ്പിലൂടെ കാര്യങ്ങൾ തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ വിചാരണ നടക്കുന്നതിനിടയിൽ ഹണ്ടർ ബൈഡൻ ഇറങ്ങി പോവുകയും ചെയ്തു.
തങ്ങൾ ഹൗസ് കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും എന്നാൽ തങ്ങൾ മുന്നോട്ടുവെച്ച ഓഫറുകൾ അവർ തിരസ്കരിക്കുകയായിരുന്നുവെന്നും അഭിഭാഷകൻ ആബെ ലോവൽ പറഞ്ഞു.
ഹൗസ് കമ്മിറ്റി ഡിസംബർ 13ന് ഹണ്ടർ ബൈഡനോട് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു.
സത്യപ്രസ്താവന പരസ്യമായി നടത്താൻ തയ്യാറാണെന്നും എന്നാൽ ഇത് റിപ്പബ്ലിക്കൻസ് എതിർക്കുകയായിരുന്നുവെന്നും ഹണ്ടർ ബൈഡൻ പറഞ്ഞു.
ഡിസംബർ 13ന് ഹാജരാവാതിരുന്ന ഹണ്ടർ ബൈഡൻ ക്യാപിറ്റോളിന് മുന്നിൽ പരസ്യപ്രതികരണം നടത്തുകയാണ് ചെയ്തത്.
Content Highlights: Hunter Biden storms out of committee meeting hearing