Advertisement
Kerala News
ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന പരാമര്‍ശത്തിന്റെ പേരില്‍ വേട്ടയാടപ്പെട്ടു: ഷംസീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Aug 22, 03:04 pm
Tuesday, 22nd August 2023, 8:34 pm

കൊച്ചി: ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറഞ്ഞതിന്റെ പേരില്‍ വേട്ടയാടപ്പെട്ടുവെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. ഇന്ന് ഇന്ത്യയില്‍ കാണുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യലാണ് പരിഹാരമമെന്നും അദ്ദേഹം പറഞ്ഞു. കേരളം പോലൊരു സംസ്ഥാനത്ത് നിന്നും ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണെങ്കില്‍ എങ്ങോട്ടാണ് കേരളത്തിന്റെ പോക്കെന്നും അദ്ദേഹം ചോദിച്ചു. സഹോദന്‍ അയ്യപ്പന്‍ പുരസ്‌കാര വേദിയില്‍ സംസാരിക്കവേയായിരുന്നു മിത്ത് പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വേട്ടയാടലിനെ പറ്റി സ്പീക്കര്‍ പ്രസംഗിച്ചത്.

‘വീണ്ടും ഒരു നവോത്ഥാന പ്രസ്ഥാനം കേരളത്തില്‍ രൂപപ്പെടേണ്ടതുണ്ടെന്നാണ് ഈ ഘട്ടത്തില്‍ എനിക്ക് ഓര്‍മപ്പെടുത്താനുള്ളത്. ചില കാര്യങ്ങള്‍ വിളിച്ച് പറയുമ്പോള്‍ അക്രമിക്കപ്പെടുന്നു. ചില സത്യങ്ങള്‍ തുറന്ന് പറയുമ്പോള്‍ വേട്ടയാടപ്പെടുന്നു. അത് മാത്രമല്ല, ഒറ്റതിരിഞ്ഞാണ് അക്രമിക്കുന്നത്.

ഇന്ന് ഇന്ത്യയില്‍ കാണുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യലാണ് പരിഹാരം. ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വേട്ടയാടപ്പെട്ട പൊതുപ്രവര്‍ത്തകനാണ് ഞാന്‍. രൂക്ഷമായ വേട്ടയാടലായിരുന്നു. കേരളം പോലൊരു സംസ്ഥാനത്ത് നിന്നും ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണെങ്കില്‍ എങ്ങോട്ടാണ് കേരളത്തിന്റെ പോക്ക്,’ ഷംസീര്‍ പറഞ്ഞു.

മിത്തുകള്‍ക്ക് പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന ഷംസീറിന്റെ പരാമര്‍ശം വലിയ തരത്തില്‍ വിവാദമായിരുന്നു. എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തില്‍ നടപ്പാക്കുന്ന വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ഷംസീര്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്.

‘ശാസ്ത്ര സാങ്കേതികരംഗം വികാസം പ്രാപിക്കുന്നുവെന്നു മാത്രമല്ല, ശാസ്ത്രത്തിനു പകരം മിത്തുകളെ വെക്കുന്നു. പാഠപുസ്തകങ്ങള്‍ക്കകത്ത് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരങ്ങളെന്ന ഉത്തരം തെറ്റാകുന്നതും ഹിന്ദുത്വകാലം എന്നെഴുതിയത് ശരിയാകുന്നതും.

വൈദ്യശാസ്ത്രം തന്നെ കൂടുതല്‍ കൂടുതല്‍ മൈക്രോ ആയി. സര്‍ജറി പ്ലാസ്റ്റിക് സര്‍ജറി ആയി. പ്ലാസ്റ്റിക് സര്‍ജറി വൈദ്യശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തമാണ്. എന്നാല്‍, പ്ലാസ്റ്റിക് സര്‍ജറി ഹിന്ദുത്വ കാലത്തേയുള്ളതാണെന്നാണ് ഇവിടെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറിയെന്ന ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കണം,’ എന്നാണ് ഷംസീര്‍ അന്ന് പറഞ്ഞത്.

എന്നാല്‍ ഇതിനെതിരെ സംഘപരിപാറും ബി.ജെ.പിയും രംഗത്ത് വന്നു. ഷംസീറിനെതിരെ നടപടി വേണമെന്ന് എന്‍.എസ്.എസും ആവശ്യപ്പെട്ടിരുന്നു. സ്പീക്കര്‍ പ്രസ്താവന തിരുത്തുന്നതാണ് നല്ലതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിരുന്നു.

content highlights: Hunted for references to promote science: Shamseer