ജാമ്യം ലഭിച്ചിട്ടും വേട്ടയാടുന്നു; പൊലീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ചെകുത്താന്‍
Kerala News
ജാമ്യം ലഭിച്ചിട്ടും വേട്ടയാടുന്നു; പൊലീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ചെകുത്താന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th September 2024, 8:08 am

കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ നടപടി നേരിട്ട യുട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സ് പൊലീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം ലഭിച്ചിട്ടും പൊലീസ് പീഡിപ്പിക്കുകയാണെന്നാണ് അജു അലക്‌സ് ഹരജിയില്‍ പറയുന്നത്. പൊലീസിന്റെ വേട്ടയാടല്‍ തടയണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെടുന്നു. അജു അലക്‌സിന്റെ ഹരജിയില്‍ ജസ്റ്റിസ് വി.ജി. അരുണ്‍ സര്‍ക്കാറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.

വയനാട് ദുരന്തഭൂമിയില്‍ നടനും ലെഫ്റ്റനന്റ് കേണലുമായ മോഹന്‍ലാല്‍ സൈനിക വേഷത്തില്‍ സന്ദര്‍ശനം നടത്തിയതിനെ അജു അലക്‌സ് വിമര്‍ശിച്ചിരുന്നു. മോഹന്‍ലാലിന്റെ ഈ നടപടി അനൗചിത്യമാണെന്നായിരുന്നു അജു അലക്‌സിന്റെ വിമര്‍ശനം.

ഇതിനെതിരെ അന്ന് അമ്മ സംഘടനയുടെ പ്രസിഡന്റായിരിക്കുകയും പിന്നീട് പീഡിനക്കേസില്‍ രാജിവെക്കേണ്ടി വരികയും ചെയ്ത സിദ്ദീഖാണ് പരാതി നല്‍കിയിരുന്നത്. ഈ പരാതിയില്‍ അജു അലക്‌സിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍ ജാമ്യം ലഭിച്ചിട്ടും പൊലീസ് തന്നെ വേട്ടയാടുകയാണെന്നാണ് അജു അലക്‌സ് ആരോപിക്കുന്നത്.

നേരത്തെ താന്‍ നടത്തിയ വിമര്‍ശനങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അജു അലക്‌സ് വ്യക്തമാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് അജു അലക്സ് ഇക്കാര്യം പറഞ്ഞത്. ഇനിയും അഭിപ്രായങ്ങള്‍ തുറന്നുപറയുമെന്നും കേരളത്തില്‍ ഒരുപാട് പേര്‍ക്ക് മോഹന്‍ലാല്‍ വയനാട്ടില്‍ പോയതിനെക്കുറിച്ച് ഇതേ അഭിപ്രായമുണ്ടെന്നും അജു അലക്സ് അവകാശപ്പെട്ടിരുന്നു.

എന്നാല്‍, വിമര്‍ശനത്തില്‍ താന്‍ ഉപയോഗിച്ച വാക്കുകള്‍ ശരിയായിരുന്നില്ലെന്നും അജു പറഞ്ഞിരുന്നു. ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മോഹന്‍ലാലിനെതിരെ സൈന്യത്തിന് തന്നെ പരാതി നല്‍കുമെന്നും അന്ന് അജു അലക്‌സ് പറഞ്ഞിരുന്നു.

ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് വേണ്ടത്. ജീവന്‍ രക്ഷിക്കാനുള്ള മിലിറ്ററിയുടെ വിലപ്പെട്ട സമയമാണ് മോഹന്‍ലാലിന്റെ സന്ദര്‍ശനം കാരണം ഇല്ലാതായത്. ഒരു മിലിട്ടറി ഉദ്യോഗസ്ഥനാണ് വന്നിരുന്നതെങ്കില്‍ അത്രയധികം ആളുകള്‍ അവിടെ എത്തില്ലായിരുന്നു.

ഇത് സെലിബ്രിറ്റി ആയതുകൊണ്ടാണ് ആളുകള്‍ കൂടുകയും സെല്‍ഫി എടുക്കുകയും ചെയ്തത് എന്നിങ്ങനെയായിരുന്നു മോഹന്‍ലാലിന്റെ വയനാട് സന്ദര്‍ശനത്തെ കുറിച്ചുള്ള അജുഅല്കസിന്റെ വിമര്‍ശനം

content highlights: Hunted Despite Bail;Chekuthan Aju Alex approached the High Court against the police