പഞ്ചാബ്: ചരണ്‍ ജിത്ത് സിങ് സര്‍ക്കാരുമായി വീണ്ടും തുറന്ന യുദ്ധം പ്രഖ്യാപിച്ച് പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദു. ഗുരു ഗ്രന്ഥ സാഹിബിന്റെ 2015 ലെ ബലിദാനത്തെ പറ്റിയും മയക്കുമരുന്ന് കേസുകളെ പറ്റിയുമുള്ള റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തിയില്ലെങ്കില്‍ നിരാഹാര സത്യഗ്രഹം തുടങ്ങുമെന്നാണ് സിദ്ദുവിന്റെ പ്രഖ്യാപനം. മയക്കുമരുന്ന് മാഫിയക്കെതിരെ നടപടിയെടുക്കുന്നില്ല എന്നായിരുന്നു മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിനതിരെയും സിദ്ദു ഉന്നയിച്ചിരുന്ന പ്രധാനപരാതി. ഒരു വര്‍ഷം പാട്ടിയിലുണ്ടായിരുന്ന ആഭ്യന്തരതര്‍ക്കങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 18 നായിരുന്നു അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്.
‘മയക്കുമരുന്ന് നിര്‍മാര്‍ജനം ചെയ്യും എന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മയക്ക്മരുന്നിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്നില്ല. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ എന്തു കൊണ്ടാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടാഞ്ഞത് എന്ന് അറിയേണ്ടതുണ്ട്. അതുകൊണ്ട് നിലവിലെ സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ എത്രയും വേഗം പരസ്യപ്പെടുത്തേണ്ടതാണ്. അത് പുറത്ത് വിടരുതെന്ന് ഒരു കോടതിയും വിലക്കിയിട്ടില്ലല്ലോ,’ മോംഗയില്‍ ചേര്‍ന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ചന്നി ചോദിച്ചു.
മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സംസ്ഥാന ഏജന്‍സികള്‍ ഹൈക്കോടതിയില്‍ സീല്‍ വെച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് പരസ്യപ്പെടുത്തണം എന്നാണ് സിദ്ദുവിന്റെ ആവശ്യം.
മുഖ്യമന്ത്രി പദത്തില്‍ നിന്നും അമരീന്ദറിനെ മാറ്റിയിട്ടും പഞ്ചാബ് കോണ്‍ഗ്രസിനുള്ളില്‍ സമാധാനം വന്നിട്ടില്ല. അമരീന്ദറിന്റെ പിന്‍ഗാമിയായി ചന്നിയെ തെരഞ്ഞെടുത്തതോടെ തിരിച്ചടി നേരിട്ട സിദ്ദു സംസ്ഥാന സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ്.
ചന്നി അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ മന്ത്രിമാരുടെയും പൊലീസ് മേധാവിയുടെയും അഡ്വക്കേറ്റ് ജനറലിന്റേയും തെരഞ്ഞെടുപ്പില്‍ സിദ്ദു അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
അതിനു ശേഷം ചന്നിയും സിദ്ദുവും തമ്മില്‍ അത്ര സ്വരചേര്‍ച്ചയിലായിരുന്നില്ല. പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ ആംആദ്മി പാര്‍ട്ടി മുതലെടുക്കാനും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സിദ്ദുവിനെ പിന്തുണച്ച് സംസാരിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight; hunger-strike-navjot-sidhus-latest-threat-to-punjab-government