| Sunday, 29th October 2017, 9:17 am

ദളിത് ശാന്തി യദുകൃഷ്ണനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി യോഗക്ഷേമസഭയും അഖില കേരള ശാന്തി യൂണിയനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ പൂജാരിയായി നിയമനം ലഭിച്ച ദളിത് യുവാവ് യദുകൃഷ്ണനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യോഗക്ഷേമസഭയും അഖില കേരളാ ശാന്തി യൂണിയനും. യദുവിനെ പിരിച്ചുവിടണമെന്ന ആവശ്യമുയര്‍ത്തി ഈമാസം 30 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് ശാന്തി യൂണിയന്‍ അറിയിച്ചിട്ടുണ്ട്.

യോഗക്ഷേമ സഭയുടെ പിന്തുണയോടെ അഖില കേരള ശാന്തി ക്ഷേമ യൂണിയന്റെ ജനറല്‍ സെക്രട്ടറി എ.എസ് കൃഷ്ണന്‍ നമ്പൂതിരിയാണ് നിരാഹാര സമരം നടത്തുക. ശാന്തിക്ഷേമ യൂണിയന്റെ സമരത്തിന് യോഗക്ഷേമസഭ പത്തനംതിട്ട ജില്ലാ ഉപസഭ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലെ പൂജാ കാര്യങ്ങള്‍ മുടക്കുവരുത്തി എന്നാരോപിച്ചാണ് യദുകൃഷ്ണനെതിരെ യോഗക്ഷേമ സഭ രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞദിവസം ക്ഷേത്രത്തില്‍ പൂജ മുടങ്ങിയെന്നാരോപിച്ചാണ് ശാന്തി യൂണിയന്‍ യദുവിനെതിരെ രംഗത്തുവന്നത്.


Also Read: ‘ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെക്കുറിച്ച് സംവാദത്തിനു തയ്യാര്‍’; പാര്‍ട്ടികള്‍ക്കുള്ള ധനസഹായം മാത്രം ചര്‍ച്ചയാക്കിയാല്‍ പോരെന്ന് പ്രധാനമന്ത്രി


എന്നാല്‍ താന്‍ ലീവ് എഴുതികൊടുത്ത് പകരം പൂജാരിയെ ഏര്‍പ്പെടുത്തിയശേഷമാണ് ക്ഷേത്രത്തില്‍ നിന്നും പോയതെന്നും അച്ഛന്‍ അപകടത്തില്‍പ്പെട്ടതിനാല്‍ ആ പൂജാരിക്ക് ക്ഷേത്രത്തില്‍ എത്താന്‍ കഴിയാത്തതിനാല്‍ നട തുറക്കാന്‍ അല്‍പം വൈകുക മാത്രമാണ് ഉണ്ടായതെന്നുമാണ് യദു പറയുന്നത്.

തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് തിരുവല്ല ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിനുമുമ്പില്‍ സമരം ആരംഭിക്കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

സംഘപരിവാറിനൊപ്പം നില്‍ക്കുന്ന സംഘടനയാണ് നമ്പൂതിരി സമുദായ സംഘടനയായ യോഗക്ഷേമസഭ. സംഘപരിവാര്‍ സംസ്ഥാന തലത്തില്‍ ദളിതരെ പ്രീണിപ്പിക്കുന്നതിനായി പൂജാരി നിയമനത്തെ അനുകൂലിച്ചപ്പോഴും ദേശീയതലത്തില്‍ ചില സംഘപരിവാര്‍ സംഘടനകള്‍ നിയമനത്തിനെതിരെ രംഗത്തുവന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മധ്യപ്രദേശിലെ പരശുരാമ സേന എന്ന സംഘടന പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.

കോടിക്കണക്കിന് ബ്രാഹ്മണരുടെ ഉപജീവനമാര്‍ഗം തടസപ്പെടുമെന്നും സംസ്‌കാരത്തിന് കളങ്കമുണ്ടാകുമെന്നും പറഞ്ഞായിരുന്നു ഇവര്‍ നിയമനത്തിനെതിരെ രംഗത്തുവന്നത്.

Latest Stories

We use cookies to give you the best possible experience. Learn more