| Wednesday, 31st May 2023, 11:52 pm

മനുഷ്യക്കടത്ത് ആരോപിച്ച് ശിക്ഷിക്കപ്പെട്ട 777 പേരെ മോചിപ്പിച്ച് ഹംഗറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബുഡാപെസ്റ്റ്: മനുഷ്യ കടത്ത് നടത്തിയെന്നാരോപിച്ച് ശിക്ഷിക്കപ്പെട്ട 777 വിദേശികളെ മോചിപ്പിച്ച് ഹംഗറി. സെര്‍ബിയ, ഉക്രൈന്‍, റൊമാനിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് കൂടുതലായും മോചിപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് ജയില്‍ മേധാവിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

മനുഷ്യക്കടത്ത് നടത്തിയതിന് ശിക്ഷിക്കപ്പെട്ട വിദേശ പൗരന്മാരെ മോചിപ്പിക്കാന്‍ അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ ഏപ്രിലില്‍ ഉത്തരവിറക്കിയിരുന്നു. മോചിതരായതിന് ശേഷം 72 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന നിബന്ധനയോടെയാണ് ഉത്തരവിറക്കിയത്.

ഹംഗറിയില്‍ ജയിലില്‍ തടവുകാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഹംഗറിയുടെ ഈ നീക്കത്തിനെതിരെ അയല്‍രാജ്യമായ
ഓസ്ട്രിയയും എതിര്‍പ്പ് അറിയിച്ചെത്തിയിരുന്നു. മനുഷ്യക്കടത്തിന് ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിക്കുന്നത് സുരക്ഷാ ഭീഷണിയായി കണക്കാകുന്നതായി വിയന്നയും പറഞ്ഞു.

മനുഷ്യക്കടത്തിന് ശിക്ഷിക്കപ്പെട്ട 2636 പേര്‍ ഹംഗറിയന്‍ ജയിലിലുണ്ടെന്നും ഇതിലെ 808 പേര്‍ വിദേശ പൗരന്മാരാണെന്നും ജയില്‍ മേധാവി അറിയിച്ചു. വിദേശ പൗരന്മാരെ തടവിലാക്കുന്നതിലൂടെ ഹംഗേറിയന്‍ ജയിലുകള്‍ക്ക് ഓരോ വര്‍ഷവും ബില്യണ്‍ ഫോറിന്റ്‌സ് ചെലവാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോചിതരായവര്‍ 72 മണിക്കൂറിനകം ഹംഗറി വിട്ട് പോകാതിരിക്കുകയും പൊലീസ് പിടിയിലാകുകയും ചെയ്താല്‍ ശിക്ഷയുടെ മുഴുവന്‍ കാലാവധിയും അവര്‍ ജയിലില്‍ കഴിയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

സെര്‍ബിയയുമായുള്ള ദക്ഷിണ അതിര്‍ത്തിയില്‍ പൊലീസ് പെട്രോളിങ് അടക്കമുണ്ടായിട്ടും ഹംഗറിയിലേക്ക് കുടിയേറുന്നവരുടെ എണ്ണം കൂടുതലാണ്. ഹംഗറിയില്‍ എത്തിക്കഴിഞ്ഞാല്‍, കുടിയേറ്റക്കാര്‍ക്ക് ഓസ്ട്രിയ, ജര്‍മ്മനി പോലുള്ള പടിഞ്ഞാറന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പോകാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

Contenthighlight: hungary frees Human trafficking accused

Latest Stories

We use cookies to give you the best possible experience. Learn more