| Wednesday, 23rd September 2015, 12:22 pm

ഇല്ല, അഭയമില്ല; അഭയാര്‍ത്ഥികള്‍ക്കെതിരായ നിലപാട് കടുപ്പിച്ച് ഹംഗറിയും കൂട്ടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫോട്ടോ : റോയിട്ടേഴ്‌സ്‌

ബ്രസ്സല്‍സ്, ബെല്‍ജിയം: അഭയാര്‍ത്ഥി പ്രശ്‌നത്തിനു പരിഹാരം കാണാനായി ബ്രസ്സല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ചര്‍ച്ചയില്‍ ഹംഗറിയടക്കമുള്ള രാജ്യങ്ങള്‍ അഭയാര്‍ത്ഥികള്‍ക്കെതിരായ നിലപാട് കടുപ്പിച്ചു. സിറിയയില്‍ നിന്നടക്കമുള്ള അഭയാര്‍ത്ഥികളെ പങ്കിട്ടെടുക്കാമെന്ന നിര്‍ദ്ദേശത്തിനെതിരെ ഹംഗറി, റൊമാനിയ, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നീ രാജ്യങ്ങള്‍ വോട്ടു രേഖപ്പെടുത്തി.

അതേസമയം അഭയാര്‍ത്ഥികളെ പങ്കിട്ടെട്ടുത്തുകൊണ്ട് പുനരധിവസിപ്പിക്കാനുള്ള തീരുമാനം ഭൂരിപക്ഷരാജ്യങ്ങളും പിന്തുണച്ചതോടെ അംഗീകരിക്കപ്പെട്ടു. ഫിന്‍ലാന്റ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുകയും മുമ്പ് എതിര്‍ത്ത പോളണ്ട്‌ തീരുമാനത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.

“ഈ തീരുമാനം എത്ര വലിയ തെറ്റായിരുന്നു എന്ന് ഭാവിയിലേ മനസിലാകൂ” തീരുമാനം അംഗീകരിച്ചതിനെ ചെക്ക് പ്രസിഡന്റ് മിലോസ് സിമന്‍ കുറ്റപ്പെടുത്തി. എന്നാല്‍ എതിര്‍ത്ത രാജ്യങ്ങളും തീരുമാനം അംഗീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ലക്‌സംബര്‍ഗ് വിദേശകാര്യമന്ത്രി ജീന്‍ അസ്സെല്‍ബോണ്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇത് അംഗീകരിക്കാത്ത പക്ഷം ഈ രാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നിയമപ്രാരമുള്ള പിഴയൊടുക്കേണ്ടിവരും.

ബ്രിട്ടനും അഭയാര്‍ത്ഥികളെ പങ്കിട്ടെടുത്ത് അഭയം നല്‍കുന്നതിനെതിരെ വോട്ട് ചെയ്‌തെങ്കിലും, അവരെ സിറിയന്‍ ക്യാമ്പുകളില്‍ നിന്നും നേരിട്ട് അധിവസിപ്പിക്കാനാണ് ശ്രമം എന്നാണ് അറിയിച്ചത്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹോളണ്ടും സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വാസസ്ഥാനം കണ്ടെത്തിയാലേ പ്രശ്‌നപരിഹാരമുണ്ടാകൂ എന്നു വ്യക്തമാക്കി.

പരസ്പരം കുറ്റപ്പെടുത്തുകയല്ല, സഹകരണമാണ് വേണ്ടതെന്നായിരുന്നു രാജ്യങ്ങള്‍ക്കിടയില്‍ ഉയിര്‍ക്കൊണ്ട രാഷ്ട്രീയാന്തരത്തെ സൂചിപ്പിച്ച് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞത്.

480,000 അഭയാര്‍ത്ഥികളാണ് ഈ വര്‍ഷം മാത്രം കടല്‍ മാര്‍ഗ്ഗം യൂറോപ്പിലെത്തിയതെന്നാണ് കണക്കാക്കപ്പെടുന്നത്.

We use cookies to give you the best possible experience. Learn more