| Sunday, 26th November 2023, 4:43 pm

ഹിറ്റ്‌ലറുടെ ഭരണകാലത്തിനേക്കാള്‍ വേഗത്തില്‍ ജര്‍മനി ഇപ്പോൾ നശിക്കുന്നു: ഹംഗേറിയന്‍ പാര്‍ലമെന്ററി സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബുഡാപെസ്റ്റ്: ഹിറ്റ്‌ലറുടെ ഭരണകാലത്തിനേക്കാള്‍ അതിവേഗത്തില്‍ ജര്‍മനി സ്വയം നശിക്കുന്നതായി ഹംഗേറിയന്‍ പാര്‍ലമെന്ററി സ്പീക്കര്‍ ലാസ്ലോ കോവര്‍. ഒരു പ്രമുഖ കമ്പനിയാണെന്ന് പ്രചാരണം നടത്താമെന്നല്ലാതെ യു.എന്നിന് മറ്റൊരു പ്രാധാന്യവും ഇല്ലെന്നും ലാസ്‌ലോ കോവര്‍ പറഞ്ഞു. ഹംഗറിയയിലെ ജസ്സാപതിയില്‍ നടന്ന പരമാധികാര സംരക്ഷണ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജര്‍മനിയിലെ നിലവിലെ ഭരണത്തെയും സര്‍ക്കാരിന്റെ നിലപാടുകളെയും അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഭരണ കാലവുമായി ബന്ധപെടുത്തിയായിരുന്നു ലാസ്‌ലോ കോവാറിന്റെ പ്രസംഗം.

‘ഒരു ചുഴലിക്കാറ്റിന്റെ വേഗതയേക്കാള്‍ ജര്‍മനി സ്വയം നശിക്കുന്നു. ഒരുപക്ഷെ ഹിറ്റ്‌ലറുടെ ഭരണകാലത്തിനേക്കാള്‍ വേഗത്തില്‍. ഞങ്ങള്‍ക്ക് ജര്‍മനിയുടെ ഈ വീഴ്ച ഒരിക്കലും അംഗീകരിക്കാനും അതില്‍ സന്തോഷിക്കാനും കഴിയില്ല,’ ലാസ്‌ലോ കോവര്‍ പറഞ്ഞു.

ജര്‍മന്‍ നേതൃത്വത്തിന് പുറമെ യൂറോപ്യന്‍ യൂണിയനിലെ മുതിര്‍ന്ന എം.പിയെയും ഐക്യരാഷ്ട്ര സഭയെയും ലാസ്‌ലോ കോവര്‍ ശക്തമായി വിമര്‍ശിച്ചു. തങ്ങള്‍ ഒരു മുന്‍നിര സ്ഥാപനമാണെന്ന് പ്രചാരണം നടത്താമെന്നല്ലാതെ യാതൊരു വിധത്തിലുള്ള ഭാരവും സ്ഥാപനത്തിന്റെ ചുമലില്ലായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയനും മറ്റു കിഴക്കന്‍ യൂറോപ്യന്‍ സാറ്റലൈറ്റുകളും ഹംഗറിയും സംയുക്തമായി അംഗീകരിച്ച സുരക്ഷാ ഉടമ്പടിയായ വാക്സോ നിര്‍ദേശങ്ങളെ യൂണിയനുമായി താരതമ്യപ്പെടുത്തിയും ലാസ്‌ലോ കോവര്‍ സംസാരിച്ചു. ഉടമ്പടിക്ക് തുടക്കമായ കാലഘട്ടത്തില്‍ റഷ്യ വഹിച്ച പങ്കിന് തുല്യമായാണ് നിലവില്‍ ബെല്‍ജിയം പ്രവര്‍ത്തിക്കുന്നതെന്നും ലാസ്‌ലോ ചൂണ്ടിക്കാട്ടി.

യൂറോപ്യന്‍ യൂണിയനുമായിട്ടല്ല സ്ഥാപനത്തിന്റെ ബ്യൂറോക്രസിയുമായാണ് ഹംഗറി യുദ്ധം ചെയ്യുന്നതെന്നും നമ്മളൊരു യൂണിയനാണ് എന്ന് ചിന്തിക്കേണ്ടതുണ്ടെന്നും ലാസ്‌ലോ എം.പി വ്യക്തമാക്കി.

ഹംഗറിയിലെ യു.എസ് അംബാസിഡര്‍ ഡേവിഡ് പ്രസ്മാന്‍ ആരാണെന്നും അദ്ദേഹം എന്താണ് ചെയ്യുന്നതെന്നും തനിക്കറിയില്ലെന്ന് ലാസ്‌ലോ കോവര്‍ ആരോപിച്ചു. ഏതെങ്കിലും സമയത്ത് ആ ഒരാള്‍ പ്രത്യക്ഷപെടുമെന്നും എന്നാല്‍ അംബാസിഡറാണെങ്കില്‍ ഉത്തരവാദിത്ത ബോധത്തോടെ ഒരു പ്രവര്‍ത്തനവും അദ്ദേഹത്തില്‍ നിന്ന് ഉണ്ടാവില്ലെന്നും കോവര്‍ കുറ്റപ്പെടുത്തി.

Content Highlight: Hungarian speaker compares current German regime to Hitler’s regime

We use cookies to give you the best possible experience. Learn more