| Sunday, 19th November 2023, 4:17 pm

'യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ മിലിറ്ററി സൈക്കോസിസത്തിന്റെ ഇരകള്‍'; റഷ്യ - ഉക്രൈന്‍ സംഘര്‍ഷത്തില്‍ ഹംഗേറിയന്‍ വിദേശകാര്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബുഡാപെസ്റ്റ്: റഷ്യ – ഉക്രൈന്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ യൂറോപ്യന്‍ യൂണിയനിലെ മുതിര്‍ന്ന നേതാക്കള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മുഖം തിരിക്കുകയാണെന്ന് ഹംഗേറിയന്‍ വിദേശകാര്യ മന്ത്രി പീറ്റര്‍ സിജാര്‍ട്ടോ.

പലപ്പോഴും യുദ്ധത്തെ ഫോര്‍ട്ട് നൈറ്റ് (വീഡിയോ ഗെയിം) പോലെയാണ് നേതാക്കള്‍ വീക്ഷിക്കുന്നതെന്ന് പീറ്റര്‍ സിജാര്‍ട്ടോ പറഞ്ഞു. ജനപ്രിയ മള്‍ട്ടിപ്ലെയര്‍ വീഡിയോ ഗെയിമിനെ പരാമര്‍ശിച്ച് ബുഡാപെസ്റ്റിലെ ഒരു രാഷ്ട്രീയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിജാര്‍ട്ടോ.

മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉക്രൈനിലേക്ക് മാരകമായ ആയുധങ്ങളും സഹായങ്ങളും നല്‍കുന്നതില്‍ നിന്ന് ഹംഗറി വിട്ടുനിന്നുവെന്ന് പീറ്റര്‍ സിജാര്‍ട്ടോ പറഞ്ഞു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ സമാധാനപരമായി ഇടപെടാനാണ് ഹംഗറി ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ആയുധങ്ങള്‍ക്ക് പകരം സമാധാനമാണ് വേണ്ടതെന്ന് ഞങ്ങള്‍ക്ക് വ്യക്തമാണ്. നമ്മുടെ അതിര്‍ത്തികളിലേക്ക് ആയുധങ്ങള്‍ കൊണ്ടുവരുന്നവര്‍ യുദ്ധം നീട്ടികൊണ്ടുപോവുന്നു. തുടര്‍ച്ചയായ യുദ്ധം കൂടുതല്‍ ആളുകള്‍ മരിക്കുന്നതിനും വന്‍ നാശനഷ്ടങ്ങള്‍ക്കും കാരണമാകും,’ ഹംഗേറിയന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു.

യൂറോപ്യന്‍ രാഷ്ട്രീയത്തിലെ വരേണ്യവര്‍ഗത്തിന് പ്രായോഗികമായ സാമാന്യബുദ്ധി നഷ്ടപ്പെട്ടുവെന്നും ചില ആളുകള്‍ ഫോര്‍ട്ട്നൈറ്റിനുള്ളിലാണ് തങ്ങള്‍ നില്‍ക്കുന്നതെന്ന് ചിന്തിച്ചിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

ചില നേതാക്കള്‍ മിലിറ്ററി സൈക്കോസിസത്തിന്റെ ഇരകളാണെന്നും പ്രത്യേക കാരണങ്ങളാല്‍ ആയുധ കൈമാറ്റം സമാധാനം പുലര്‍ത്തുമെന്ന് അവര്‍ വിശ്വസിക്കുന്നുവെന്നും പീറ്റര്‍ സിജാര്‍ട്ടോ ചൂണ്ടിക്കാട്ടി.

ഉക്രൈനില്‍ അക്രമം നടത്തുന്നതിനായി റഷ്യക്ക് അനുമതി നല്‍കിയ യൂറോപ്യന്‍ യൂണിയന്റെ നടപടിയെ ഹംഗേറിയന്‍ സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു. നിലവില്‍ യൂണിയനുള്ളില്‍ നിലനില്‍ക്കുന്ന ഊര്‍ജ്ജ പ്രതിസന്ധിയും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ ചൂണ്ടിക്കാട്ടി.

Content Highlight: Hungarian Foreign Minister against European Union

We use cookies to give you the best possible experience. Learn more