ഫൈസര്‍ വാക്‌സിന്‍ ഉടനടി പ്രതിരോധശേഷി നല്‍കില്ലെന്നും അതുകൊണ്ടാണ് തൊട്ടടുത്ത ദിവസങ്ങളിലായി ചിലര്‍ക്കെങ്കിലും രോഗബാധയേറ്റതെന്നുമാണ് സൂചനകള്‍. 240 ആളുകള്‍ക്കാണ് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ് പോസിറ്റീവായതെന്ന് ചാനല്‍ 13 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫൈസര്‍ / ബയോടെക് വാക്‌സിന്‍ കൊറോണ വൈറസിനെ പെട്ടെന്ന് തന്നെ ആക്രമിക്കാന്‍ കഴിയില്ലെന്നും രോഗത്തെ തിരിച്ചറിയുന്നതിന് മരുന്നിലെ ജനിതക കോഡിന് സമയം ആവശ്യമാണെന്നും പരീക്ഷണഘട്ടത്തില്‍ തെളിഞ്ഞിരുന്നു.
യു.എസ് നിര്‍മ്മിച്ച വാക്‌സിന്റെ രണ്ട് കോഴ്‌സുകളാണ് ഒരാള്‍ എടുക്കേണ്ടത്. പഠനങ്ങള്‍ അനുസരിച്ച്, കൊവിഡ് -19 ന്റെ പ്രതിരോധശേഷി ആദ്യ കുത്തിവയ്പ്പിന് ശേഷം എട്ട് മുതല്‍ പത്ത് ദിവസം വരെ കഴിഞ്ഞാല്‍ മാത്രമാണ് പ്രതിരോധശേഷി വരുക. ക്രമേണ അത് 50 ശതമാനത്തിലെത്തും.
21 ദിവസത്തിന് ശേഷമുള്ള രണ്ടാമത്തെ കുത്തിവെപ്പ് എടുത്ത് ഒരാഴ്ച കഴിയുമ്പോഴാണ് 95 ശതമാനമുള്ള പ്രതീക്ഷിത പ്രതിരോധശേഷി കൈവരിക്കുന്നത്.
വാക്‌സിന്‍ അതിന്റെ പൂര്‍ണ്ണ ശേഷിയില്‍ ആണെങ്കില്‍പ്പോലും, രോഗബാധിതരാകാന്‍ അഞ്ച് ശതമാനം സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്.
വാക്സിന്‍ ആദ്യ ഷോട്ട് നല്‍കിയതിന് ശേഷമുള്ള മാസത്തില്‍ ജാഗ്രത പാലിക്കണമെന്നും എല്ലാ കൊവിഡ് -19 മുന്‍കരുതലുകളും നന്നായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നുണ്ട്.
ഇതിനകം ഒരു ദശലക്ഷത്തിലധികം ആളുകള്‍ അല്ലെങ്കില്‍ ഏകദേശം 12 ശതമാനം ആളുകള്‍ക്ക് ഫൈസര്‍ / ബയോടെക് വാക്‌സിന്‍ എടുത്തിട്ടുണ്ട്.
ഫൈസര്‍-ബയോടെക് നിര്‍മിച്ച കൊവിഡ് വാക്സിന്‍ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. സംഘടന സാധുത നല്‍കുന്ന ആദ്യത്തെ വാക്സിനാണ് ഫൈസറിന്റേത്.
കൊവിഡ് വാക്സിന്റെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ചുള്ള വിശദമായ അവലോകനത്തിന് ശേഷമാണ് ഫൈസര്‍ വാക്സിന് സംഘടന അടിയന്തരമായി സാധുത നല്‍കിയത്.
വാക്സിന് സാധുത നല്‍കാന്‍ സംഘടന മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ ഫൈസര്‍-ബയോണ്‍ടെക് പാലിച്ചിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കി.
ലോകാരോഗ്യസംഘടന സാധുത നല്‍കുന്നതോടെ വിവിധ രാഷ്ട്രങ്ങളും വാക്സിന് വേഗത്തില്‍ അനുമതി നല്‍കിയേക്കും. നേരത്തെ ബ്രിട്ടണ്‍ ഫൈസര്‍ വാക്സിന് അനുമതി നല്‍കിയിരുന്നു.
ലോകത്ത് എല്ലായിടത്തും മതിയായ അളവില്‍ കോവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ ആഗോളതലത്തിലുള്ള ശ്രമങ്ങള്‍ ഉറപ്പാക്കണമെന്ന് ലോകാരോഗ്യസംഘടനാ പ്രതിനിധി മാരിയംഗേല സിമാവോ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക