ഐസ്വാള്‍: 19,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് തുക അതിവേഗത്തില്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് മിസോറാമില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. സംസ്ഥാനത്തിനകത്തും പുറത്തും പഠിക്കുന്ന 19,495 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക കാലതാമസം വരുത്താതെ വിതരണം ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
മിസോറം തലസ്ഥാനമായ ഐസ്വാളിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ദവ്പുയ് വെങ്താറിലെ സ്‌കോളര്‍ഷിപ്പ് ബോര്‍ഡ് ഓഫീസിന് മുന്നിലാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. അപെക്സ് വിദ്യാര്‍ത്ഥി സംഘടനയായ മിസോ സിര്‍ലായ് പൗളിന്റെ (എം.സെഡ്.പി) നേതൃത്വത്തില്‍ വിദ്യാത്ഥികളും രക്ഷിതാക്കളും കുത്തിയിരിപ്പ് സമരം നടത്തി.
ഉദ്യോഗസ്ഥര്‍ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാത്തതിനാലാണ് സ്‌കോളര്‍ഷിപ്പ് വിതരണം വൈകുന്നതെന്ന് എം.സെഡ്.പി പ്രസിഡന്റ് എച്ച് ലാല്‍ത്തിയാങ്ലിമ ആരോപിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി മിസോറാം സര്‍ക്കാരിന് സെപ്റ്റംബര്‍ 25ന് കേന്ദ്രത്തില്‍ നിന്ന് 17.87 കോടി രൂപ ലഭിച്ചതായി ലാല്‍ത്തിയാങ്ലിമ പ്രതിഷേധ സദസില്‍ സൂചിപ്പിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പണം നല്‍കുന്നതിന് ഉദ്യോഗസ്ഥര്‍ യഥാസമയം നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
സ്‌കോളര്‍ഷിപ്പ് ഫണ്ട് ഉടന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സി.ഇ.ഒ) മധുപ് വ്യാസിനെ സമീപിക്കുകയും തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതുകയും ചെയ്തു.
നടപടി വൈകുന്നതിന് അനുസരിച്ച് സ്‌കോളര്‍ഷിപ്പ് ബോര്‍ഡ് ഉദ്യോഗസ്ഥരെ ഓഫീസില്‍ തടയുമെന്നും സര്‍ക്കാരിനെതിരെയുള്ള സമരം ശക്തമാക്കുമെന്നും എം.സെഡ്.പി മാധ്യമങ്ങളോട് പറഞ്ഞു.