അന്ന് ചുവന്ന സഞ്ചി വീശി രക്ഷിച്ചത് നൂറുകണക്കിന് ആളുകളെ; ഇന്ന് 8 പേരിലൂടെ അനുജിത്ത് ജീവിക്കും; കണ്ണീരണഞ്ഞ് ജന്മനാട്
തിരുവനന്തപുരം: കൊല്ലം സ്വദേശിയായ അനുജിത്തിന്റെ ഹൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് പറന്നിറങ്ങിയപ്പോള്‍ അനുജിത്തിന്റെ ജന്മനാട് കണ്ണിരിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നുറ് കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച അനുജിത്ത് ഓര്‍മയാകുമ്പോള്‍ 8 പേരിലൂടെ അനുജിത്ത് ഇനി ജീവിക്കും
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശി അപകട സൂചന നല്‍കി നൂറ് കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച അനുജിത്തിന്റെയും സുഹൃത്തുക്കളുടെയും വാര്‍ത്ത് അന്ന മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.
ചന്ദനത്തോപ്പ് ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥിയായിരുന്ന അനുജിത്തും സുഹൃത്തുക്കളും കൃത്യസമയത്ത് ഇടപ്പെട്ടതോടെ നൂറുകണക്കിന് യാത്രക്കാരുമായി എത്തിയ ട്രെയിന്‍ കൃത്യസമയത്ത് നിര്‍ത്താനായതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞു.
ഇപ്പോള്‍ മസ്തിഷ്‌ക മരണം സംഭവിച്ച് അനുജിത്ത് ഓര്‍മ്മയാകുമ്പോള്‍ 8 പേരിലൂടെയാണ് ഇനി അനുജിത്ത് ജീവിക്കുന്നത്.അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനുജിത്ത് മസ്തിഷക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. അതിന് ഒരാഴ്ച മുമ്പ് കൊല്ലത്തുവെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു അനുജിത്ത്. ആദ്യം മെഡിക്കല്‍ കോളേജിലും പിന്നീട് കിംസ് ആശുപത്രിയിലും ചികിത്സതേടിയെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്നാണ് ഭാര്യ പ്രിന്‍സിയും സഹോദരി അജല്യയും അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ചത്.
ഹൃദയം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിക്കാണ് നല്‍കുന്നത്. അനുജിത്തിന്റെ മറ്റ് അവയവങ്ങളും ദാനംചെയ്യാന്‍ ബന്ധുക്കള്‍ സമ്മതം അറിയിച്ചിട്ടുണ്ട്. വൃക്കകള്‍, 2 കണ്ണുകള്‍, ചെറുകുടല്‍, കൈകള്‍ എന്നിവയാണ് മറ്റുള്ളവര്‍ക്കായി നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിക്ക് നല്‍കും.