| Thursday, 5th May 2022, 7:39 pm

ഇസ്രഈല്‍ സേനക്കൊപ്പം അല്‍ അഖ്‌സ പള്ളിയിലേക്ക് ഇരച്ചെത്തി അധിനിവേശകര്‍; ഇസ്രഈലിന്റെ കൊടി നാട്ടി; പള്ളിയിലേക്ക് കയറാനനുവദിക്കാതെ മുസ്‌ലിങ്ങളെ മര്‍ദിച്ചതായും റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്സ പള്ളിയിലേക്ക് ഇരച്ചെത്തി നൂറുകണക്കിന് ഇസ്രഈലി സെറ്റിലേഴ്‌സ്. ഇസ്രഈല്‍ സുരക്ഷാ സേനയുടെ അകമ്പടിയോടെയാണ് ഇവര്‍ പള്ളിയിലേക്കെത്തിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

പള്ളിയുടെ പടിഞ്ഞാറന്‍ വശത്തുള്ള മൊറോക്കന്‍ ഗേറ്റ് വഴിയായിരുന്നു അധിനിവേശക്കാര്‍ പള്ളിക്ക് സമീപത്തെത്തിയത്. പിന്നീട് ഇവര്‍ പള്ളിക്ക് സമീപം പ്രാര്‍ത്ഥിക്കുകയും ഇസ്രഈലിന്റെ കൊടി നാട്ടുകയും ചെയ്തു.

ഇസ്രഈലിന്റെ മെമ്മോറിയല്‍ ദിനം ആഘോഷിക്കാനാണ് സൈന്യത്തിന്റെ പിന്തുണയോടെ അധിനിവേശകര്‍ പള്ളിയിലേക്ക് ഇരച്ചെത്തിയതെന്ന് ഫലസ്തീനിയന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തത്.

സന്ധ്യാ സമയത്ത് എത്തിയ മുസ്‌ലിങ്ങളെ ഇസ്രഈലി സുരക്ഷാ സേന പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞതായും ചിലരെ സേന മര്‍ദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഈസ്റ്റ് ജെറുസലേം, വെസ്റ്റ് ബാങ്ക് അധിനിവേശങ്ങള്‍ ആരംഭിച്ചത് മുതല്‍ ഇസ്രഈല്‍ അധികൃതരുടെ കീഴിലാണ് അല്‍ അഖ്‌സ പള്ളി സ്ഥിതി ചെയ്യുന്ന പ്രദേശം.

അല്‍-അഖ്സ പള്ളിയുടെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന, ഫലസ്തീന്‍ പൗരന്മാരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അല്‍-യൂസുഫിയ ശ്മശാനം പൊളിച്ചുമാറ്റി പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് ഇസ്രഈലി അതോറിറ്റി.

നീക്കത്തിനെതിരെ ഫലസ്തീന്‍ പൗരന്മാര്‍ ശക്തമായ പ്രതിഷേധത്തിലാണ്.

2022 പകുതിയോടു കൂടി ജൂതര്‍ക്ക് വേണ്ടി 1.4 ഏക്കര്‍ വ്യാപിച്ച് കിടക്കുന്ന നാഷനല്‍ പാര്‍ക്ക് സ്ഥാപിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. ശ്മശാനത്തെ മൂടുന്ന രീതിയിലായിരിക്കും പാര്‍ക്ക് വരിക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Hundreds of Israeli settlers storm al-Aqsa Mosque and raised Israeli flag

We use cookies to give you the best possible experience. Learn more