| Friday, 3rd May 2019, 10:38 am

ജയ്പ്പൂരില്‍ മോദിയുടെ പരിപാടിക്ക് വേദിയൊരുക്കിയത് 300 വീടുകള്‍ തകര്‍ത്ത്; പ്രദേശവാസികള്‍ക്ക് ക്രൂരമര്‍ദ്ദനവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്ക് വേദിയൊരുക്കിയത് മുന്നൂറോളം വീടുകള്‍. ജയ്പ്പൂരിലെ മാനസരോവറിലെ ഒരു ചേരിയാണ് മോദിയുടെ പരിപാടിക്ക് വേദിയൊരുക്കുന്നതിന് പൊളിച്ചുമാറ്റിയത്.

ദ വയറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെയ് ഒന്നിനായിരുന്നു മോദിയുടെ പരിപാടി നടന്നത്. ഇതിന് മുന്നോടിയായി കഴിഞ്ഞ ഞായറാഴ്ച ചേരി പൊളിച്ചുമാറ്റാന്‍ പൊലീസ് ബുള്‍ഡോസറുകളുമായി രംഗത്തെത്തുകയായിരുന്നു.

വീട് ഒഴിഞ്ഞുപോകാന്‍ എതാനും സമയം മാത്രമായിരുന്നു ആളുകള്‍ക്ക് നല്‍കിയിരുന്നത്. അവശ്യസാധനങ്ങള്‍ പോലും എടുത്തുമാറ്റാന്‍ കഴിഞ്ഞില്ലെന്ന് ചേരിയില്‍ താമസിച്ചിരുന്നവര്‍ പറഞ്ഞു. പൊലീസ് തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും ആളുകള്‍ പറഞ്ഞു.

തങ്ങളുടെ വസ്തുക്കള്‍ സൂക്ഷിക്കാന്‍ സ്ഥലം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ് ചേരിയില്‍ നിന്ന് കുടിയൊഴിപ്പിക്കപെട്ടവര്‍. അധികാരികള്‍ക്ക് തങ്ങളുടെ വീടുകള്‍ തകര്‍ക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. പക്ഷേ വീണ്ടും ഒരു വീട് പണിയുക എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യമാണ്. ചെറിയ തുണി കൊണ്ട് കൂടാരം ഉണ്ടാക്കാന്‍ പോലും 500 രൂപ ചെലവാണ്. അതു പോലും കണ്ടെത്താന്‍ ഞങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. വീടുകള്‍ പൊളിച്ചതിനെ കുറിച്ച് പ്രദേശവാസിയായ ഒരാള്‍ പറഞ്ഞു.

റാലിയുടെ അന്ന് വേദിയില്‍ എവിടെയെങ്കിലും കാണരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നെന്നും അങ്ങിനെ സംഭവിച്ചാല്‍ ഉള്ള സാധനങ്ങള്‍ പോലും തകര്‍ക്കുമെന്നും അവര്‍ പറഞ്ഞെന്നും ഇവര്‍ വെളിപ്പെടുത്തി.

നിലവില്‍ റോഡ് സൈഡില്‍ സാധനങ്ങള്‍ എല്ലാം അടക്കി വെച്ചിരിക്കുകയാണ്. അതേസമയം ഒറ്റവീടുകള്‍ പോലും തങ്ങള്‍ തകര്‍ത്തിട്ടില്ലെന്നും സുരക്ഷയുടെ പേരില്‍ ചിലരെ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ജയ്പ്പൂര്‍ സൗത്ത് പൊലീസ് മേധാവി യോഗേഷ് ദാദിച്ച് പറയുന്നത്.

ചിത്രം കടപ്പാട് വയര്‍

DoolNews Video

We use cookies to give you the best possible experience. Learn more