അധികൃതരില്‍ നിന്ന് സഹായം ലഭിക്കുന്നില്ല; ഖത്തറിലെ അമേരിക്കന്‍ അഭയാര്‍ത്ഥി ക്യാംപില്‍ തിങ്ങിപ്പാര്‍ത്ത് സ്ത്രീകളടക്കമുള്ള അഫ്ഗാനികള്‍; വീഡിയോ
World
അധികൃതരില്‍ നിന്ന് സഹായം ലഭിക്കുന്നില്ല; ഖത്തറിലെ അമേരിക്കന്‍ അഭയാര്‍ത്ഥി ക്യാംപില്‍ തിങ്ങിപ്പാര്‍ത്ത് സ്ത്രീകളടക്കമുള്ള അഫ്ഗാനികള്‍; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th August 2021, 12:13 pm

 

കാബൂള്‍: താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് പിന്നാലെ അവിടത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വെളിപ്പെടുത്തുന്ന നിരവധി വാര്‍ത്തകളും ചിത്രങ്ങളും ദിവസവും പുറത്തു വരുന്നുണ്ട്.

ഇപ്പോള്‍ ഖത്തറിലെ അമേരിക്കന്‍ അഭയാര്‍ത്ഥി ക്യാംപില്‍ നൂറുകണകണക്കിന് അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്നതിന്റെ ഒരു വീഡിയോ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയായ അസ്വക പുറത്തുവിട്ട വീഡിയോയിലാണ് ഒരു ശുചിമുറി മാത്രമുള്ള ഖത്തറിലെ അമേരിക്കന്‍ എയര്‍ബേസ് ക്യാംപില്‍ സ്ത്രീകളടക്കമുള്ള അഫ്ഗാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ദൃശ്യങ്ങളുള്ളത്.

ഖത്തറിലെ ചൂടേറിയ കാലാവസ്ഥയിലും എ.സി പോലുമില്ലാത്ത സ്ഥലത്താണ് ഇവര്‍ ക്യാംപ് ചെയ്തിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ഇവര്‍ തന്നെ ഏജന്‍സിയോട് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. മറ്റ് രീതിയിലുള്ള സഹായങ്ങളും അവര്‍ക്ക് അധികൃതരില്‍ നിന്നും ലഭിക്കുന്നില്ല.

ആയിരക്കണക്കിന് വരുന്ന അഫ്ഗാനികളാണ് താലിബാന്‍ രാജ്യം കീഴടക്കിയതിന് പിന്നാലെ അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തില്‍ നിന്നും ആളുകള്‍ വീണുമരിച്ച ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ‘അമേരിക്കന്‍ നിയന്ത്രണത്തിലുള്ള എയര്‍ലിഫ്റ്റുകളില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കും അഫ്ഗാനിസ്ഥാനില്‍ നിന്നും സുരക്ഷിത യാത്ര ഉറപ്പുവരുത്തും’ എന്നാണ് സള്ളിവാന്‍ പറഞ്ഞത്.

13 വിമാനങ്ങളിലായി ചൊവ്വാഴ്ച 1100 അമേരിക്കക്കാരെ കാബൂള്‍ വിമാനത്താവളം വഴി രക്ഷപ്പെടുത്തിയതായും വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ രക്ഷപ്പെടുത്തുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.

20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയാണ് താലിബാന്‍ രാജ്യത്ത് ആക്രമണം ശക്തമാക്കിയതും ദിവസങ്ങള്‍ക്കുള്ളില്‍ അഫ്ഗാന്‍ പിടിച്ചെടുത്തതും.

രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റിയിരുന്നു. ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്. താലിബാന്‍ അഫ്ഗാന്‍ കയ്യടക്കിയതിന് പിന്നാലെ ഏതു വിധേനയും രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് സാധാരണക്കാരായ അഫ്ഗാന്‍ പൗരന്മാര്‍.

Content Highlight: Hundreds of Afghan refugees packed in Qatar camp with one toilet, no facilities