48 മണിക്കൂറിനുള്ളില്‍ രാജിവെക്കണം; മനോഹര്‍ പരീക്കറിന്റെ വസതിയിലേക്ക് പ്രതിഷേധമാര്‍ച്ചുമായി പ്രവര്‍ത്തകര്‍
national news
48 മണിക്കൂറിനുള്ളില്‍ രാജിവെക്കണം; മനോഹര്‍ പരീക്കറിന്റെ വസതിയിലേക്ക് പ്രതിഷേധമാര്‍ച്ചുമായി പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st November 2018, 10:56 am

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ സ്വകാര്യ വസതിയിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ മാര്‍ച്ച്. നൂറ് കണക്കിന് ആളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. 48 മണിക്കൂറിനുള്ളില്‍ പരീക്കര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. ഒരു കിലോമീറ്റര്‍ ദൂരമാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

ഒരു മുഴുവന്‍ സമയ മുഖ്യമന്ത്രി വേണമെന്നും അതിനാല്‍ 48 മണിക്കൂറിനുളളില്‍ പരീക്കര്‍ രാജിവെയ്ക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ചില ഗവണ്‍മെന്റ് ഇതര സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിന് കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പരീക്കര്‍ മുഖ്യമന്ത്രി പദം ഒഴിയണമെന്ന് മാത്രമാണ് പ്രതിഷേധക്കാര്‍ ആവശ്യം ഉന്നയിക്കുന്നത്.


ഇന്ന് ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാനാവില്ല; കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റ് വാറണ്ട്


ഒമ്പത് മാസത്തിലേറിയായി പരീക്കര്‍ ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ സംസ്ഥാന ഭരണം പ്രതിസന്ധിയിലായിരുന്നുവെന്ന് അവര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ വീടിന്റെ 100 മീറ്റര്‍ അകലെ മാര്‍ച്ച് പൊലീസ് തടഞ്ഞു. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോണ്ടാകര്‍ അടക്കമുള്ള നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

ഇതിനിടെ പരീക്കറുടെ ആരോഗ്യ സ്ഥിതി ഭദ്രമെന്ന് ആശുപത്രി അധികൃതരുടെ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അദ്ദേഹം മെച്ചപ്പെട്ട ആരോഗ്യാവസ്ഥയിലേക്ക് തിരികെ എത്തുകയാണെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പാന്‍ക്രിയാറ്റിക് രോഗം ബാധിച്ച് ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു മനോഹര്‍ പരീക്കര്‍. ഇവിടെ നിന്ന് ഡിസ്ചാര്‍ജ്ജ് ആയതിന് ശേഷം സ്വകാര്യ വസതിയില്‍ വിശ്രമത്തിലാണ് അദ്ദേഹം.