| Sunday, 6th February 2022, 3:50 pm

ജോര്‍ജ് ഫ്‌ളോയിഡിന് ശേഷം ആമിര്‍ ലോക്ക്; യുവാവിന്റെ കൊലപാതകത്തില്‍ മിനിയപൊലിസില്‍ പ്രതിഷേധം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മിനിയപൊലിസ്: കറുത്ത വംശജനായ യുവാവിനെ പൊലീസ് വെടിവെച്ച് കൊന്നതില്‍ അമേരിക്കന്‍ നഗരമായ മിനിയപൊലിസില്‍ പ്രതിഷേധം ശക്തം.

നൂറുകണക്കിന് പ്രതിഷേധക്കാരാണ് യുവാവിന് നീതി ആവശ്യപ്പെട്ട് കഴിഞ്ഞദിവസം നഗരവീഥികളിലിറങ്ങി പ്രതിഷേധിച്ചത്.

ആമിര്‍ ലോക്ക് എന്ന 22കാരനായ യുവാവാണ് മൂന്ന് ദിവസം മുമ്പ് പൊലീസ് റെയ്ഡിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ മിനിയപൊലിസ് പൊലീസ് തന്നെ പുറത്തുവിട്ടിരുന്നു. വീഡിയോയില്‍ ആമിറിന്റെ കയ്യില്‍ തോക്കുള്ളതായും കാണാമായിരുന്നു.

മുന്നറിയിപ്പൊന്നുമില്ലാതെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പൊലീസ് നടത്തിയ റെയ്ഡിലാണ് യുവാവിന് വെടിയേല്‍ക്കുന്നതും കൊല്ലപ്പെടുന്നതും.

ആമിറിന് നീതി ആവശ്യപ്പെട്ട് സമാധാനപരമായാണ് സമരക്കാര്‍ പ്രതിഷേധിക്കുന്നത്. ‘മിനിയപൊലിസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആമിറിനെ കൊന്നു’, ‘നോ ജസ്റ്റിസ്, നോ പീസ്’ എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡകളുമേന്തിയാണ് പ്രതിഷേധം.

മുന്നറിയിപ്പ് കൂടാതെ സ്വകാര്യ പ്രോപ്പര്‍ട്ടിയില്‍ തിരച്ചില്‍ നടത്താന്‍ പൊലീസിന് അധികാരം കൊടുക്കുന്ന സെര്‍ച്ച് വാറന്റ് കയ്യിലുണ്ടായിരുന്നെന്നും ഇതിനെത്തുടര്‍ന്നാണ് ആമിറിന്റെ അപ്പാര്‍ട്ട്‌മെന്റ് റെയ്ഡ് ചെയ്തതെന്നുമാണ് പൊലീസ് വാദം.

ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടതായിരുന്നു സെര്‍ച്ച് വാറന്റ്. എന്നാല്‍ വാറന്റില്‍ ആമിറിന്റെ പേര് ഇല്ല എന്നാണ് റിപ്പോര്‍ട്ട്.

തോക്ക് കൈവശം വെക്കുന്നതിനുള്ള നിയമപരമായ അനുമതി ആമിറിന് ഉണ്ടായിരുന്നെന്നും ഇദ്ദേഹത്തിന് ഒരു ക്രിമിനല്‍ ഹിസ്റ്ററിയുമില്ല എന്നുമാണ് ആമിറിന്റെ കുടുംബത്തിന്റെ അഭിഭാഷകരും പ്രതിഷേധക്കാരായ ആക്ടിവിസ്റ്റുകളും പറയുന്നത്.

2020ല്‍ പൊലീസ് അക്രമത്തില്‍ കൊല്ലപ്പെട്ട കറുത്ത വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തെ ഓര്‍മിപ്പിക്കുന്നതാണ് ആമിറിന്റെ മരണവും എന്നതാണ് ഇപ്പോള്‍ പ്രതിഷേധം ശക്തമാവാന്‍ പ്രധാന കാരണം.

2020 മെയ് 25നായിരുന്നു ജോര്‍ജ് ഫ്‌ളോയിഡിനെ മിനിയപൊലിസിലെ വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണം ലോകവ്യാപകമായി പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ചും ജോര്‍ജ് ഫ്‌ളോയിഡിനും കുടുംബത്തിനും നീതി ആവശ്യപ്പെട്ടും പതിനായിരക്കണക്കിന് ജനങ്ങളായിരുന്നു അമേരിക്കന്‍ നഗരങ്ങളില്‍ ദിവസങ്ങളോളം പ്രതിഷേധിച്ചത്. രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നിനായിരുന്നു ഫ്‌ളോയിഡിന്റെ മരണത്തിന് പിന്നാലെ അമേരിക്ക സാക്ഷ്യം വഹിച്ചത്.


Content Highlight: Hundreds in Minneapolis protest against the killing of black man, Amir Locke, during police raid

We use cookies to give you the best possible experience. Learn more