| Tuesday, 5th December 2023, 11:35 am

ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണം; ജന്തര്‍മന്തറില്‍ നൂറുകണക്കിനാളുകളുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദളിത് ജനതയുടെ അവകാശങ്ങളും സാമൂഹിക നീതിയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറിന് മുന്നില്‍ പ്രതിഷേധം. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം, ബോണ്ടഡ് ലേബര്‍ ആക്ട്, ദലിതര്‍ക്കായുള്ള മറ്റു നിയമങ്ങള്‍ എന്നിവ ശരിയായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നൂറു കണക്കിന് ആളുകള്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുകയും ജന്തര്‍മന്തറിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തത്.

1989ലെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം, 1976ലെ ലേബര്‍ സിസ്റ്റം (നിര്‍ത്തല്‍), നിയമം എന്നിവ കര്‍ശനമായി നടപ്പാക്കുക, ഭൂരഹിതര്‍ക്കിടയില്‍ ഭൂമി വിതരണം ചെയ്യുക, പൊതുമേഖലയുടെയും വിദ്യാഭ്യാസ ആരോഗ്യ സേവനങ്ങളുടെയും സ്വകാര്യവത്കരണം അവസാനിപ്പിക്കുക, 600 രൂപ ദിവസേന വേതനം ഉറപ്പാക്കുക, ദളിത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങളില്‍ കടുത്ത ശിക്ഷ നടപ്പാക്കുക എന്നിവയാണ് രാഷ്ട്രപതിയെ അഭിസംബോധന ചെയ്ത്, 60 ലക്ഷത്തിലധികം ആളുകള്‍ ഒപ്പിട്ട പട്ടികയിലെ ആവശ്യങ്ങള്‍.

ദളിതരോട് സര്‍ക്കാര്‍ കാണിക്കുന്ന അതിക്രമങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കുകയാണ് പരിപാടിയുടെ അജണ്ട എന്ന് ഓള്‍ ഇന്ത്യ അഗ്രികള്‍ച്ചര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജോയിന്‍ സെക്രട്ടറി വിക്രം സിങ് പറഞ്ഞു.ദളിത് സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്ന കുറ്റവാളികള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍, ബോണ്ട് ലേബര്‍ ആക്ട്, തുടങ്ങിയ നിയമങ്ങള്‍ ശരിയായ നടപ്പാക്കണം. നിര്‍ബന്ധിത തോട്ടിപ്പണി നിര്‍ത്തലാക്കിയിട്ടുണ്ടങ്കിലും ഇപ്പോഴും തുടരുകയാണ് കേരളത്തിന് ഇത് നിര്‍ത്തലാക്കാമെങ്കില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കെന്തുകൊണ്ട് ആയിക്കൂടാ?’ മുന്‍ എം.പി സുഭാഷിണി അലി പറഞ്ഞു.

സി.പി.ഐ.എം. പിന്തുണയുള്ള അഖിലേന്ത്യ കര്‍ഷക തൊഴിലാളി യൂണിയന്റെ കൊടികളും ബാനറുകളും പിടിച്ചാണ് റാലിയില്‍ ഭൂരിഭാഗം പേരും പങ്കെടുത്തത്. എ. വിജയരാഘവന്‍, എന്‍. പെരിയ സ്വാമി, എ.രാമമൂര്‍ത്തി ശ്രീരാം ചൗധരി, ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം എന്നിവര്‍ ഉള്‍പ്പെടെ നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.

content highkight : Hundreds gather at Jantar Mantar to protest against atrocities on Dalits

We use cookies to give you the best possible experience. Learn more