1920 ഒക്ടോബര്‍ 17 നാണ് താഷ്‌കന്റില്‍ വെച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഔദ്യോഗികമായി രൂപം കൊള്ളുന്നത്. സംഭവ ബഹുലവും സുദീര്‍ഘവും സമ്പന്നവുമായ ചരിത്രമുള്ള ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം നൂറ് വര്‍ഷം പിന്നിടുകയാണ്. സാമ്രാജ്യത്വത്തിനും കോളനിവത്കരണത്തിനുമെതിരായ ഇന്ത്യന്‍ ജനതയുടെ ജനാധിപത്യ സമരങ്ങളില്‍ നിന്നാവിര്‍ഭവിച്ച് തൊഴിലാളി വര്‍ഗ സമരങ്ങളിലൂടെയും കര്‍ഷക കലാപങ്ങളിലൂടെയും ശക്തി പ്രാപിച്ച് പൊതുജനാധിപത്യ സമരങ്ങളുടെയും സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയുമെല്ലാം ഭാഗമായി മാറിയ ഇന്ത്യന്‍ കമ്യൂണിസം പല കാലങ്ങളിലായി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ രൂപം നല്‍കിയത് ഇരുനൂറോളം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാണ്. പ്രത്യയശാസ്ത്രപരമായ ഭിന്നതകളാല്‍ വിഘടിച്ചും പുതിയ ആശയങ്ങള്‍ക്ക് രൂപം നല്‍കിയും ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത അടരുകളിലായി ഒരു നൂറ്റാണ്ടുകാലം സഞ്ചരിച്ച ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ചരിത്രവും വര്‍ത്തമാനവും പരിശോധിക്കുകയാണിവിടെ.
1917 ല്‍ റഷ്യയില്‍ നടന്ന ഒക്ടോബര്‍ വിപ്ലവത്തോടെയാണ് ലോകമാസകലമുള്ള തൊഴിലാളി വിഭാഗങ്ങളില്‍ രാഷ്ട്രീയമായ ഉണര്‍വുകളുണ്ടാകുന്നത്. 1919 ല്‍ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപപ്പെടുന്നതിലേക്ക് ഇത് വളര്‍ന്നു.
ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ കഴിഞ്ഞിരുന്ന ഇന്ത്യയില്‍ ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍കൈയില്‍ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ സമരങ്ങള്‍ നടന്ന കാലം കൂടിയായിരുന്നു അത്. റൗളത്ത് ആക്ടിനെതിരായ സമരങ്ങളിലൂടെ മഹാത്മാ ഗാന്ധി അഖിലേന്ത്യാ രാഷ്ട്രീയത്തിലേക്ക് സജീവമായി കടന്നുവരുന്ന ഘട്ടം. അമൃത്സറിലെ ജാലിയന്‍ വാലാബാഗില്‍ അക്കാലത്ത് നടന്ന പ്രതിഷേധത്തിന് നേരെ ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയും നാന്നൂറിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്ത ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല സംഭവം ദേശീയ വിമോചന സമരങ്ങളില്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിച്ചു.
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല സംഭവം
ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്ത് തന്നെ ദേശീയ പ്രസ്്ഥാനത്തിലെ മിതവാദികളും തീവ്രവാദികളും തമ്മില്‍ വലിയ രീതിയിലുള്ള ആശയ സംഘട്ടനങ്ങള്‍ നിലനിന്നിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ നയസമീപനങ്ങളോട് ആശയപരമായി വിയോജിപ്പുകള്‍ സൂക്ഷിച്ചിരുന്ന നിരവധി വിപ്ലവകാരികള്‍ ജാലിയന്‍ വാലാബാഗ് സംഭവത്തിന് ശേഷം കമ്യൂണിസത്തോട് കൂടുതല്‍ അടുത്തിരുന്നു. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ സംഘടിതമായ തൊഴിലാളി സമരങ്ങള്‍ നടന്ന കാലം കൂടിയായിരുന്നു അത്. സാമ്രാജ്യത്വവിരുദ്ധ സമരം അതുവഴി കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തു. 1919 ഡിസംബറില്‍ അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ എല്ലാ കോണ്‍ഗ്രസ് മെമ്പര്‍മാരോടും ട്രേഡ് യൂണിയന്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം നല്‍കുന്നത് ഇത്തരം സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ്.
കോണ്‍ഗ്രസ് സമ്മേളനത്തിന് തൊട്ടു പിന്നാലെ അമൃത്‌സറില്‍ തന്നെ അഖിലേന്ത്യാ ഖിലാഫത്ത് സമ്മേളനവും നടന്നു. ഇന്ത്യയിലെ പരമ്പരാഗത മുസ്‌ലിങ്ങള്‍ മതപരമായി അവരുടെ നേതൃസ്ഥാനത്ത് നിര്‍ത്തിയിരുന്ന തുര്‍ക്കി സുല്‍ത്താനെ ബ്രിട്ടന്‍ സ്ഥാന ഭ്രഷ്ടനാക്കിയതിനെത്തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ രൂപം കൊണ്ട ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ വ്യാപകമായി പങ്കുചേര്‍ന്നു.
പൊതു ശത്രുവിനെതിരെ ഒന്നിച്ചുനില്‍ക്കണമെന്ന നിലപാടില്‍ ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാഗതം ചെയ്തതോടെ സാമ്രാജ്യത്വ വിരുദ്ധ ബഹുജന മുന്നേറ്റം ശക്തിപ്പെടുകയും മുസ്‌ലിങ്ങള്‍ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരികയും ചെയ്തു. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ നാഷണല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനോടൊപ്പം തന്നെ തുര്‍ക്കിയിലെ പ്രക്ഷോഭങ്ങളില്‍ ചേര്‍ന്ന് പോരാടണമെന്നും ഖിലാഫത്ത് പ്രസ്ഥാനം മുസ്ലിം യുവാക്കളോട് ആഹ്വാനം ചെയ്തിരുന്നു. ഖിലാഫത്തിന് കീഴില്‍ രൂപപ്പെട്ട ഈ ഹിജ്‌റ പ്രസ്ഥാനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് മുസ്ലിങ്ങള്‍ അന്ന് അഫ്ഗാന്‍ വഴി തുര്‍ക്കിയിലേക്ക് പലായനം ചെയ്യുകയുണ്ടായി.
ഒക്ടോബര്‍ വിപ്ലവം ഇന്ത്യക്കാരിലുണ്ടാക്കിയ സ്വാധീനം വഴി കമ്യൂണിസത്തില്‍ ആകൃഷ്ടരായ ഇന്ത്യന്‍ വിപ്ലവകാരികള്‍ വ്യാപകമായി സോവിയറ്റ് യൂണിയനിലേക്ക് കുടിയേറുന്നത് ഇക്കാലത്താണ്. ഇതില്‍ മിക്കവരും ദേശീയപ്രസ്ഥാനത്തിലെ ഇടതു വിപ്ലവ പക്ഷക്കാരായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ ഖിലാഫത്തികള്‍ക്ക് സോവിയറ്റ് യൂണിയന്‍ പിന്തുണ നല്‍കിയതും ബോള്‍ഷെവിക് വിപ്ലകാരികളും ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുമായുണ്ടായി അവര്‍ പുലര്‍ത്തിയിരുന്ന ബന്ധവും കാരണം ഖിലാഫത്തികളില്‍ പലരും പിന്നീട് കമ്യൂണിസത്തില്‍ ആകൃഷ്ടരാവുകയും മാര്‍കിസ്റ്റ് ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.
കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന മെക്‌സിക്കന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗവും ഇന്ത്യന്‍ വിപ്ലവകാരിയുമായിരുന്ന എം.എന്‍ റോയി താഷ്‌കന്റിലെത്തുകയും ഇന്ത്യക്കാരായ ഖിലാഫത്തികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തത് അക്കാലത്താണ്. അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഇന്ത്യന്‍ വിപ്ലവകാരികളായ എം.എന്‍ റോയി, അബനി മുഖര്‍ജി, എം.പി.ബി.ടി ആചാര്യ, എന്നിവരും അമേരിക്കന്‍ കമ്യൂണിസ്റ്റ്കാരിയായ എവിലിന്‍ ട്രെന്‍ര് റോയി, റഷ്യന്‍ കമ്യൂണിസ്റ്റ് കാരിയായ റോസ ഫിറ്റിന്‍ഗോവ്, ഖിലാഫത്ത് പ്രസ്ഥാനത്തില്‍ നിന്നും പിന്നീട് കമ്യൂണിസറ്റുകളായി മാറിയ മുഹമ്മദ് അലി, മുഹമ്മദ് ഷഫീഖ് സിദ്ദീഖി എന്നവരും ചേര്‍ന്നാണ് 1920 ഒക്ടോബര്‍ 17 ന് താഷകന്റില്‍ വെച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി രൂപീകരിക്കുന്നത്.
എം.എന്‍ റോയി
ഏതാണ്ട് ഒരു മാസത്തിന് ശേഷം ഡിസംബര്‍ 15 ന് നടന്ന മറ്റൊരു മീറ്റിംഗില്‍ അബ്ദുല്‍ ആദര്‍ സെഹ്‌റായി, മസൂദ് അലി ഷാ ഖാസി, അക്ബര്‍ ഷാ എന്നിവരെ പാര്‍ട്ടി അംഗങ്ങളായി ഉള്‍പ്പെടുത്തുകയുണ്ടായി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തില്‍ സുപ്രധാന പങ്ക് വഹിച്ചവരില്‍ പലരും മുസ്ലിങ്ങളായിരുന്നു എന്നത് പില്‍ക്കാലത്ത് അറിയപ്പെടാതെ പോയ ചരിത്രമാണ്.
ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യയ്ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് കമ്യൂണിസ്റ്റുകളായിരുന്നു. അതിന്റെ ഭാഗമായി 1921 ല്‍ അഹമ്മദാബാദില്‍ നടന്ന കോണ്‍ഗ്രസിന്റെ ദേശീയ സമ്മേളനത്തിലെക്ക് എം.എന്‍ റോയി, അബനി മുഖര്‍ജി എന്നിവര്‍ ഒപ്പുവെച്ച പരിപൂര്‍ണ സ്വാതന്ത്യം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം സമര്‍പ്പിക്കുകയുണ്ടായി. പരിപൂര്‍ണ സ്വാതന്ത്ര്യം അപ്രായോഗികമാണെന്ന് പറഞ്ഞ് ഗാന്ധിജി അത് നിരസിക്കുകയാണുണ്ടായത്. എന്നാല്‍ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ച ഹസ്‌റത്ത് മൊഹാനി പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഅംഗമായി മാറി.
അബനി മുഖര്‍ജി
1920 ല്‍ ലാലാ ലജ്പത് റായിയുടെ മുന്‍കൈയില്‍ രൂപം കൊണ്ട അഖിലേന്ത്യാ ട്രേഡ് യൂണിയന്റെ മുന്‍കൈയിലടക്കം ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ തൊഴിലാളികളും കര്‍ഷകരുമെല്ലാം വലിയ സമരങ്ങള്‍ അക്കാലങ്ങളില്‍ നടത്തി വന്നിരുന്നു. പര്‌സപരം ബന്ധങ്ങളൊന്നുമില്ലാതെ തന്നെ നിരവധി ചെറു കമ്യൂണിസ്റ്റ് ഗ്രൂപ്പുകളും പലയിടങ്ങളിലായി പ്രവര്‍ത്തിച്ചിരുന്നു.
കല്‍ക്കത്തയില്‍ മുസഫര്‍ അഹമ്മദിന്റെ നേതൃത്വത്തില്‍, ബോംബെയില്‍ എസ്. എ ഡാങ്കെയുടെ മുന്‍കൈയില്‍, ശിംഗാരവേലു ചെട്ടിയാരുടെ മുന്‍കൈയില്‍ മദിരാശിയില്‍, ഷൗക്കത്ത് ഉസ്മാനിയുടെ നേതൃത്വത്തില്‍ ഇന്നത്തെ ഉത്തര്‍ പ്രദേശില്‍, പഞ്ചാബിലും സിന്ധിലും ഗുലാം ഹുസ്സൈന്റെ മുന്‍കൈയില്‍ എന്നിങ്ങനെ പല ഭാഗങ്ങളില്‍ ഒറ്റപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് 1925 ഡിസംബര്‍ 25 ന് കാണ്‍പൂരില്‍ നടന്ന സമ്മേളനത്തിലാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയായി മാറുന്നത്. ഈ സമ്മേളനത്തെയാണ് സി.പി.ഐ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണമായി കണക്കാക്കുന്നത്.
ഹസ്‌റത്ത് മൊഹാനി
ഔദ്യോഗികമായി തന്നെ പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതില്‍ ബ്രിട്ടീഷ് ഭരണകൂടം അങ്ങേയറ്റം ഭയപ്പെട്ടിരുന്നു. ഗൂഢാലോചനക്കേസ്സുകള്‍ ചുമത്തി നേതാക്കളെ അറസ്റ്റ് ചെയ്യുകയും പാര്‍ട്ടി നിരോധിക്കുകയും ചെയ്തു. പക്ഷേ, പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് വിവിധ മേഖലകളിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണുണ്ടായത്.
മുപ്പതുകളില്‍ അഖിലേന്ത്യാ തലത്തില്‍ കര്‍ഷകരുടെ സംഘടനയായ കിസാന്‍ സഭയും വിദ്യാര്‍ത്ഥികളുടെ സംഘടയായ എ.ഐ.എസ്.എഫും രൂപം കൊണ്ടു. കര്‍ഷകരുടെയും തൊഴിലാളികളുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം മുന്‍കൈയില്‍ ബോംബെയിലും കല്‍ക്കത്തയിലും മദിരാശിയിലും അഹമ്മദാബാദിലുമെല്ലാമായി നിരവധി സമരങ്ങള്‍ അക്കാലങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയിരുന്നു. ക്വിറ്റ് ഇന്ത്യ സമരമടക്കമുള്ള വിഷയങ്ങളില്‍ വിയോജിപ്പുകളോടുകൂടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനോട് സഹകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി സാമ്രാജ്യത്വത്തിനെതിരായ സമരത്തോടൊപ്പം തന്നെ നാടുവാഴിത്തത്തിനും ജന്മിത്വത്തിനും എതിരായും ചെറുത്തുനില്‍പ്പുകള്‍ നടത്തിയിരുന്നു. പശ്ചിമ ബംഗാളിലെ തേഭാഗാ സമരം, തെലങ്കാന സമരം, പുന്നപ്ര വയലാര്‍ സമരം, അസമിലെ സുര്‍മ താഴ്വരയിലെ സമരം തുടങ്ങിയ സായുധപ്രക്ഷോഭങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍കൈയില്‍ അക്കാലത്ത് നടന്നിരുന്നു.
മുസഫര്‍ അഹമ്മദ്
നാല്‍പ്പതുകള്‍ക്ക് ശേഷം കമ്മ്യൂണിസ്റ്റുകള്‍ പ്രത്യക്ഷത്തില്‍ തന്നെ കോണ്‍ഗ്രസ്സുമായി വിയോജിപ്പുകള്‍ നിലനിര്‍ത്തുകയും ഭിന്ന നിലപാടുകള്‍ പരസ്യമായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ബഹുജന സമരങ്ങളില്‍ ശക്തമായി അണിനിരക്കുന്നതോടൊപ്പം തന്നെ സായുധ സമരങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും കമ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് ശ്രമങ്ങള്‍ നടത്തിയിരുന്നു.
1943ല്‍ ബോംബെയില്‍ വെച്ച് ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നു. എന്നാല്‍ 47 ലെ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നിലനിന്ന ആശയക്കുഴപ്പങ്ങള്‍ അവസാനിപ്പിച്ച് കൃത്യമായ നയപരിപാടികളുമായി മുന്നോട്ടു പോകുന്നതിനായി പിന്നീട് 1948 ല്‍ കല്‍ക്കത്തയില്‍ വെച്ച് രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സും സംഘടിപ്പിക്കപ്പെട്ടു. അതാണ് പിന്നീട് കല്‍ക്കത്ത തിസീസ് എന്നറിയപ്പെട്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് വലിയ രീതിയിലുള്ള ആശയ ഭിന്നതകള്‍ രൂപം കൊള്ളുന്നത് അക്കാലത്തായിരുന്നു.
സ്വതന്ത്ര്യലബ്ധിയുടെ സമയത്ത് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പി.സി ജോഷി നെഹ്‌റു സര്‍ക്കാറിന് പിന്തുണയര്‍പ്പിച്ചതിനെ ബി.ടി രണദിവേയുടെ നേതൃത്വത്തിലുള്ള വിഭാഗം എതിര്‍ക്കുകയുണ്ടായി. രണദിവേ ഗ്രൂപ്പിന് പാര്‍ട്ടിയില്‍ മേല്‍ക്കൈ ലഭിച്ചു. അതോടെ കേന്ദ്ര സര്‍ക്കാറിനെതിരായ സമരങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി തുടക്കം കുറിച്ചു. കേന്ദ്ര ഭരണകൂടത്തില്‍ നിന്നും വലിയ അടിച്ചമര്‍ത്തലാണ് അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിട്ടത്. വെടിവെപ്പുകള്‍, ലാത്തിച്ചാര്‍ജ്, അറസ്റ്റ്, ജയിലിലടയ്ക്കല്‍ എന്നിവയ്ക്ക് പുറമെ രാജ്യദ്രോഹികള്‍ എന്ന പ്രതിച്ഛായയും. അക്കാലത്ത് നടന്ന രണ്ടായിരത്തോളം വെടിവെപ്പുകളില്‍ 3784 പേര്‍ കൊല്ലപ്പെടുകയും പതിനായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും അമ്പതിനായിരത്തിലധികം പേര്‍ ജയിലിലടയ്ക്കപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.
ബി.ടി രണദിവേ
പാര്‍ട്ടി നയങ്ങളുമായി ബന്ധപ്പെട്ട് അന്ന് നിലനിന്നിരുന്ന ഭിന്നതകള്‍ അവസാനിപ്പിക്കുന്നതിനായി പിന്നീട് കേന്ദ്രകമ്മിറ്റിയിലെ അഞ്ചോളം അംഗങ്ങള്‍ റഷ്യയില്‍ ചെന്ന് സോവിയറ്റ് പാര്‍ട്ടിയുമായി ചര്‍ച്ച നടത്തുകയും സ്റ്റാലിനില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള വിപ്ലവപാതയും പാര്‍ട്ടി പരിപാടിയും ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്ന നിഗമനത്തിലാണ്് അവര്‍ തിരിച്ചുവരുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ 51 ലെ പുതിയ നയരേഖയില്‍ പാര്‍ട്ടി പാര്‍ലമെന്ററി ജനാധിപത്യപാത സ്വീകരിക്കുകയായിരുന്നു.
1951 ന്റെ അവസാനത്തിലും 52 ന്റെ തുടക്കത്തിലുമായി നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കുകയും മുഖ്യ പ്രതിപക്ഷമാവുകയും ചെയ്തു. ആ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് മത്സരിച്ചതിന്റെ 44 ശതമാനം സീറ്റുകളിലും വിജയിച്ചിരുന്നു എന്നതും ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത് ഒരു കമ്യൂണിസ്റ്റുകാരനായിരുന്നു എന്നതും എക്കാലത്തെയും ചരിത്രമാണ്. തെലങ്കാന സമരത്തിന്റെ നായകനായിരുന്ന രവിനാരായണ റെഡ്ഡി ജവഹര്‍വലാല്‍ നെഹ്‌റുവിനേക്കാള്‍ വലിയ ഭൂരിപക്ഷത്തോടെയാണ് അന്ന് പാര്‍ലമെന്റിലെത്തിയത്.
രവിനാരായണ റെഡ്ഡി
അറുപതുകളില്‍ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായിരുന്ന ഭിന്നിപ്പുകള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും ബാധിച്ചിരുന്നു. പാര്‍ട്ടി തുടര്‍ന്നുപോന്ന ദേശീയ ജനാധിപത്യ രീതിയോടുള്ള വിയോജിപ്പ് പാര്‍ട്ടിയുടെ ഉള്ളില്‍ തന്നെ രൂക്ഷമായി ഉയര്‍ന്നുവന്നു. ചൈനീസ് വിപ്ലവ പാതയിലും ജനകീയ ജനാധിപത്യത്തിലും താത്പര്യം പുലര്‍ത്തിയ ഈ വിഭാഗത്തിലെ 32 പേര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനത്തെ എതിര്‍ത്തുകൊണ്ട് 1964 ഏപ്രില്‍ 11 ലെ ദേശീയ കൗണ്‍സിലില്‍ നിന്നും ഇറങ്ങിപ്പോന്നു.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിപ്ലവകരമായ പാരമ്പര്യം പിന്തുടരണമെന്ന് അവകാശപ്പെട്ട അവര്‍ ജൂലൈ 7 ന് ആന്ധ്രയിലെ തെനാലിയില്‍ യോഗം ചേര്‍ന്നു. പിന്നീട് കല്‍ക്കത്തയില്‍ വെച്ച് നടത്തിയ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വെച്ചാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് എന്ന പേരില്‍ സി.പി.ഐ.എം രൂപീകരിക്കപ്പെടുന്നത്. മറു വിഭാഗം സി.പി.ഐ എന്ന പേരില്‍ തന്നെ തുടരുകയും ചെയ്തു. സി.പി.ഐ റഷ്യന്‍ പക്ഷക്കാരും സി.പി.ഐ.എം ചൈനീസ് പക്ഷക്കാരുമായി അറിയപ്പെട്ടു. 64 ലെ പിളര്‍പ്പോടുകൂടി അതുവരെ പാര്‍ലമന്റിലുണ്ടായിരുന്ന പ്രതിപക്ഷ നേതൃസ്ഥാനം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നഷ്ടമായി.
പിളര്‍പ്പിന് ശേഷം ചൈനീസ് വിപ്ലവപാത സ്വീകരിച്ച് മുന്നോട്ടുപോകുമെന്ന് കരുതിയ സി.പി.ഐ.എം പതിയെ അതില്‍ നിന്നും പിന്തിരിഞ്ഞുതുടങ്ങിയ ഘട്ടത്തിലാണ് സായുധകലാപത്തിലും ജനകീയ വിപ്ലവത്തിലും വിശ്വസിച്ചിരുന്ന ഒരു വിഭാഗം ചാരു മജുംദാര്‍, കനു സന്യാല്‍, ജംഗല്‍ സാന്താല്‍ എന്നിവരുടെ മുന്‍കൈയില്‍ 1967 ല്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജലിംഗ് ജില്ലയിലുള്ള നക്‌സര്‍ബാരി എന്ന ഗ്രാമത്തില്‍ കര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ട് ജന്മിമാര്‍ക്കെതിരെ സായുധ കാലാപം നടത്തി ഭൂമി പിടിച്ചെടുക്കുന്നത്. നക്‌സല്‍ബാരി കലാപം മുന്നോട്ടുവെച്ച വിപ്ലവപാതയില്‍ ആകൃഷ്ടരായി സായുധസമരമാര്‍ഗത്തിലേക്ക് നീങ്ങിയ കമ്യൂണിസ്റ്റ് വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ടാണ് 1969 ല്‍ ചാരു മജുംദാറിന്റെ മുന്‍കൈയില്‍ സി.പി.ഐ എം.എല്‍ രൂപീകരിക്കപ്പെടുന്നത്. 1972 ല്‍ ചാരു മജുംദാര്‍ മരണപ്പെട്ടതിന് ശേഷം എം.എല്‍ പ്രസ്ഥാനം വിവിധ ഘട്ടങ്ങളിലായി പിളര്‍ന്ന് വീണ്ടും അനേകം ഗ്രൂപ്പുകളായി മാറി. ഇതില്‍ ചില വിഭാഗങ്ങള്‍ പിന്നീട് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു. മറ്റു ചില പ്രസ്ഥാനങ്ങള്‍ ഗറില്ലാ സമരപാതയിലേക്ക് നീങ്ങുകയും വിമോചിത പ്രദേശങ്ങള്‍ രൂപീകരിച്ചുകൊണ്ട് ഭരണകൂടവുമായി നേരിട്ട് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തു.
സി.പി.ഐ.എം.എല്‍ ലിബറേഷന്‍, സി.പി.ഐ.എം എല്‍ പീപ്പിള്‍സ് വാര്‍, മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍, സി.പി.ഐ മാവോയിസ്റ്റ്, സി.പി.ഐ.എം.എല്‍ നക്‌സല്‍ബാരി, സി.ആര്‍.സി സി.പി.ഐ.എം.എല്‍, സി.പി.ഐ.എം എല്‍ റെഡ്‌സ്റ്റാര്‍, സി.പി.ഐ.എം എല്‍ റെഡ്ഫളാഗ്, തുടങ്ങിയ പാര്‍ട്ടികളാണ് എം.എല്‍ പ്രസ്ഥാനങ്ങള്‍ വിഘടിച്ച് രൂപം കൊണ്ടത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ സമാന്തരമായ സൈന്യത്തെ അണി നിരത്തി പോരാടുന്ന, ഇന്ത്യയുടെ ചുവപ്പന്‍ ഇടനാഴികളിലെ മാവോയിസ്റ്റ് പ്രസ്ഥാനം എം.എല്‍ സംഘടനകളുടെ പിളര്‍പ്പുകളില്‍ നിന്നും രൂപംകൊണ്ട് സൈനികമായി സംഘടിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമില്ലാതെ തന്നെ നാല്‍പതുകളില്‍ രൂപം കൊണ്ട കമ്യൂണിസ്റ്റ് പര്‍ട്ടികളായ എസ്.യു.സി.ഐ, ആര്‍.എസ്.പി എന്നിവയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും വിഘടിച്ച് സുഭാഷ് ചന്ദ്ര ബോസ് രൂപീകരിച്ച ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്കും ഇന്ത്യയിലെ പ്രധാന കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പെടുന്നവയാണ്. സി.പി.ഐ.എമ്മില്‍ നിന്നും പല കാലങ്ങളിലായി വിഘടിച്ച് രൂപം കൊണ്ട അനേകം ചെറു കമ്യൂണിസ്റ്റ് ഗ്രൂപ്പുകളും ഇന്ത്യയിലുണ്ട്. കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സി.എം.പി), മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി (എം.സി.പി), റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി), ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) എന്നിവയെല്ലാം ഇവയില്‍ പെടുന്നതാണ്.
പേരുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയായി നിലനില്‍ക്കുകയും എന്നാല്‍ വലതുപക്ഷ സഖ്യങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന 17 ഓളം കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇന്ത്യയിലുണ്ട്. ഡാര്‍ജിലിങ്ങിലെ ഏതാനും സി.പി.എം വിമതര്‍ ചേര്‍ന്ന് 1996 ല്‍ രൂപീകരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് എന്ന പാര്‍ട്ടി നിലവില്‍ ബി.ജെ.പി യോടൊപ്പം ചേര്‍ന്ന് എന്‍.ഡി.എയില്‍ പ്രവര്‍ത്തിക്കുന്നു എന്നതും കൗതുകകരമാണ്.
ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് ആര്‍ക്കും വിസ്മരിക്കാന്‍ സാധിക്കാത്തതാണ്. രഷ്ട്രീയപ്പാര്‍ട്ടികള്‍ എന്നതിനപ്പുറം ഒരു പ്രസ്ഥാനമായി ഇടതുപക്ഷം വിലയിരുത്തപ്പെടുന്നതും അതുകൊണ്ട് തന്നെയാണ്. ഇന്ത്യയിലെ അടിസ്ഥാന ജനത നേരിട്ടിരുന്ന എണ്ണിയാലൊടുങ്ങാത്തത്ര വിഷയങ്ങൡ നിരന്തരം സമരങ്ങള്‍ സംഘടിപ്പിച്ചും സമൂഹം, രാഷ്ട്രം, സമ്പദ് വ്യവസ്ഥ, മാനുഷിക ബന്ധങ്ങള്‍ എന്നിവയില്‍ പുരോഗമനപരമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെച്ചും, ജനാധിപത്യം സ്വാതന്ത്ര്യം സാമൂഹിക നീതി എന്നീ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ഇന്ത്യന്‍ ജനതയോടൊപ്പം ഇടതുപക്ഷവും സഞ്ചരിച്ചു. അതേ സമയം ഇന്ത്യ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളില്‍ ഏറ്റവും സങ്കീര്‍ണമായ ജാതീയതയെ അതിന്റെ ഗൗരവത്തില്‍ തിരിച്ചറിയുന്നതിലും മനസ്സിലാക്കുന്നതിലും ഇടതുപക്ഷം പരാജയപ്പെട്ടു എന്നത് ഇന്ത്യന്‍ ഇടതുപക്ഷം നേരിടുന്ന ഏറ്റവും ഗൗരവപരമായ വിമര്‍ശനമാണ്.
കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ മൂന്നിടങ്ങളില്‍ സംസ്ഥാന ഭരണവും ആന്ധ്ര, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ബീഹാര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ട്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ പ്രാദേശികമായി വലിയ സ്വാധീനവും ഉണ്ടായിരുന്ന ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ വേരുകളും സ്വാധീനവുമെല്ലാം തകര്‍ന്നില്ലാതാകുന്ന സ്ഥിതിയാണ് ഇന്ന് ഇന്ത്യയിലുള്ളത്.
ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 59 സീറ്റുകളുണ്ടായിരുന്ന ഇടതുമുന്നണി രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ കാലമായപ്പോഴേക്കും വെറും അഞ്ച് സീറ്റുകളിലേക്ക് ചുരുങ്ങി. ബംഗാളിലും ത്രിപുരയിലും അതിന് മുന്നെ തന്നെ ഭരണം നഷ്ടമാവുകയും ചെയ്തു. അതേ സമയം ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ രാജ്യവ്യാപകമായ രീതിയില്‍ നടന്ന പ്രക്ഷോഭങ്ങള്‍, പ്രത്യേകിച്ച് കര്‍ഷക സമരങ്ങളും വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളും നയിച്ചത് ഇടതുപക്ഷം തന്നെയായിരുന്നു എന്നത് പ്രതീക്ഷാ നിര്‍ഭരമാണ്.
സങ്കുചിത ദേശീയതയും മതരാഷ്ട്രസങ്കല്‍പവും മുറുകെപിടിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് കക്ഷികള്‍ രാജ്യം ഭരിക്കുന്ന കാലത്ത് അല്‍പമെങ്കിലും പ്രതീക്ഷയാകേണ്ടിയിരുന്ന ഇടതുപക്ഷവും ദുര്‍ബലപ്പെട്ടുകൊണ്ടയിരിക്കുമ്പോള്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഭൂതകാല ചരിത്രം നാം ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Hundred Years of Indian Communist Party