|

പഴം മേടിക്കാന്‍ പോയതാണ് സാറേ; നീ ഇനി അജ്ഞാതനാണ്; പൊട്ടിച്ചിരിപ്പിക്കുന്ന പുരുഷ പ്രേതം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അജ്ഞാത ശവങ്ങളുടെ സംസ്‌കരണത്തില്‍ അലംഭാവം കാണിക്കുന്ന പൊലീസ് സിസ്റ്റം, ആവാസവ്യൂഹത്തിന് ശേഷം പുരുഷ പ്രേതത്തിലൂടെ കൃഷാന്ദ് മുന്നോട്ട് വെക്കുന്ന പൊളിടിക്‌സ് ഇതാണ്. വളരെ ഗൗരവതരമായ വിഷയം നര്‍മത്തില്‍ ചാലിച്ച് പറയുകയാണ് പുരുഷ പ്രേതം.

Spoiler Alert

ഈ സിനിമയെ ഏറ്റവും എന്‍ഗേജിങ്ങാക്കുന്ന ഘടകം ഹ്യൂമര്‍ എലമെന്റ് തന്നെയാണ്. കോമഡി പറഞ്ഞ് ഈ ചിത്രത്തില്‍ ആരും ചിരിക്കുന്നില്ല. കഥാപാത്രങ്ങള്‍ വളരെ സീരിയസായി പറയുന്ന ഡയലോഗുകളും സാഹചര്യങ്ങളും കണ്ട് പൊട്ടിച്ചിരിക്കുന്നത് പ്രേക്ഷകരാണ്.

സിനിമ തുടങ്ങുന്നത് തന്നെ അങ്ങനെ ഒരു രംഗത്തിലൂടെയാണ്. കഥാനായകനായ സെബാസ്റ്റ്യന്‍ അയാളുടെ ‘സൂപ്പര്‍ സെബാസ്റ്റ്യാന്‍’ എന്ന ഇമേജ് നിര്‍മിച്ചെടുക്കുന്നത് എങ്ങനെയാണെന്ന് ആദ്യത്തെ രംഗങ്ങളിലൂടെ തന്നെ ഹാസ്യത്തില്‍ പൊതിഞ്ഞ് കൃഷാന്ദ് എസ്റ്റാബ്ലിഷ് ചെയ്യുന്നുണ്ട്.

തുടര്‍ന്ന് വരുന്ന, പുഴയില്‍ നിന്നും അജ്ഞാത ശവം എടുക്കുന്ന രംഗത്തില്‍ ചിരിയുടെ രസച്ചങ്ങല തുടരുന്നുണ്ട്. ശവം പുഴയില്‍ നിന്നും എടുക്കാന്‍ വരുന്ന കേശവന്റെ ഇന്‍ട്രോയും പഴം മേടിക്കാന്‍ പുറത്തിറങ്ങിയ യുവാവുമൊക്കെ ഈ രംഗത്തില്‍ ചിരിയുണര്‍ത്തുന്നുണ്ട്.

പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരെക്കാളും മെയ്‌നാവുന്നുണ്ട് നാരങ്ങാവെള്ളവും ഓറഞ്ച് ജ്യൂസും. പേഴ്‌സ് കളവ് പോയത് സ്‌റ്റേഷനില്‍ പരാതിപ്പെടാനെത്തുന്ന ‘അജ്ഞാതനായ’ യുവാവും അപ്രതീക്ഷിതമായി എത്തുന്ന കോമഡി രംഗമായി.

കാമുകിയുമായി കുറച്ച് സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെക്കാനായി സൂപ്പര്‍ സെബാസ്റ്റ്യന്‍ പരിചയത്തിലുള്ള ‘സ്‌പൈ’യ്യുടെ സഹായം തേടുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ഈ സമയം വീടിന്റെ താക്കോലിരിക്കുന്ന സ്ഥലം സ്‌പൈ പറഞ്ഞുകൊടുക്കുന്ന സ്റ്റൈലും വ്യത്യസ്തമായ അപ്രോച്ചായിരുന്നു.

ജാതി വിവേചനം, ഗാര്‍ഹിക പീഡനം, സര്‍ക്കാര്‍ അനാസ്ഥ എന്നിങ്ങനെ ഗൗരവതരമായ വിഷയങ്ങള്‍ പുരുഷ പ്രേതത്തില്‍ പറഞ്ഞുപോകുന്നത് ഇത്തരം നര്‍മ മുഹൂര്‍ത്തങ്ങളിലൂടെയാണ്.

Content Highlight: humor scenes in purusha pretham