| Saturday, 18th January 2025, 12:53 pm

നിറത്തിന്റെ പേരിൽ അവഹേളനം, നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ നിറത്തിന്റെ പേരിൽ അവഹേളനത്തിനിരയായ നവ വധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അബ്ദുൽ വാഹിദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്. ആത്മഹത്യ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കൽ എന്നീ വകുപ്പുകളാണ് അബ്ദുൽ വാഹിദിനെതിരെ ചുമത്തിയിട്ടുള്ളത്.

നിറത്തിന്റെ പേരിൽ ഭർത്താവും കുടുംബവും തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെയാണ് കൊണ്ടോട്ടി സ്വദേശിനിയായ ഷഹാന മുംതാസ് (19) ആത്മഹത്യ ചെയ്തത്.

ഷഹാന മുംതാസിന് നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവ് അബ്ദുള്‍ വാഹിദ് നിരന്തരം കളിയാക്കുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പഠിക്കാന്‍ മിടുക്കിയായിരുന്ന ഷഹാന അടുത്തിടെ പഠനത്തില്‍ പിന്നോട്ടായി. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മാനസിക പീഡനത്തിന്‍റെ വിവരം ഷഹാന തന്നെ നേരിട്ട് പറഞ്ഞത്.

വാഹിദിന്റെ ബന്ധുക്കളോട് ഇക്കാര്യം സംസാരിച്ചെങ്കിലും കാര്യമുണ്ടായില്ല. വിവാഹ ബന്ധത്തിൽ കടിച്ചു തൂങ്ങാതെ ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന് വാഹിദിന്‍റെ ഉമ്മ ചോദിച്ചതായും കുടുംബം പറഞ്ഞു. വാഹിദിന്‍റെ ഉമ്മയുടെ കാലിൽ കെട്ടിപിടിച്ചു ഷഹാന പൊട്ടികരഞ്ഞുവെന്നും ബന്ധുക്കൾ പറയുന്നു.

ഭര്‍ത്താവിന്‍റേയും കുടുംബത്തിന്റെയും മാനസിക പീഡനമാണ് ഷഹാന മുംതാസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. നിറത്തെച്ചൊല്ലി ഷഹാനയെ ഭര്‍ത്താവ് എപ്പോഴും കളിയാക്കിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. 2024 മെയ് 27 ന് ആയിരുന്നു ഇരുവരുടെയും വിവാഹം.

Content Highlight: Humiliation on account of color, incident of suicide of newlyweds; The police have charged more charges against the husband

We use cookies to give you the best possible experience. Learn more