തിരുവനന്തപുരം: സാമൂഹ്യ പരിഷ്‌കര്‍ത്താവ് അയ്യങ്കാളിയെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം. ‘കുകുച’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് അയ്യങ്കാളിയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
ഒരു നായയുടെ തലയുടെ ഭാഗത്ത് അയ്യങ്കാളിയുടെ മുഖത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ‘വളര്‍ത്ത് പട്ടിക്ക് ഇടാന്‍ പറ്റിയ പേരുകള്‍ തൂക്ക്’ എന്ന മോശം പരാമര്‍ശത്തോടെയാണ് പ്രസ്തുത ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
വിഷയത്തില്‍ ദളിത് ലീഗ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറിയായ യു.സി. രാമന്‍, ദളിത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.സി. ശ്രീധരന്‍, മുന്‍ പ്രസിഡണ്ട് വി.എം. സുരേഷ് ബാബു എന്നിവരാണ് പരാതി നല്‍കിയത്.
ഒന്നാം ഘട്ടമെന്ന നിലയിലാണ് പരാതി നല്‍കിയതെന്നും അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ സമര പരിപാടികളിലേക്ക് കടക്കുമെന്നും യു.സി. രാമന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘ഫേസ്ബുക്കില്‍ ഒരു വ്യാജ അക്കൗണ്ടില്‍ നിന്ന് അയ്യങ്കാളിയുടെ തലയും നായയുടെ ഉടലും ചേര്‍ത്തുവെച്ച് അദ്ദേഹത്തെ അപമാനിക്കുന്ന തരത്തിലൊരു പോസ്റ്റ് ഉണ്ടായി. അതുമായി ബന്ധപ്പെട്ട വിഷയമാണ് പരാതി കൊടുക്കാനുണ്ടായ സാഹചര്യം.
കോഴിക്കോട് ഹെഡ് ക്വാര്‍ട്ടേര്‍സിലാണ് പരാതി നല്‍കിയത്. നിലവിലുള്ള സംവിധാനമുപയോഗിച്ച് പരാതി പെട്ടെന്ന് ഏര്‍പ്പാട് ചെയ്യാമെന്നാണ് പൊലീസില്‍ നിന്ന് കിട്ടിയ മറുപടി. അതിന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറഞ്ഞത്.
ഒന്നാം ഘട്ടമെന്ന നിലയിലാണ് പരാതി നല്‍കിയത്. ഇതില്‍ അടിയന്തര നടപടിയുണ്ടാകുന്നില്ലെങ്കില്‍ മറ്റ് പ്രതിഷേധ പ്രവര്‍ത്തനങ്ങളും സമര പരിപാടിയും കൂടിയാലോചിച്ച് തീരുമാനിക്കും. അതിലേക്ക് കോഴിക്കോട് ജില്ലയിലെയും അത് പോലെ കേരളത്തിലെയും സമാനമനസ്‌കരമായ ദളിത് സംഘടന നേതാക്കളെ കൂടെ പങ്കാളിത്തം ഉറപ്പ് വരുത്തും,’ അദ്ദേഹം പറഞ്ഞു.
കേരള പുലയര്‍ മഹാസഭ കടത്തുരുത്തി യൂണിയനും പൊലീസിന് പരാതി നല്‍കിയിരുന്നു. ഇന്ന് വൈകുന്നേരം കടുത്തുരുത്തിയില്‍ പ്രതിഷേധവും സംഘടിപ്പിച്ചു.
‘ശ്രീ മഹാത്മ അയ്യങ്കാളിയുടെ ചിത്രം ദുരുപയോഗം ചെയ്യുകയും ഫെയ്‌സ്ബുക്ക് പോലുള്ള നവ മാധ്യമങ്ങളില്‍ മഹാത്മാവിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രം പ്രചരിക്കുന്നതായും അല്പം മുന്‍പ് ആണ് ശ്രദ്ധയില്‍ പെട്ടത്.
KuKuCha എന്ന് പേരുള്ള ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ Cobra Kai എന്ന് പേരുള്ള ഐ.ഡിയില്‍ നിന്നുമാണ് മഹാത്മ അയ്യന്‍കാളിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രവൃത്തി ഉണ്ടായിട്ടുള്ളത്. ഈ ഐ.ഡി ആരുടേതാണെന്ന് കണ്ടുപിടിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും തക്കതായ ശിക്ഷ നല്‍കുകയും ചെയ്യണം എന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്,’ അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവല്ലയില്‍ എ.കെ.പി.എം.എസ്, എസ്.എം,എസ്, വി.പി.എം.എസ്, എ.കെ.സി.എച്ച്.എം.എസ്, പി.വി.എം.എസ്, സി.എസ്.ഡി.എസ് എന്നീ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് നടത്താനും ആഹ്വാനം നടത്തിയിരുന്നു.
മഹാത്മാ അയ്യന്‍കാളിയുടെ ചിത്രത്തെ വികലമാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ക്രിമിനലിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ കേരള പൊലീസ് തയ്യാറാകണമെന്ന് ശ്രീജ നെയ്യാറ്റിന്‍കരയും ഫേസ്ബുക്കില്‍ കുറിച്ചു.
CONTENT HIGHLIGHTS: Humiliating images of Ayyankali were circulated; Widespread protests against the Facebook group