| Thursday, 28th November 2024, 3:44 pm

മാംസാഹാരം കഴിച്ചതിന് ആളുകളുടെ മുന്നില്‍ ആൺ സുഹൃത്ത് അപമാനിച്ചു; എയര്‍ ഇന്ത്യ പൈലറ്റ് ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സസ്യാഹാരം മാത്രം കഴിച്ചാല്‍ മതിയെന്ന് ആണ്‍ സുഹൃത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയില്‍ പൈലറ്റായിരുന്ന യുവതി ആത്മഹത്യ ചെയ്തു.

സൃഷ്ടി തുലി എന്ന ഇരുപത്തിയഞ്ചുകാരിയെയാണ് മംബൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇനി മുതല്‍ സസ്യാഹാരം മാത്രം കഴിച്ചാല്‍ മതിയെന്നും മാംസാഹാരം പൂര്‍ണമായും ഉപേക്ഷിക്കണമെന്നായിരുന്നു സുഹൃത്തായ ആദിത്യ പണ്ഡിറ്റിന്റെ ഉപാധി. പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്.

യുവതിയുടെ ആത്മഹത്യക്ക് പിന്നാലെ ആദിത്യ പണ്ഡിറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ആദിത്യ പണ്ഡിറ്റിനെതിരെ കേസെടുത്തിട്ടുള്ളത്.

ഡാറ്റാ കേബിള്‍ ഉപയോഗിച്ച് തൂങ്ങി മരിച്ച് നിലയിലായിരുന്നു സൃഷ്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്.

യുവതിയെ ആണ്‍സുഹൃത്ത് പരസ്യമായി ഉപദ്രവിക്കാറുണ്ടെന്നും അപമാനിക്കാറുണ്ടെന്നും വീട്ടുകാര്‍ പരാതിയില്‍ നല്‍കിയിട്ടുണ്ട്. ഭക്ഷണശീലം മാറ്റാനും സസ്യേതര ഭക്ഷണം കഴിക്കുന്നത് നിര്‍ത്താനും ഇയാള്‍ സമ്മര്‍ദം ചെലുത്താറുണ്ടായിരുന്നു എന്നുമാണ് വീട്ടുകാരുടെ വെളിപ്പെടുത്തല്‍.

ഇത്തരത്തില്‍ ഭക്ഷണത്തിന്റെ പേരില്‍ ആദിത്യ, സൃഷ്ടിയെ ആളുകളുടെ മുന്നില്‍വെച്ച് കളിയാക്കുകയും അപമാനിക്കുകയും ചെയ്ത് സൃഷ്ടിയ്ക്ക് മാനസികമായ ബുദ്ധിമുട്ടുകളുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.

ബന്ധുക്കളെല്ലാമുള്ള കൂടിക്കാഴ്ചയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മാംസാഹാരം ഉള്‍പ്പെടുത്തിയതിന് ആദിത്യ എല്ലാവരുടെയും മുന്നില്‍വെച്ച് വഴക്കിടാറുണ്ടെന്നും പിന്നാലെ സസ്യാഹാരം മാത്രം കഴിക്കാമെന്ന തീരുമാനത്തില്‍ ഇരുവരും എത്തിയതായും സൃഷ്ടിയുടെ അമ്മാവന്‍ വിവേക് കുമാര്‍ നരേന്ദ്രകുമാര്‍ തുലി പറഞ്ഞു.

താന്‍ ആദിത്യയുമായുള്ള ബന്ധത്തില്‍ സന്തുഷ്ടയല്ലെന്നും സ്‌നേഹിച്ചുപോയത് കൊണ്ട് പിന്മാറാന്‍ കഴിയുന്നില്ലെന്നും സൃഷ്ടി ബന്ധുക്കളോട് പറഞ്ഞിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്.

12 ദിവസത്തോളം ആദിത്യ സൃഷ്ടിയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ചെറിയ വിഷയങ്ങള്‍ക്കുപോലും സൃഷ്ടിയെ ആദിത്യ വേദനിപ്പിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം കേബിള്‍ വയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സൃഷ്ടിയുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: humiliated in front of people for eating meat; Air India pilot committed suicide

We use cookies to give you the best possible experience. Learn more