തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഐ.എം.എ നടത്തിയ മെഡിക്കല്‍ ബന്ദിനിടെ ചികില്‍സ നിഷേധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ചികിത്സ നിഷേധിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് വിലയിരുത്തിയാണ് നടപടി.
സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചികില്‍സ നിഷേധിച്ച സംഭവം അന്വേഷിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും നേരത്തേ ആരോഗ്യമന്ത്രിയും അറിയിച്ചിരുന്നു. ന്യായമായ എത്ര ആവശ്യമായാലും രോഗവുമായി ഡോക്ടറുടെ മുമ്പില്‍ എത്തുന്നവരുടെ ചികിത്സ നിഷേധിക്കരുതെന്നും മന്ത്രി പറയുകയുണ്ടായി.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് പനി പിടിച്ച് അവശയായ രോഗിയെ ചികിത്സിക്കാനൊരുങ്ങിയ ഡോക്ടറെ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് പിന്തിരിപ്പിച്ചത്.