ന്യൂദല്‍ഹി: സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടകള്‍ക്ക് ആക്ഷേപഹാസ്യത്തിലൂടെ ചുട്ടമറുപടി നല്‍കിയ ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തതായി അഡ്മിന്‍. താന്‍ മുന്നോട്ട് വെയ്ക്കുന്ന ആശയം വീണ്ടും വീണ്ടും പറഞ്ഞ് മടുത്തതാണ് പിന്മാറ്റത്തിന് കാരണമെന്ന് അഡ്മിന്‍ പറയുന്നു.
” എന്റെ ചിന്തകള്‍ വായിച്ചതിന് ഒരുപാട് നന്ദിയുണ്ട്. എന്നാല്‍ ഞാന്‍ നില്‍ക്കുന്നിടത്തുള്ളവരെന്ന് കരുതിയവരോടു തന്നെ കലഹിക്കേണ്ടി വന്നിരിക്കുകയാണ്. ” ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വയുടെ അവസാന പോസ്റ്റിലെ വാക്കുകളാണ്. അഞ്ച് മാസം മാത്രമേ ആയുസുണ്ടായിരുന്നുള്ളുവെങ്കിലും ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ വലിയ വിജയമായിരുന്നു. എന്റെ തലയില്‍ കയറ്റാന്‍ മാത്രം വില നിങ്ങളുടെ ബുള്ളറ്റിനില്ല. അതുകൊണ്ട് ഇവിടെ നിര്‍ത്തുകയാണെന്നും പോസ്റ്റില്‍ പറയുന്നു.
പ്രശസ്തമായ ഹ്യൂമന്‍സ് ഓഫ് ന്യൂയോര്‍ക്കില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ആരംഭിച്ച ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ ചിത്രങ്ങളിലൂടേയും വാക്കുകളിലൂടേയും സംഘപരിവാറിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പേജിനെ കുറിച്ച് നേരത്തെ ഡൂള്‍ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.
പേജിന്റെ അഡ്മിനെതിരെ സംഘപരിവാര്‍ പലപ്പോഴും ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ അതിനെയൊക്കെ പരിഹാസത്തോടെയായിരുന്നു ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ സമീപിച്ചത്. നരേന്ദ്രമോദിയും ഗോമാതാവും അര്‍ണബ് ഗോസ്വാമിയുമെല്ലാം ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വയുടെ പേജിലെ സ്ഥിര സാന്നിധ്യങ്ങളായിരുന്നു. സംഘപരിവാറിന്റെ വ്യാജ പ്രചരണങ്ങളെ പൊളിക്കുന്നതിലും എച്ച.ഒ.എച്ച് ജാഗരൂകരായിരുന്നു.
സംഘപരിവാറിന്റെ കടുത്ത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ പരിഹസിച്ച സംഘപരിവാറിനേയും എച്ച്.ഒ.എച്ച് വിമര്‍ശിച്ചിരുന്നു. ” ഛീ ഛീ…സോഷ്യല്‍ മീഡിയയുടെ വിചാരണ! വാര്‍ത്ത കുതിരയുടേയോ പശുവിന്റെ വായില്‍ നിന്നു കേട്ടാലേ ഞാന്‍ വിശ്വസിക്കൂ” എന്നായിരുന്നു സംഘപരിവാറിന്റെ പ്രതികരണത്തെ പരിഹസിച്ചു കൊണ്ടുള്ള ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വയുടെ പോസ്റ്റ്. 90000 ത്തോളം ഫോളോവേഴ്‌സുള്ള പേജിലെ സര്‍ക്കാസത്തിന് വന്‍ പിന്തുണയും ലഭിച്ചിരുന്നു.