| Sunday, 19th November 2023, 8:09 am

അല്‍ ശിഫ ആശുപത്രി 'മരണ മേഖല' ആകുന്നു: ലോകാരോഗ്യ സംഘകാരോടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: വടക്കന്‍ ഗസയിലെ അല്‍ ശിഫ ആശുപത്രി ‘മരണ മേഖല’ ആയെന്ന് ലോകാരോഗ്യ സംഘടന. സ്ഥലത്ത് ഷെല്ലിങ്ങിന്റെയും വെടിവെപ്പിന്റെ ലക്ഷണങ്ങള്‍ കണ്ടതായി ആശുപത്രി സന്ദര്‍ശിച്ച ലോകാരോഗ്യ സംഘടന അംഗങ്ങള്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ആരോഗ്യ വിദഗ്ധര്‍, ലോജിസ്റ്റിക് ഓഫീസര്‍മാര്‍, വിവിധ യു.എന്‍ വകുപ്പുകളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് ആശുപത്രി സന്ദര്‍ശനം നടത്തിയത്. സുരക്ഷാ ആശങ്കകള്‍ കാരണം ശനിയാഴ്ച ഒരു മണിക്കൂര്‍ മാത്രമേ ആശുപത്രികളില്‍ ചെലവഴിക്കാന്‍ കഴിഞ്ഞുള്ളൂവെന്ന് സംഘടന പ്രസ്താവനയില്‍ അറിയിച്ചു.

ശുദ്ധജലം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ ദൗര്‍ലഭ്യം കാരണം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിലക്കാറായതായും ആശുപത്രി ‘മരണ മേഖല’ ആയെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

‘ഷെല്ലിങ്ങിന്റെയും വെടിവെപ്പിന്റെയും അടയാളങ്ങള്‍ വ്യക്തമാണ്. ആശുപത്രിയുടെ കവാടത്തില്‍ സംഘം ഒരു കൂട്ടം ശവക്കുഴി കണ്ടു. 80ലധികം ആളുകളെ അവിടെ അടക്കം ചെയ്തത് അറിഞ്ഞു,’ ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

ഇടനാഴികളും ആശുപത്രി പരിസരങ്ങളും മെഡിക്കല്‍ ഖര മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. രോഗികളും ആരോഗ്യപ്രവര്‍ത്തകരും അവരുടെ സുരക്ഷയുടെ കാര്യത്തില്‍ ഭയം പ്രകടിപ്പിച്ചു. 25 ആരോഗ്യ പ്രവര്‍ത്തകരും 291 രോഗികളും ഗുരുതരാവസ്ഥയിലുള്ള 32 കുഞ്ഞുങ്ങളുമാണ് അല്‍ ശിഫയില്‍ ഉള്ളത്. ഇവരെ ഇവിടെ നിന്നും ഉടനടി ഒഴിപ്പിക്കാന്‍ ഉള്ള പദ്ധതികള്‍ ലോകാരോഗ്യ സംഘടന തയ്യാറാക്കുകയാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകാരോഗ്യ സംഘടനയുടെ സന്ദര്‍ശനത്തോടും പ്രസ്താവനയോടും ഇസ്രഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇസ്രഈല്‍ സൈന്യം ഒഴിഞ്ഞു പോകാന്‍ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അല്‍ ശിഫയില്‍ അഭയം തേടിയെത്തിയ 2500 പേര്‍ ഇവിടെ നിന്ന് പോയതായി സംഘടന ആയിച്ചു.

കഴിഞ്ഞ ആഴ്ച വടക്കന്‍ ഗസയില്‍ ഉടനീളം നടത്തിയ ആക്രമണത്തിന്റെ ഭാഗമായി ഇസ്രഈല്‍ സൈന്യം അല്‍ ശിഫ പിടിച്ചെടുത്തിരുന്നു. ഹമാസ് നേതാക്കള്‍ അല്‍ ശിഫയെ ഒളിത്താവളമായി ഉപയോഗിക്കുന്ന ആരോപിച്ച് ഇവര്‍ ആശുപത്രിയില്‍ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ആശുപത്രിയും ഹമാസും ഇത് നിരസിച്ചിരുന്നു.

content highlight : Humanitarian team describes Gaza’s Al Shifa Hospital as ‘death zone’, WHO

We use cookies to give you the best possible experience. Learn more