ഗസ വിഷയത്തില്‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് ധനസഹായം വെട്ടികുറച്ച് പാശ്ചാത്യ രാജ്യങ്ങള്‍
World News
ഗസ വിഷയത്തില്‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് ധനസഹായം വെട്ടികുറച്ച് പാശ്ചാത്യ രാജ്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th November 2023, 3:40 pm

ബെയ്‌റൂട്ട്: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങളെ വിമര്‍ശിച്ചതിന് പാശ്ചാത്യ രാജ്യങ്ങള്‍ അറബ് സിവില്‍ സൊസൈറ്റികള്‍ക്ക് സാമ്പത്തിക സഹായം വെട്ടികുറക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ചില പാശ്ചാത്യ രാജ്യങ്ങള്‍ അറബ് മീഡിയകള്‍ക്കും മനുഷ്യാവകാശ ഗ്രൂപ്പുകള്‍ക്കും ധനസഹായം പിന്‍വലിച്ചതായി മനുഷ്യാവകാശ സംഘടനകള്‍ അല്‍ ജസീറയോട് പറഞ്ഞു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് പാശ്ചാത്യ രാജ്യങ്ങള്‍ പിന്തുണ നല്‍കിയതിലും തങ്ങള്‍ നിരാശരാണെന്ന് അവര്‍ പറഞ്ഞു. ഗസയിലെ ഇസ്രഈലിന്റെ അതിക്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതാണെന്ന് ഈജിപ്തിലെയും ലബനനിലെയും അധിനിവേശ ഫലസ്തീനിലെയും മനുഷ്യാവകാശ സംഘടനകള്‍ അല്‍ ജസീറയോട് പറഞ്ഞു.

‘വെറുപ്പിന്റെ തോത് ഗസയിലെ ആളുകളിലേക്ക് മാത്രമല്ല മറിച്ച് ഞങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ചില പാശ്ചാത്യ സര്‍ക്കാറുകളെ ധനസഹായത്തിനായി ബന്ധപ്പെടാന്‍ ഇനി കഴിയുമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല,’ ഈജിപ്ഷ്യന്‍ ഇനിഷ്യേറ്റീവ് ഫോര്‍ പേഴ്‌സണല്‍ റൈറ്റ്‌സിന്റെ എക്‌സിക്യൂട്ടീവ് മേധാവി ഹോസാം ബഗാട്ട് പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് ഇസ്രഈലില്‍ ഹമാസ് നടത്തിയ പ്രത്യാക്രമണത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക്, ജര്‍മനി, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ ഗസയിലേക്കും വെസ്റ്റ് ബാങ്കിലേക്കും ഉള്ള മാനുഷിക ധനസഹായ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അറിയിച്ചു.
ഈ താല്‍ക്കാലിക നിരോധനം 139 മില്യണ്‍ ഡോളറിന്റെ ധനസഹായം യു.എന്‍ ഏജന്‍സികളെയും വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ അതോറിറ്റിയെയും മറ്റു സിവില്‍ സൊസൈറ്റി സംഘടനകളെയും ബാധിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈലില്‍ ഹമാസിന്റെ പ്രത്യാക്രമണത്തെ തുടര്‍ന്ന് മിഫ്താ സംഘടനയുടെ ധനസഹായവും മുന്നറിയിപ്പില്ലാതെ വെട്ടികുറച്ചിരുന്നു.
‘സ്വിറ്റ്‌സര്‍ലാന്‍ഡിലെ വലതുപക്ഷ ഗ്രൂപ്പുകളുടെ സമ്മര്‍ദത്തിന്റെ ഫലമായാണ് ഈ തീരുമാനം ഉണ്ടായതെന്ന് ഞങ്ങള്‍ക്കറിയാം’, മിഫ്താ സംഘടനയുടെ പ്രോഗ്രാം മേധാവിയായ സായിദ് അമലി പറഞ്ഞു.

Content Highlight: humanitarian organizations  on western fund rising