| Saturday, 11th May 2024, 2:40 pm

റഫയിലെ ആക്രമണം വീണ്ടും മാനുഷിക പ്രതിസന്ധിക്കിടയാക്കി; ഗസയിലേക്ക് അടിയന്തരമായി മാനുഷിക സഹായം എത്തിക്കണം; യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഇസ്രഈല്‍ റഫ അതിര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ഗസയിൽ വീണ്ടും മാനുഷിക പ്രതിസന്ധി രൂക്ഷമായെന്ന് യു.എന്‍ ഏജന്‍സികള്‍. അടിയന്തരമായി ഗസയിലേക്ക് മാനുഷിക സഹായം എത്തിക്കേണ്ടതുണ്ടെന്നും യു.എന്‍ ഏജന്‍സികള്‍ അറിയിച്ചു.

റഫയെ നിയന്ത്രണത്തിലാക്കി ഇസ്രഈല്‍ സൈന്യം വീണ്ടും ആക്രമണം ആരംഭിച്ചതോടെ ഗസയിലേക്കുള്ള മാനുഷിക സഹായ വിതരണം വീണ്ടും നിലച്ച അവസ്ഥയിലാണ്. സാഹചര്യങ്ങളെ അപലപിച്ച് യു.എന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് വെള്ളിയാഴ്ച രംഗത്തെത്തുകയും ചെയ്തു.

‘റഫ അതിര്‍ത്തി വഴിയാണ് ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ ഗസയിലേക്ക് എത്തിച്ചിരുന്നത്. എന്നാല്‍ അവ വീണ്ടും നിലച്ചിരിക്കുകയാണ്. നിസഹായരായ ഫലസ്തീന്‍ ജനതയിലേക്ക് സഹായം എത്തിക്കുന്നത് വീണ്ടും തുടരണം,’ വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു. സൈനിക നടപടിയെ തുടര്‍ന്ന് ഫലസ്തീന്‍ ജനതയുടെ അതിജീവനത്തിന് ആവശ്യമായ സാധനങ്ങള്‍ ഗസയിലേക്ക് എത്തുന്നത് തടസ്സപ്പെടുന്നില്ലെന്ന് എല്ലാ കക്ഷികളും ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഗസയിലെ നിസഹായരായ മനുഷ്യരിലേക്ക് സഹായം എത്തിക്കുന്നതിന് വേണ്ടി അതിര്‍ത്തികള്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇരുപക്ഷവും ഉറപ്പ് വരുത്തണം,’ യു.എന്‍ മനുഷ്യാവകാശ മേധാവി പറഞ്ഞു.

ഗസയിലെ ജനങ്ങളിലേക്ക് സഹായം മറ്റ് തടസങ്ങളില്ലാതെ എത്തിച്ചേരുന്നതിന് വേണ്ടി അക്രമങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ച് ദിവസമായി ഗസയിലേക്ക് ഇന്ധനമോ, മാനുഷിക സഹായങ്ങളോ എത്തുന്നില്ലെന്ന് യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട് സീനിയര്‍ എമര്‍ജന്‍സി കോര്‍ഡിനേറ്റര്‍ ഹാമിഷ് യംഗ് പറഞ്ഞു.

ഇതിനോടകം തന്നെ ഇത് ഗസയിലെ മാനുഷിക പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ദിവസങ്ങള്‍ക്കകം ഇന്ധന വിതരണം പുനഃസ്ഥാപിച്ചില്ലെങ്കില്‍ സഹായ വിതരണങ്ങളെ ഇത് പൂര്‍ണമായി ബാധിക്കുമെന്നും ഹാമിഷ് യംഗ് പറഞ്ഞു.

അതിനിടെ, ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനെ തുടര്‍ന്ന് റഫയില്‍ നിന്ന് ഒന്നരലക്ഷം ആളുകള്‍ പലായനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുദ്ധം ഭയന്ന് റഫയിൽ അഭയം പ്രാപിച്ചിരുന്ന ജനങ്ങളെല്ലാം പലായനം ചെയ്യുന്നതായി യു.എൻ അഭയാർത്ഥി ഏജൻസിയായ യു.എൻ.ആർ.ഡബ്ലൂ.എയാണ് റിപ്പോർട്ട് ചെയ്തത്.

Content Highlight: Humanitarian aid critically needed in Gaza: UN agencies

We use cookies to give you the best possible experience. Learn more