| Saturday, 29th August 2015, 2:57 pm

പെണ്‍കുട്ടികളും യുവതികളും മനുഷ്യക്കടത്തിന്റെ പ്രധാന ഇരകള്‍; നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ 65% വര്‍ധിച്ചതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് മനുഷ്യക്കടത്തു റാക്കറ്റുകള്‍ പ്രധാനമായും ഉന്നം വയ്ക്കുന്നത്. മനുഷ്യക്കടത്ത് 76% ആയി കഴിഞ്ഞ ഒരു ദശകത്തിനിടെ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മനുഷ്യക്കടത്തിന്റെ ഭാഗമായി മറ്റു രാജ്യങ്ങളില്‍ നിന്നും, ഇന്ത്യയിലെ പലയിടങ്ങളില്‍ നിന്നുമായി ലൈംഗിക തൊഴിലിനായി പെണ്‍കുട്ടികളെ വില്‍ക്കുകയും ചെയ്യുന്നുണ്ട്. യുവതികളെയും പെണ്‍കുട്ടികളെയും വേശ്യാലയങ്ങളിലേക്കും സെക്‌സ് ടൂറിസത്തിനുമായി കടത്തുകയും നീലച്ചിത്ര നിര്‍മ്മാണത്തിനായി ഉപയോഗിക്കുകയും ചെയ്തുവരുന്നു. 2014ല്‍ മാത്രമായി 8,099 പേരെ കടത്തി എന്നാണ് ബ്യൂറോയുടെ കണക്ക്. ഇതില്‍ 3,351 പേരെ വേശ്യാവൃത്തിക്കായാണ് ഉപയോഗിച്ചിരിക്കുന്നത്.

ഐ.പി.സി സെക്ഷന്‍ 370, 370എ എന്നീ വകുപ്പുകള്‍ പ്രകാരം മനുഷ്യക്കടത്ത് എന്ന പൊതു കുറ്റത്തിന്റെ കീഴിലാണ് “ഇമ്മോറല്‍ ട്രാഫിക്കിങ്” ഉള്‍പ്പെടുന്നത്. പണിയിടങ്ങളിലേക്കായി പുരുഷന്മാരെയും ആണ്‍കുട്ടികളെയും കടത്തുന്നതും ഇതില്‍പ്പെടും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്കു പുറമെ ഉക്രെയിന്‍, ജോര്‍ജ്ജിയ, കസാഖിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, അസര്‍ബെയ്ജാന്‍, ചെച്‌നിയകിര്‍ഗിസ്ഥാന്‍, നേപ്പാള്‍, തായ്‌ലന്‍ഡ്, മലേഷ്യതായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് സ്ത്രീകളെയും പെണ്‍കുട്ടികളെയും കടത്തുന്നതായി യു.എന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2013ല്‍ ഇന്ത്യ പാസാക്കിയ നിയമഭേദഗതിയിലൂടെ കുറ്റവാളികള്‍ക്ക് മൂന്നു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കടത്തിനിടെ ശാരീരികമായി ചൂഷണം ചെയ്യുന്നതിനും, അടിമപ്പണി ചെയ്യിപ്പിക്കുന്നതിനും, ശാരീരികാവയവങ്ങള്‍ മുറിച്ചുമാറ്റുന്നതിനും ഇതേ ശിക്ഷയാണ് ലഭിക്കുക.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യക്കടത്ത് നടക്കുന്നത് തമിഴ്‌നാട്ടിലാണ്. 9,701 കേസുകളാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ തമിഴ്മാട്ടില്‍ രജിസ്റ്റര്‍ ചെയ്തത്. തമിഴ്‌നാടിനു പിറകെ ആന്ധ്രാപ്രദേശ് (5,861), കര്‍ണ്ണാടക (5,443), പശ്ചിമബംഗാള്‍ (4,190), മഹാരാഷ്ട്ര (3,628) എന്നീ സംസ്ഥാനങ്ങളാണ്. ഇവിടങ്ങളില്‍ വ്യഭിചാരത്തിനായാണ് കടത്ത് പ്രധാനമായും നടക്കുന്നത്.

ഇന്ത്യയില്‍ മാത്രമല്ല, ലോകത്തുടനീളം മനുഷ്യക്കടത്ത് വര്‍ധിച്ചു വരികയാണ്. ആയുധക്കടത്തും, മയക്കുമരുന്നും കഴിഞ്ഞാല്‍ ഏറ്റവും ലാഭകരമായ ബിസിനസാണ് മനുഷ്യക്കടത്ത്. കേസുകളുടെ കാര്യത്തില്‍ 92% എന്ന ഞെട്ടിക്കുന്ന വര്‍ധനയാണ് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നത്.

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 23% മാത്രമാണ് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ തെളിഞ്ഞത്. 45,375 പേരെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തെങ്കിലും ശിക്ഷിക്കപ്പെട്ടത് 10,134 പേര്‍. ഇതില്‍ത്തന്നെ പലതും പിഴയില്‍ മാത്രമായി ഒതുങ്ങി. മറ്റുള്ളവര്‍ക്ക് ജയില്‍ ശിക്ഷയും ലഭിച്ചു. ഏറ്റവും കൂടുതല്‍ കുറ്റം തെളിയിച്ച സംസ്ഥാനങ്ങളില്‍ ഒന്നാമത് തമിഴ്‌നാടാണ്. പട്ടികയില്‍ കേരളവും ഉള്‍പ്പെടുന്നു. മികച്ച രീതിയിലുള്ള മാധ്യമ ഇടപെടലുകളാണ് കുറ്റങ്ങളില്‍ നടപടിയെടുക്കാന്‍ പോലീസിനെ സഹായിച്ചത്.

മനുഷ്യക്കടത്ത് തടയാനായി 335 “ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂണിറ്റുകള്‍” രാജ്യത്തുടനീളമുള്ള വിവിധ പോലീസ് സ്‌റ്റേഷനുകളുടെ കീഴില്‍ തുടങ്ങാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പദ്ധതിയിട്ടത്. ഇതില്‍ 225 എണ്ണം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. വിവരങ്ങളറിയിക്കാനായി “ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ്” വെബ് പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്. മനുഷ്യക്കടത്തില്‍ നിന്നും ആളുകളെ രക്ഷിക്കാനും പുനരധിവസിപ്പിക്കാനുമായി ഉജ്ജ്വല എന്ന പദ്ധതിയും സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more