| Tuesday, 7th May 2024, 8:13 pm

റഷ്യന്‍ യുദ്ധ ഭൂമിയിലേക്കുള്ള മനുഷ്യക്കടത്ത്; രണ്ട് തിരുവനന്തപുരം സ്വദേശികള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റഷ്യയിലെ യുദ്ധ ഭൂമിയിലേക്ക് കേരളത്തില്‍ നിന്നുള്‍പ്പടെ ആളുകളെ കടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്.

അരുണ്‍, പ്രിയന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ രണ്ടുപേരും ഇതിലെ പ്രധാന ഇടനിലക്കാരാണെന്ന് അന്വേഷണ സംഘം അറിയിച്ചു. റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

തിരുവനന്തപുരം സ്വദേശികളായ യുവാക്കളെ പറ്റിച്ച് റഷ്യയിലെത്തിച്ച ശേഷം യുദ്ധ ഭൂമിയില്‍ സൈനിക സേവനത്തിനിറങ്ങാൻ നിര്‍ബന്ധിതരാക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇവരുടെ കൈയില്‍ നിന്ന് പണം വാങ്ങി പറ്റിച്ചത് ഇപ്പോള്‍ അറസ്റ്റിലായ രണ്ടുപേരാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്നാണ് റഷ്യയില്‍ അകപ്പെട്ട യുവാക്കളെ നാട്ടിലെത്തിച്ചത്. സി.ബി.ഐ ആണ് കേസ് അന്വേഷിക്കുന്നത്.

റഷ്യക്ക് പുറമേ മറ്റ് വിദേശ രാജ്യങ്ങളിലേക്ക് വരെ സെക്യൂരിറ്റി ജോലി ഉള്‍പ്പടെ വാഗ്ദാനം ചെയ്ത് ഇവര്‍ ആളുകളില്‍ നിന്ന് പണം തട്ടിയതായി സി.ബി.ഐ കണ്ടെത്തി. ഇത്തരത്തില്‍ റഷ്യയിലെത്തിയ യുവാക്കളെയാണ് തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് പറ്റിച്ച് യുക്രെയ്‌നെതിരെ യുദ്ധത്തിന് ഇറക്കിയത്.

റഷ്യയില്‍ അകപ്പെട്ട യുവാക്കളുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മനുഷ്യക്കടത്ത് നടന്നതായി കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഇനിയും അറസ്റ്റിലാകാനുണ്ടെന്ന് സി.ബി.ഐ അറിയിച്ചു. കേരളത്തിന് പുറമേ ഇന്ത്യയിലെ വിവധ സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്തരത്തിൽ യുവാക്കൾ പറ്റിക്കപ്പെട്ട് റഷ്യയിൽ സൈനിക സേവനത്തിന് ഇറങ്ങേണ്ടി വന്നത്.

Content Highlight: Human Trafficking to Russian War Lands; Two residents of Thiruvananthapuram were arrested

We use cookies to give you the best possible experience. Learn more