| Tuesday, 6th September 2022, 8:38 am

രണ്ടര ലക്ഷം രൂപ, 45 ദിവസത്തിനുള്ളില്‍ ഓസ്‌ട്രേലിയയിലെത്തും; ശ്രീലങ്കന്‍ സ്വദേശികള്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് ബോട്ട് മാര്‍ഗം കടക്കാന്‍ ശ്രമിച്ച ശ്രീലങ്കന്‍ സ്വദേശികള്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പിടിയിലായ 11 പേര്‍ക്കെതിരെയാണ് മനുഷ്യക്കടത്തിന് കേസെടുത്തത്. കൊളംബോ സ്വദേശി ലക്ഷ്മണനാണ് മനുഷ്യക്കടത്തിന്റെ മുഖ്യ ഏജന്റെന്ന് പൊലീസ് പറഞ്ഞു.

തമിഴ്‌നാട് കാരക്കാട് വഴി കാനഡയിലേക്ക് കടക്കാനായിരുന്നു സംഘത്തിന്റെ ആദ്യ പദ്ധതി. ഇത് പരാജയപ്പെട്ടതോടെയാണ് കൊല്ലം തീരം വഴി ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ഇവര്‍ ശ്രമിച്ചത്. ഇതിനായി ഏജന്റുമാര്‍ ഒരാളില്‍ നിന്നും ഈടാക്കുന്നത് രണ്ടര ലക്ഷം രൂപയാണെന്നും പൊലീസ് പറഞ്ഞു.

ബോട്ട് ചൊവ്വാഴ്ച വൈകിട്ട് കൊല്ലം ബീച്ചില്‍ എത്തുമെന്നാണ് അഭയാര്‍ത്ഥികളെ ഏജന്റ് അറിയിച്ചത്. 45 ദിവസത്തിനുളളില്‍ ബോട്ട് ഓസ്‌ട്രേലിയയില്‍ എത്തുമെന്നാണ് ഏജന്റ് അറിയിച്ചിരുന്നതെന്നും പിടിയിലായവര്‍ പൊലീസിനോട് വെളിപ്പെടുത്തി.

രണ്ട് ശ്രീലങ്കന്‍ സ്വദേശികളും തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുള്ള ഒമ്പത് പേരുമാണ് കഴിഞ്ഞ ദിവസം പിടിയിലായത്.
ആറ് പേര്‍ ട്രിച്ചിയിലെ അഭയാര്‍ത്ഥി ക്യാമ്പിലും, മൂന്ന് പേര്‍ ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാമ്പിലും കഴിയുന്നവരാണ്.

ഏജന്റിന്റെ നിര്‍ദേശപ്രകാരം കേരളത്തിലെത്തിയ ഇവരെ കൊല്ലം നഗരത്തിലെ ഒരു ലോഡ്ജില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കൊല്ലം പൊലീസും തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുത്ത സംഘത്തെ ചോദ്യം ചെയ്തിരുന്നു.

ഓഗസ്റ്റ് മാസം 19-ന് ശ്രീലങ്കയില്‍ നിന്നും ചെന്നൈയില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയ രണ്ട് പേരെ കാണാതായിരുന്നു. ഇവരെ തേടി തമിഴ്‌നാട് ക്യൂബ്രാഞ്ച് തമിഴ്‌നാട്ടിലും അയല്‍ സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചു. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കന്‍ പൗരന്മാര്‍ അറസ്റ്റിലായത്.

അതേസമയം, ഇപ്പോള്‍ പിടിയിലായ പതിനൊന്ന് പേര്‍ മാത്രമായിരിക്കില്ല ബോട്ടില്‍ ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ പദ്ധതിയിട്ടത് എന്നാണ് പൊലീസിന്റെയും തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റേയും നിഗമനം.

വലിയ ബോട്ടില്‍ വന്‍ സംഘമായിട്ടാണ് ഇത്തരക്കാര്‍ സാധാരണ ഓസ്ട്രേലിയയിലേക്ക് പോകാറുള്ളത്. അതിനാല്‍ തന്നെ കൂടുതല്‍ പേര്‍ കൊല്ലത്തേക്ക് വന്നുകൊണ്ടിരിക്കുകയോ അടുത്ത നിര്‍ദേശം കാത്ത് സമീപ ജില്ലകളില്‍ തമ്പടിക്കുകയോ ചെയ്തിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്.

Content Highlight: Human Trafficking case against Sri Lankan Citizens Who tried to enter Australia via Boat

We use cookies to give you the best possible experience. Learn more