| Tuesday, 11th October 2022, 1:22 pm

ഇലന്തൂരിലെ നരബലി: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്, കേരളത്തിന് ചിന്തിക്കാന്‍ പോലും കഴിയാത്തത്, അതിശക്തമായ നടപടിയുണ്ടാകും; മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ഇലന്തൂരിലെ നരബലി മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകൃത്യത്തില്‍ പങ്കാളികളായ മുഴുവന്‍ പേരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും പഴുതടച്ച അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ ഉണ്ടായ ഇരട്ടക്കൊലപാതകം. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. രോഗാതുരമായ മനസാക്ഷിയുള്ളവര്‍ക്കേ ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രി പറയുന്നു.

ഭഗവല്‍ സിങ്

പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ  ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാന്‍ കഴിയൂ. കടവന്ത്ര പൊലീസില്‍ സെപ്റ്റംബര്‍ 26 നു രജിസ്റ്റര്‍ ചെയ്ത മിസ്സിങ് കേസിന്റെ അന്വേഷണത്തിലാണ് പൊലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകള്‍ അഴിച്ചത്. അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങള്‍ എന്ന് പ്രതികള്‍ മൊഴിനല്‍കിയതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ്, ഒരു മിസ്സിങ് കേസില്‍ നിന്ന് ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലില്‍ എത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ലൈല

‘സമ്പത്തിനു  വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാന്‍ പോലുമാകാത്ത കുറ്റകൃത്യമാണ്.  ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമ നടപടികള്‍ക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്’

ഇങ്ങനെയുള്ള ദുഷ്പ്രവണതകള്‍ തിരിച്ചറിയാനും പൊതു ശ്രദ്ധയില്‍ കൊണ്ടുവന്ന് അവയ്ക്ക് തടയിടാനും ഓരോരുത്തരും മുന്നോട്ടു വരണം. ഈ കുറ്റകൃത്യത്തില്‍ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികള്‍ക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഹമ്മദ് ഷാഫി എന്ന റഷീദ്‌

ഇന്ന് രാവിലെയാണ് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്. പത്തനംതിട്ട തിരുവല്ലയിലെ ഇലന്തൂരിലാണ് സംഭവം. കാലടിയില്‍ നിന്നും കടവന്ത്രയില്‍ നിന്നുമുള്ള പത്മ, റോസ്‌ലി എന്നീ സ്ത്രീകളെയാണ് ബലികൊടുത്തത്. തിരുവല്ലയിലെ ദമ്പതികളായ ഭഗവല്‍ സിംഗ്, ലൈല എന്നിവരും പെരുമ്പാവൂരില്‍ നിന്നുള്ള ഏജന്റ് മുഹമ്മദ് ഷാഫിയുമാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്.

സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയാണ് നരബലി നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. സെപ്റ്റംബറിലാണ് സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കുന്നത്. കൊല്ലപ്പെട്ട പത്മ എന്ന യുവതിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയിലാണ് നരബലി നടന്നുവെന്ന വിവരം ലഭിച്ചതെന്ന് ദക്ഷിണ മേഖല ഐ.ജി.പി പ്രകാശ് പറഞ്ഞു.

പത്മ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ലോട്ടറി വില്‍പ്പനക്കാരിയാണ്. കൊല്ലപ്പെട്ട റോസ്ലിയും  ലോട്ടറി വില്‍പനക്കാരിയാണ്. പത്മയെ കാണാനില്ലെന്ന പരാതി ലഭിച്ച് രണ്ട് ദിവസത്തിനകം തന്നെ ഇവര്‍ കൊല്ലപ്പെട്ടിരുന്നു. റോസ്ലിയെ സെപ്റ്റംബറിലാണ് കാണാതാവുന്നത്. അവസാന വാരത്തോടെയാണ് റോസ്‌ലിയും കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. പത്തനംതിട്ട ആറന്മുള സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തട്ടിക്കൊണ്ടുപോയ ശേഷം യുവതികളെ കൊലപ്പെടുത്തികയായിരുന്നു. പിന്നീട് മുറിച്ചു കഷ്ണങ്ങളാക്കി കുഴിച്ചുമൂടിയെന്നാണ് പൊലീസ് പറയുന്നത്.

content highlights : Human Sacrifice at Ilantoor: Shocks the Human Conscience, Kerala Can’t Even Think of It, Will Take Massive Action; Chief Minister

We use cookies to give you the best possible experience. Learn more