കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണമേറ്റെടുത്തതിന് ശേഷം പെണ്‍കുട്ടികളുടെ സ്‌കൂളുകളില്‍ അവര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് മേല്‍ കൊണ്ടുവന്നിട്ടുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്.
ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റേതാണ് റിപ്പോര്‍ട്ട്.
പെണ്‍കുട്ടികളെ ബെല്‍റ്റ് ധരിക്കാന്‍ അനുവദിക്കുന്നില്ല, കൈമുട്ട് വരെ കവര്‍ ചെയ്യുന്ന രീതിയിലുള്ള സ്ലീവുകളായിരിക്കണം എന്നിങ്ങനെയാണ് നിയന്ത്രണങ്ങള്‍ പോകുന്നത്.
നേരത്തെ പെണ്‍കുട്ടികളുടെ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് താലിബാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ആറാം ക്ലാസിന് മുകളിലുള്ള ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു താലിബാന്‍ പ്രഖ്യാപിച്ചത്.
മാസങ്ങളായി അടഞ്ഞുകിടന്ന സ്‌കൂളുകള്‍, പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ട് വീണ്ടും തുറന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആറാം ക്ലാസ് മുതലുള്ള പെണ്‍കുട്ടികളെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കില്ലെന്ന് താലിബാന്‍ പറഞ്ഞത്.
ഇസ്‌ലാമിക നിയമത്തിനും അഫ്ഗാന്‍ സംസ്‌കാരത്തിനും അനുസൃതമായി ഒരു പദ്ധതി തയ്യാറാക്കുന്നത് വരെ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ അടച്ചിടുമെന്നായിരുന്നു താലിബാന്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.
എന്നാല്‍ കമ്മ്യൂണിറ്റിക്കുള്ളില്‍ നിന്നുതന്നെ വന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഏകദേശം ഒമ്പതോളം പ്രവിശ്യകളില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അനുവദിച്ചിരുന്നു.
പക്ഷെ, മാര്‍ച്ചിനുള്ളില്‍ എല്ലാ സ്‌കൂളുകളും തുറക്കുമെന്ന് വാക്ക് പാലിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് ഇതില്‍ പലതും വീണ്ടും അടച്ചിടുകയായിരുന്നു.
”വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ബാല്‍ക്ക് പ്രവിശ്യ ഇതില്‍ നിന്നും വ്യത്യസ്തമാണ്. കടുത്ത വസ്ത്ര നിയന്ത്രണങ്ങള്‍ പിന്തുടരുന്നത് കാരണം, ബാല്‍ക്കിലെയും മറ്റ് പ്രവിശ്യകളിലെയും സ്‌കൂളുകള്‍ അടച്ചിടല്‍ ഭീഷണിയിലാണ്,” ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം കയ്യടക്കിയത്.
Content Highlight: Human Rights Watch says, In Afghanistan, dress restrictions tighten for girls