ന്യൂയോര്‍ക്ക്: ഫലസ്തീനെതിരെ ഇസ്രാഈല്‍ നടത്തിയത് വംശീയ/വര്‍ണ്ണ വിവേചനമാണെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. ഫലസ്തീനികള്‍ക്കും ഇസ്രാഈലിലെ അറബ് ജനതയ്ക്കും മുകളില്‍ ജൂത ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം വംശീയത(Apartheid) തന്നെയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു.
മനുഷ്യരഹിതമായ പ്രവര്‍ത്തികളിലൂടെ ഒരു വംശത്തില്‍ പെട്ടവര്‍ മറ്റൊരു വംശത്തില്‍ പെട്ടവര്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കുകയും പിന്നീട് സിസ്റ്റമാറ്റിക്കായി ആ ജനതയെ അടിച്ചമര്‍ത്തുകയും ചെയ്യുന്നതുമാണ് Apartheid എന്ന് അപ്പാര്‍ത്തീഡ് കണ്‍വെന്‍ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പറയുന്ന രീതിയിലാണ് ഇസ്രാഈല്‍ ഫലസ്തീനികളോട് പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെയുള്ള ഭാഗങ്ങളില്‍ ഇസ്രാഈലി സര്‍ക്കാരിന് മാത്രമാണ് എല്ലാം നിയന്ത്രിക്കാനുള്ള അധികാരമുള്ളത്. അധിനിവേശ വെസ്റ്റ് ബാങ്കും ഗാസ മുനമ്പും കിഴക്കന്‍ ജറുസലേമും 1948ല്‍ നിശ്ചയിച്ച ഇസ്രാഈലിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ വരുന്ന പ്രദേശവുമെല്ലാം ഈ ഭാഗത്താണ് ഉള്‍പ്പെടുന്നത്.
ഈ പ്രദേശങ്ങളലിലെല്ലാം ഫലസ്തീനികള്‍ക്ക് മുകളില്‍ ജൂത ആധിപത്യം സ്ഥാപിക്കാനാണ് ഈസ്രാഈല്‍ സര്‍ക്കാര്‍ തങ്ങളുടെ നയങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
1967ല്‍ നടന്ന ആറ് ദിവസം നീണ്ട യുദ്ധത്തിന് ശേഷം ഇസ്രാഈല്‍ വെസ്റ്റ് ബാങ്കും ഗാസയും കിഴക്കന്‍ ജറുസലേമും പിടിച്ചെടുക്കുന്നത്. 2005ല്‍ ഗാസയില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങിയെങ്കിലും ഈ പ്രദേശത്ത് കടുത്ത ഉപരോധമാണ് നടപ്പിലാക്കിയത്. ഗാസയിലേക്കുള്ള ചരക്കുകടത്തും ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരവും തടഞ്ഞിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലെന്നാണ് ഗാസ മുനമ്പ് അറിയപ്പെടുന്നത്.
ആദ്യമായാണ് ഒരു പ്രധാന അന്താരാഷ്ട്ര സംഘടന ഇസ്രാഈലിനെതിരെ വംശീയാക്രമണം ചൂണ്ടിക്കാട്ടി രംഗത്തെത്തുന്നത്. നാളുകളായി ഫലസ്തീനിലെ പല സംഘടനകളും ഇതേ വാദം ഉന്നയിച്ച് രംഗത്തുവന്നിരുന്നു. ഇസ്രാഈലിലെ മനുഷ്യവകാശ സംഘടനകളും ഫലസ്തീനെതിരെ അപ്പാര്‍ത്തീഡാണ് നടക്കുന്നതെന്ന് അംഗീകരിച്ചിരുന്നു.
ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷദായേഹ് റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത് രംഗത്തെത്തി. സുപ്രധാനമായ റിപ്പോര്‍ട്ടാണിതെന്നും ഇനിയെങ്കിലും അന്താരാഷ്ട്ര സമൂഹം ഇസ്രാഈല്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2014ല്‍ ഹമാസിനെതിരെ നടത്തിയ യുദ്ധത്തിന്റെ പേരില്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍, ഇസ്രാഈല്‍ അന്വേഷണം നേരിട്ടുക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കില്ലെന്ന് ഇസ്രാഈല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇസ്രാഈലിനെതിരെ അപ്പാര്‍ത്തീഡും അടിച്ചമര്‍ത്തലുമടക്കമുള്ള കുറ്റകൃത്യങ്ങള്‍ കൂടി പരിഗണിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട് ഇസ്രാഈല്‍ പൂര്‍ണ്ണമായും നിഷേധിച്ചു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന കാലങ്ങളായി ഇസ്രാഈല്‍ വിരുദ്ധ അജണ്ടയാണ് സ്വീകരിക്കുന്നതെന്നും അതിന്റെ ഭാഗമാണ് ഈ റിപ്പോര്‍ട്ടെന്നുമാണ് ഇസ്രാഈലിന്റെ വാദം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക