| Wednesday, 17th April 2024, 2:16 pm

വെസ്റ്റ് ബാങ്കിലെ ഇസ്രഈലി കുടിയേറ്റ അതിക്രമങ്ങള്‍ക്ക് ഉത്തരവാദി നെതന്യാഹു സര്‍ക്കാര്‍: ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്ക് നേരെയുള്ള കുടിയേറ്റ അതിക്രമങ്ങള്‍ക്ക് ഒരേയൊരു ഉത്തരവാദി ഇസ്രഈല്‍ ആണെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. ഇസ്രഈലി കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ ചെയ്തുകൂട്ടുന്ന അതിക്രണങ്ങളെ തടയാന്‍ നെതന്യാഹു സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും മനുഷ്യവകാശ സംഘടന പറഞ്ഞു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ 20 കമ്യൂണിറ്റികളില്‍ നിന്നുള്ള ഫലസ്തീനികളെ ഇസ്രഈലി സൈന്യം കുടിയിറക്കിയെന്നും ഏഴ് കമ്മ്യൂണിറ്റികളെയെങ്കിലും വേരോടെ പിഴുതെറിഞ്ഞുവെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ചൂണ്ടിക്കാട്ടി.

ഇസ്രഈലികളില്‍ നിന്ന് ഫലസ്തീനികള്‍ ശാരീരിക പീഡനം, ലൈംഗികാതിക്രമം തുടങ്ങിയ അതിക്രമങ്ങള്‍ നേരിടുന്നുണ്ടെന്ന് എച്ച്.ആര്‍.ഡബ്ല്യു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സൈനിക ആക്രമങ്ങള്‍ക്കിടയില്‍ പൗരന്മാരുടെ കന്നുകാലികളെ മോഷ്ടിച്ചും സ്‌കൂളുകളും വീടുകളും നശിപ്പിച്ചും ഗസയില്‍ നിന്ന് നിര്‍ബന്ധമായി കുടിയിറങ്ങണമെന്ന് ഭീഷണിപ്പെടുത്തിയും ഇസ്രഈലി കുടിയേറ്റക്കാര്‍ ഫലസ്തീനികളെ ചൂഷണം ചെയ്യുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വെസ്റ്റ് ബാങ്കില്‍ നിന്ന് പലായനം ചെയ്ത ഫലസ്തീനികളുടെ സുരക്ഷ ഉറപ്പ് നല്‍കാമെന്നോ തിരികെ ഫലസ്തീനിലേക്ക് വരാമെന്നോ സൈന്യം വാക്ക് നല്‍കിയിട്ടില്ലെന്നും എച്ച്.ആര്‍.ഡബ്ല്യു പറഞ്ഞു.

നിലവില്‍ ഗസയിലെ സൈനിക നടപടികള്‍ക്കായി രണ്ട് അധിക ബ്രിഗേഡുകളെ വിന്യസിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗസയില്‍ ഇസ്രഈലി സൈന്യം നടത്തിയ ആക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടതായി ഗസാ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈലിന്റെ ആക്രമണത്താല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 33,843 ആയി വര്‍ധിച്ചുവെന്നും മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം ആകെ 76,575 ആയി ഉയര്‍ന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Content Highlight: Human Rights Watch against Israeli settlers in Palestine

  
We use cookies to give you the best possible experience. Learn more