| Sunday, 17th November 2013, 8:30 am

മനുഷ്യാവകാശലംഘനം: ചില്ല്‌മേടയിലിരുന്ന് കല്ലെറിയരുതെന്ന് ബ്രിട്ടനോട് ശ്രീലങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊളംബോ: ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന ബ്രിട്ടന്റെ ആവശ്യം ശ്രീലങ്ക തള്ളി. ബ്രിട്ടന്‍ ചില്ല്‌മേടയിലിരുന്ന് കല്ലെറിയരുതെന്ന് ശ്രീലങ്ക മുന്നറിയിപ്പ് നല്‍കി.

ആവശ്യം അംഗീകരിക്കാനാകില്ലെന്നും ശ്രീലങ്കയ്ക്ക് അതിന്റെ ഭാവിയില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും മന്ത്രി ബാസില്‍ രജപക്‌സെ പറഞ്ഞു. തീയതിയോ സമയപരിധിയെ നിശ്ചയിച്ചുള്ള അന്വേഷണം ഒരു കാരണവശാലും നടക്കില്ല.

ഏത് അന്താരാഷ്ട്ര അന്വേഷണത്തെയും ചെറുക്കുമെന്ന് മന്ത്രി നിര്‍മല്‍ ശ്രീപാല ഡിസില്‍വ ശക്തമായ ഭാഷയില്‍ പറഞ്ഞു.

ശ്രീലങ്കയിലെ മനുഷ്യാവകാശ സംരക്ഷണത്തിന് സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയണമെന്ന  ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ആവശ്യവും ശ്രീലങ്ക തള്ളി.

യുദ്ധക്കുറ്റം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണത്തിന് ശ്രീലങ്ക തയ്യാറാകണമെന്നും ഇല്ലെങ്കില്‍ യു.എന്നിന്റെ അന്വേഷണം നേരിടേണ്ടി വരുമെന്നായിരുന്നു കാമറൂണിന്റെ പ്രസ്താവന.

ആവശ്യമായ സമയമെടുത്താലും അന്വേഷണം ശരിയായ ദിശയിലായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കോമണ്‍വെല്‍ത്ത് ഉച്ചകോടിയ്ക്കായി കൊളംബോയിലെത്തിയ കാമറൂണ്‍ ആഭ്യന്തരയുദ്ധം തകര്‍ത്തെറിഞ്ഞ ജാഫ്‌ന മേഖല സന്ദര്‍ശിക്കുകയും തമിഴ് നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more