തിരുവനന്തപുരം: മാനസിക വൈകല്യമുള്ള വീട്ടമ്മയെ സ്ത്രീകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചു. സംസ്ഥാന സാമൂഹികനീതി വകുപ്പിനും പൊലീസ് ഡിജിപിക്കും ഇതുസംബദ്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവ കടുത്ത നിയമലംഘനമാണെന്നാണ് കമ്മീഷന്‍ അഭിപ്രായപ്പെട്ടത്.
തിങ്കളാഴ്ചയാണ് മനോവൈകല്യമുള്ള യുവതിയെ അയല്‍വാസികളായ സ്ത്രീകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ജനക്കൂട്ടത്തിനു മുന്നില്‍ വച്ച് വീട്ടമ്മയെ സ്ത്രീകള്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വൈപ്പിനടുത്തുള്ള പള്ളിപ്പുറം വിയറ്റ്‌നാം കോളനിയിലെ സിന്‍ട്രക്കാണ് മര്‍ദ്ദനമേറ്റത്. വീട്ടമ്മ തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് സ്ത്രീകള്‍ ചേര്‍ന്ന് സിന്‍ട്രയെ മര്‍ദ്ദിച്ചത്. തടയാനെത്തിയ മകളെയും സ്ത്രീകള്‍ മര്‍ദ്ദിച്ചു.
സമീപത്തെ ചായക്കടയില്‍ വച്ച് മര്‍ദ്ദിച്ച ശേഷം റോഡിലേക്ക് വലിച്ചിഴച്ച് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് വീണ്ടും അടിക്കുകയും ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എഴുനേല്‍ക്കാന്‍ ശ്രമിച്ച യുവതിയെ സ്ത്രീകള്‍ ചട്ടുകം പൊള്ളിച്ച് കാലില്‍ വെയ്ക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ സ്ത്രീകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവം കടുത്ത മനുഷ്യവകാശ ലംഘനമാണെന്നു കണ്ടെത്തിയ അധികൃതര്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.