ലോകം കണ്ണു മിഴിച്ചു കണ്ട നെറികേടുകളില്‍ നിന്നാണ് മനുഷ്യരാശിയുടെ പൊതു മൂല്യങ്ങളാല്‍ സാന്ദ്രീകൃതമായ മനുഷ്യാവകാശങ്ങള്‍ ഉരുവപ്പെട്ടത്. അധികാരങ്ങള്‍ക്ക് അതിര് വരക്കാനുള്ള ഇച്ഛാശക്തി രൂപപ്പെടുത്താതെ ചരിത്രത്തിന് മുന്നോട്ടു പോവുക
സാധ്യമല്ല.
കൊടിയ പീഡനങ്ങളാലും മനുഷ്യവകാശങ്ങളുടെ കടുത്ത ലംഘനങ്ങളാലും കുപ്രസിദ്ധമാകുന്ന പുതിയ ഫാസിസ്റ്റ് കാലത്തിന്റെ വരവും തീര്‍ച്ചപ്പെട്ടു കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ഇസ്രായേലിന്റേയും ജോര്‍ദ്ദാന്റേയും കരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു തടാകമുണ്ട്. ലവണാധിക്യത്താല്‍ സാധാരണ ജീവജാലങ്ങള്‍ക്ക് ആവാസം അസാദ്ധ്യമായത് കാരണം ചാവുകടല്‍ (Dead Sea) എന്നാണതിനെ വിളിക്കുന്നത്. ജീവജാലങ്ങള്‍ക്ക് പോലും പൊറുതി കൊടുക്കാത്ത, മനുഷ്യാവകാശങ്ങളുടെ പുതിയ ചാവുനിലങ്ങളാക്കി ഈ ലോകത്തെ മാറ്റാന്‍ നാം അനുവദിക്കില്ലന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു കാലഘട്ടത്തെ നമുക്കും ഇത്തരുണത്തില്‍ അടയയാളപ്പെടുത്തേണ്ടതുണ്ട്.
നവ ഫാസിസം തീര്‍ക്കുന്ന തടങ്കല്‍ പാളയങ്ങള്‍:
രാജ്യത്ത് നിലനില്‍ക്കുന്ന ഭരണഘടനയുടെയും, ഭരണഘടന വിഭാവനം ചെയ്യുന്ന പൗരാവകാശങ്ങളുടേയും മൗലികാവകാശങ്ങളുടേയും അടിവേരറുത്ത് കൊണ്ടു മാത്രമെ വ്യത്യസ്ത ഭാഷാ, സംസ്‌കാരിക പൈതൃകങ്ങളാല്‍ സമ്പന്നമായ നമ്മുടെ രാജ്യത്തെ തകര്‍ക്കുവാനും, ജനകീയമായ ഐക്യത്തെ ഇല്ലാതാക്കാനും കഴിയൂ എന്നത് ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞ പാഠമാണ്.
സമ്പദ്ഘടനയുടെ തകര്‍ച്ച ജനജീവിതത്തെ മുച്ചൂടും തരിപ്പണമാക്കിക്കഴിഞ്ഞു. സാമ്പത്തിക മാന്ദ്യം കുടുംബ ചിലവുകളെപ്പോലും ഞരുക്കുന്നതായി റിസര്‍വ് ബാങ്ക് സര്‍വ്വേ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.
ബഹു ഭൂരിപക്ഷത്തിന്റേയും സ്വകാര്യ ഉപഭോഗ ചെലവ് (private final consumption expenditure) 2019 മെയ് മാസത്തിലെ എട്ട് ശതമാനത്തില്‍ നിന്നും സെപ്തംബറില്‍ എത്തുമ്പോഴേക്കും 5.5 ശതമാനമായി കുറഞ്ഞു. ഭക്ഷ്യ എണ്ണകളടക്കം ഭഷ്യവസ്തുക്കളുടെ വിലക്കയറ്റവും നിത്യോപയോഗ വസ്തുക്കളുടെ വില നിലവാരവും ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു.
രൂക്ഷമായ തൊഴിലില്ലായ്മയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളും സമ്പത്തുത്പാദനത്തിന്റെ സമസ്ത മേഖലകളെയും ചലന രഹിതമാക്കിയിരിക്കുന്നു. തൊഴിലാളി വര്‍ഗ്ഗത്തിന് മേലുള്ള മൂലധന ശക്തികളുടെ കനത്ത പ്രഹരങ്ങള്‍ക്ക് ആക്കം കൂട്ടികൊണ്ടേയിരിക്കുന്നു.
തൊഴില്‍ നിയമ ഭേദഗതികള്‍ എന്ന ലക്ഷ്യത്തിലൂന്നി പരിഷ്‌കാരങ്ങള്‍ എന്ന നിലയില്‍ പുതിയ കോഡുകള്‍: വരുന്നു. ‘കോഡ് ഓണ്‍ വേജ്: ‘നിയമങ്ങളിലൂടെ നേടിയെടുത്ത തൊഴിലവകാശങ്ങള്‍ പോലും തൊഴിലാളിക്ക് നഷ്ടമാകുന്നു. തൊഴിലാളി ഒരു ദിവസം പണിമുടക്കിയാല്‍ എട്ടു ദിവസത്തെ കൂലി പിടിക്കാന്‍ അത് മുതലാളിക്ക് അനുമതി നല്കുന്നു.
ഒന്നാം മോദി സര്‍ക്കാറിന്റെ ശങ്കകള്‍ മാറ്റി ജനങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനങ്ങളായി ഒരോ നയത്തെയും പ്രവര്‍ത്തി പഥത്തിലെത്തിക്കാന്‍ രണ്ടാം മോദി സര്‍ക്കാര്‍ തിരക്കുകൂട്ടുകയാണ്.
ചെറുത്ത് നില്‍പ്പിന്റേതായ എല്ലാ എതിര്‍ശബ്ദങ്ങളെയും ഇല്ലാതാക്കാന്‍ അവര്‍ പ്രതിജ്ഞാബദ്ധമാണ്. എതിര്‍ക്കുന്ന മനസ്സുകളില്‍ ഭയത്തിന്റെ വിത്തുകള്‍ മുളപ്പിക്കണം. പ്രകൃതി വിഭവങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ രാഷ്ട്ര സമ്പത്തും നിയന്ത്രണത്തിലേക്ക് കൊണ്ടുവരിക എന്നതാണ് കോര്‍പ്പറേറ്റ് താല്‍പര്യം.
വ്യവസായത്തില്‍ മാത്രമല്ല, കൃഷിയിലും സേവനത്തിലും സാമ്പത്തിക കൈമാറ്റ ഇടപാടുകളിലും എല്ലാം എല്ലാം. സമ്പത്തുല്‍പാദനത്തിന്റെ സര്‍വ്വ മേഖലകളിലും രഥയാത്രകള്‍ നടത്താന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പാതകള്‍ തുറന്നിടണം. അതാണ് പുതിയ സാമ്രാജ്യത്വം. നമ്മള്‍ അറിയണമത്. ജന വിരുദ്ധമായ ആ പുതിയ കൂട്ടങ്ങള്‍ പുതിയ രൂപത്തില്‍ നിങ്ങളുടെയും എന്റേയും ചോരയൂറ്റിയെടുക്കുന്നത് എങ്ങിനെയെന്ന്.
പഴയ മതമല്ല അവരുടെ പുതിയ മതം. മുമ്പ് മതം അവര്‍ക്ക് ആവശ്യമായിരുന്നില്ല. പഴയ വിശ്വാസമല്ല അവരുടെ പുതിയ വിശ്വാസം. മുമ്പ് വിശ്വാസം അവര്‍ക്ക് വേണ്ടിയിരുന്നില്ല. പഴയ ദൈവങ്ങളല്ല അവരുടെ പുതിയ ദൈവങ്ങള്‍. മുമ്പ് ദൈവങ്ങള്‍ അവര്‍ക്ക് അവശ്യമായിരുന്നില്ല.
പഴയ ആയുധങ്ങള്‍ ഇന്നവര്‍ക്ക് മതിയാകൂന്നില്ല. അത് കൊണ്ടാണ് ആവനാഴിയില്‍ പുതിയ ആയുധങ്ങളുമായി അവര്‍ വരുന്നത്. ഗര്‍ഭപാത്രം കുത്തി ഭ്രൂണത്തെ കോര്‍ത്തെടുക്കുന്ന ശൂലങ്ങള്‍ അവര്‍ക്കുണ്ട്.
പൗരത്വ ഭേദഗതി ബില്ലിലെ (The Citizenship Amendment Bill) ഹിന്ദുത്വ ഫാസിസ്റ്റ് താല്‍പര്യങ്ങള്‍
പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കിയെടുക്കാനും തുടര്‍ന്ന് അഖിലേന്ത്യാ ലത്തില്‍ തന്നെ എന്‍.ആര്‍.സിയുമായി മുന്നോട്ട് പോകാനുമാണ് മോദി മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. 1951 ലെ പൗരത്വ നിയമത്തിലെ അടിസ്ഥാന കാഴ്ചപ്പാടുകള്‍ തന്നെ തകിടം മറിക്കുകയാണ് മോദി, മനുഷ്യാവകാശങ്ങള്‍ക്ക് വിലങ്ങ് വെക്കാന്‍.
അന്താരാഷ്ട്ര മനുഷ്യവകാശ പ്രഖ്യാപനത്തിന്റെ 71 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍തന്നെ ഇന്ത്യന്‍ പാര്‍ലമെന്റ് രാജ്യത്തെ അഞ്ചു കോടിയില്‍പരം മനുഷ്യരെ തടങ്കല്‍ പാളയങ്ങളിലേക്ക് ആനയിക്കുന്ന വഴികള്‍ ഏതെന്ന് തീരുമാനിച്ചുറപ്പിക്കുകയാണ്.
തികച്ചും സാങ്കേതികമായ ഭൂരിപക്ഷത്തിന്റെ ശബ്ദ വോട്ടുകളില്‍ ഭരണഘടനയിലെ പൗരത്വത്തിന്റെ നിര്‍വ്വചനങ്ങള്‍ പോലും ഹിന്ദുത്വ – ഫാസിസ്റ്റ് അജണ്ടകളാല്‍ രൂപാന്തരം പ്രാപിക്കും. മതേതരത്വത്തിന്റെ മഹത് സങ്കല്‍പനങ്ങള്‍ കുഴിച്ചുമൂടും.
ഒരു ഭാഗത്ത് മത ന്യൂനപക്ഷങ്ങളെ, ഭാഷാ ന്യൂനപക്ഷങ്ങളെ, തദ്ദേശീയ ഗോത്ര ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് വലിച്ചെറിയുകയും അതിര്‍ത്തികള്‍ക്കപ്പുറത്ത് ദക്ഷിണേഷ്യയിലാകമാനം മതമൗലികവാദ ശക്തികളെ ഉത്തേജിപ്പിച്ച് നിര്‍ത്തി സംഘര്‍ഷം മൂര്‍ഛിപ്പിച്ചു നിര്‍ത്താനുള്ള ദീര്‍ഘകാല അടിത്തറയാണ് ഫാസിസ്റ്റുകള്‍ക്ക് ഇത് പ്രദാനം ചെയ്യാന്‍ പോകുന്നത്.
എളുപ്പത്തില്‍ എത്തിപ്പിടിക്കാന്‍ കഴിയാതിരുന്ന വടക്ക് കിഴക്കന്‍ മേഖല ഇനി പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനങ്ങളാല്‍ നിറയുകയും കുടിയേറ്റക്കാര്‍ക്കിടയിലും വിഭജനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
രാമന്റെ പേരില്ലാതെയും രാജ്യത്ത് കുരുതികള്‍ നടത്താമെന്നും സംഘര്‍ഷം സൃഷ്ടിക്കാമെന്നും സംഘപരിവാര്‍ നിങ്ങള്‍ക്ക് തെളിയിച്ച് തരാന്‍ പോവുകയാണ്. നിര്‍മ്മാണത്തിലിരിക്കുന്ന തടങ്കല്‍ പാളയങ്ങള്‍ ഫാസിസ്റ്റ് തറവാട്ടിലെ ‘ഓഷ് വിറ്റ്സ്’ പാളയത്തില്‍ നിന്നും എന്തെന്തു വ്യത്യസ്തതകള്‍ ഉണ്ടാകാമെന്നത് മാത്രമാണിനി തിരിച്ചറിയാനുള്ളത്.
കശ്മീര്‍ ശത്രുരാജ്യത്തിലെ യുദ്ധമേഖലയോ?
നിങ്ങള്‍ കശ്മീരിനെക്കുറിച്ചു വല്ലതും പറഞ്ഞാല്‍ രാജ്യദ്രോഹിയോ അതുമല്ലെങ്കില്‍ മുസ്‌ലിം തീവ്രവാദിയോ ആയി മുദ്രകുത്തപ്പെടും. ലോക്‌സഭയിലെ ശബ്ദ വോട്ടിന്റെ ഭൂരിപക്ഷം നേരത്തെ സൂചിപ്പിച്ചത് പോലെ സാങ്കേതികം മാത്രമാണ്.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപന രേഖ എല്ലാ രാജ്യങ്ങളുടേയും സ്വയം നിര്‍ണ്ണയ അവകാശത്തെ അംഗീകരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന ഒരു ഫെഡറല്‍ രാജ്യമെന്ന നിലയിലാണ് നമ്മുടെ രാജ്യത്തെ പരിഗണിച്ചിരിക്കുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഐതിഹാസികമായ പോരാട്ടങ്ങള്‍ സൃഷ്ടിച്ച പൊതുവികാരം അടിസ്ഥാനമാക്കിയാണ് നമ്മുടെ രാജ്യം രൂപം കൊള്ളുന്നത്.
സ്വയം നിര്‍ണ്ണയ അവകാശത്തെ മുറുകെപ്പിടിച്ചു കൊണ്ടായിരിക്കണം നമ്മുടെ ഫെഡറല്‍ ഇന്ത്യയെ ശക്തിപ്പെടുത്തേണ്ടത്. സ്വാതന്ത്ര്യം നേടിയെടുക്കുമ്പോള്‍ ബ്രട്ടീഷ് ഇന്ത്യക്ക് പുറത്തായിരുന്ന ജമ്മു-കശ്മീരും മണിപ്പൂരും നാഗലാന്റും സിക്കിമും ഉള്‍പ്പെടെയുള്ള നാട്ടുരാജ്യങ്ങളും വടക്ക് കിഴക്കന്‍ മേഖലകളിലെ ഗോത്ര പ്രദേശങ്ങളും നമ്മുടെ രാജ്യത്തിന്റെ ഭാഗമായ് മാറുന്നത് സുതാര്യമായതും പരസ്പര വിശ്വാസത്തിന്റേതുമായ ചില കരാറുകളിലൂടെയാണ്.
ജമ്മു കശ്മീരിലെ ജനങ്ങളുടെ ഭാവി തീരുമാനിക്കാന്‍ അവിടെ നടക്കേണ്ട ഹിതപരിശോധന ഉള്‍പ്പെടെ അംഗീകരിച്ചു കൊണ്ടുള്ള കരാര്‍ ആണ് നമ്മുടെ ഭരണഘടന 37-ആം അനുഛേദമായി അംഗീകരിക്കുകയും ചെയ്തത്.
അത്തരമൊരു ചരിത്ര പ്രക്രിയയിലൂടെ രൂപം കൊണ്ട അനുഛേദം സേച്ഛാധിപത്യപരമായി റദ്ദാക്കാനും ഒരു സംസ്ഥാനത്തെ രണ്ടു കേന്ദ്ര അധീന പ്രദേശങ്ങളാക്കി മാറ്റാനും ആരാണ് ഹിന്ദുത്വ ശക്തികള്‍ക്ക് അധികാരം നല്‍കിയിട്ടുള്ളത്?
സൈനികവല്‍ക്കരണം ശക്തിപ്പെടുത്തിയും നിരോധന ഉത്തരവുകള്‍ അടിക്കടി ഇറക്കി കൊണ്ടും ആശയ വിനിമയ ഉപാധികള്‍ പോലും ഒരു ജനതക്ക് ആകെ നിഷേധിച്ചു കൊണ്ടും ജനാധിപത്യപരമായ മനുഷ്യന്റെ ഇടപെടലുകളെ തടഞ്ഞു കൊണ്ടും എത്ര കാലം സ്വന്തം ജനതയെ തടങ്കല്‍ പാളയത്തില്‍ തടഞ്ഞു നിര്‍ത്താന്‍ കഴിയും?.
ഭക്ഷണം, വസത്രം, പാര്‍പ്പിടം – മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ജനത
1992-ലെ ഇന്ത്യയിലെ ഗ്രാമീണ വികസന റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നത് രാജ്യത്തിലെ ഗ്രാമീണ ജനസംഖ്യയിലെ പകുതിയില്‍ ഏറെപ്പേരും പൂര്‍ണ്ണമായും ഭൂരഹിതരാണന്നും, ഗ്രാമീണ ഭാരതത്തില്‍ ദളിത് – ആദിവാസി ജന വിഭാഗങ്ങള്‍ക്കിടയിലെ കടുത്ത ഭൂരാഹിത്യം കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കയാണെന്നുമാണ്.
2003-2004 ദേശീയ സാമ്പിള്‍ സര്‍വ്വേ സംഘടന (NSSO) പുറത്ത് വിട്ട കണക്കുകള്‍ എടുത്താല്‍, ജനസംഖ്യയിലെ 41.63 ശതമാനം ജീവിതം കഴിച്ചുകൂട്ടുന്നത് കൂരകളിലാണ്. രാജ്യത്തിലെ ജന സംഖ്യയിയില്‍ 60 ശതമാനത്തിന്റെ കൈവശമിരിക്കുന്ന ആകെ ഭൂമി രാജ്യത്തിലെ കൃഷിക്ക് ഉപയുക്തമായ ഭൂമിയുടെ അഞ്ച് ശതമാനം മാത്രമാണ്. എന്നാല്‍ കൃഷിഭൂമിയുടെ 55% കൈകാര്യം ചെയ്യുന്നതാകട്ടെ 10% പേര്‍ മാത്രവും. (NSSO Report 2003-04)
കോര്‍പ്പറേറ്റ് ഫാസിസത്തിന്റെ പല്‍ചക്രങ്ങളില്‍ പിടഞ്ഞ് പിടഞ്ഞ് ആദ്യം ഇല്ലാതാക്കപ്പെടാനുള്ള സാധ്യത ഇന്ത്യയിലെ പത്തു കോടിയോളം വരുന്ന ഗോത്ര ജനവിഭാഗങ്ങളാണ്.
ബാഹ്യലോകം കനിഞ്ഞരുളിയ മനുഷ്യാവകാശത്തിന്റെ ഗുണഭോക്താക്കളാകാന്‍ ഒരു കാലത്തും ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്തവര്‍. തനതായ സംസ്‌കൃതിയുടേയും, ഭാഷയുടേയും, സമ്പന്നമായ പ്രകൃതിസമ്പത്തുക്കളിലും വനവിഭവങ്ങളിലും പോയ കാലങ്ങളില്‍ അധികാരം കയ്യാളിയിരുന്നവര്‍. കോര്‍പ്പറേറ്റ് മുതലാളിത്തം ചെളിക്കുണ്ടിലേക്ക് ചവുട്ടി താഴത്തിയവര്‍. വനാവകാശ നിയമങ്ങള്‍ പോലും എട്ടിലെ പശുവായി കാട്ടില്‍ നിന്നും അഥവാ തങ്ങളുടെ ആവാസ മേഖലയില്‍ നിന്നും കല്പനകള്‍ക്കുസരിച്ച് കുടിയൊഴിഞ്ഞു പോകാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നവര്‍.
വന വിഭവങ്ങള്‍ വനപാലക മേധാവികളുടെ നിയന്ത്രണത്തില്‍. ഭൂമിയിലുള്ള സംരംക്ഷണം, വിഭവങ്ങളിലുള്ള അധികാരം, ഭാഷയുടെ സംസ്‌കൃതിയുടെ മുന്നോട്ടുള്ള പ്രയാണം എന്നിവയെല്ലാം അവരുടെ അവകാശ പട്ടികയിലെ ഇനങ്ങള്‍ മാത്രം. കോര്‍പ്പറേറ്റുകള്‍ക്ക് ഖനിജ സമ്പത്ത് തുരന്ന് എടുക്കാന്‍ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി ദാനം ചെയ്യാന്‍ അത്യുത്സാഹം കാണിക്കുകയാണ് ഭരണകൂടം.
ആദിവാസികള്‍ അവരുടെ ആവാസ മേഖലയില്‍ നിന്നും വറുതികളുടെയും പട്ടിണിയുടേയും രോഗത്തിന്റേയും സമതലങ്ങളിലൂടെ വംശഹത്യയിലേക്ക് എടുത്തെറിയപ്പെടുമ്പോള്‍ ഗോത്രവര്‍ഗ്ഗ സ്വയംഭരണ റിപ്പബ്ലിക്കുകള്‍ വാഗ്ദാനം ചെയ്തു കണ്ണിറുക്കുകയാണ് ഈ ഭരണകൂടം.
കുഞ്ഞുങ്ങള്‍, സത്രീകള്‍, വയോധികര്‍, അശരണര്‍ അവര്‍ക്കായി വാഗ്ദാനം ചെയ്യപ്പെട്ട മനുഷ്യാവകാശത്തിന്റെ ശാദ്വല ഭൂമികളെവിടെയാണ്?
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘പദവിയിലും, അവകാശങ്ങളിലും എല്ലാ മനുഷ്യരും തുല്യരും സ്വതന്ത്രരുമായി ജനിക്കുന്നു. (All Human beings are born free and equal in dignity and righst) എവിടെ മനുഷ്യന്‍ തല കുനിച്ചു നില്‍ക്കാന്‍ ഇടവരുന്നുവോ അവിടെ മനുഷ്യന്റെ മഹത്വം ചോരുന്നു. മനുഷ്യന്റെ മഹത്വം ഇടിഞ്ഞു വീണിടങ്ങള്‍ മനുഷ്യാവകാശങ്ങളുടെ ചാവൂനിലങ്ങളായി മാറുക തന്നെ ചെയ്യും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ