സ്വന്തം മണ്ണില്‍ നടന്ന U19 ലോകകപ്പിന് മുന്നോടിയായി ഡേവിഡ് ടീഗറിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയ സൗത്ത് ആഫ്രിക്കയുടെ നടപടിയെ ചോദ്യം ചെയ്ത ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ എന്‍.ജി.ഒ ആയ സിറ്റിസണ്‍സ് ഫോര്‍ ഇന്റഗ്രിറ്റി.
ക്രിക്കറ്റ് സൗത്ത് ആഫ്രിക്കക്കെതിരെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ടീഗറിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയതിനുള്ള കാരണം ഒട്ടും സാധുവായതല്ല എന്നും കാണിച്ചാണ് ഇവര്‍ ഹരജി നല്‍കിയത്.
2023 നവംബറില്‍ റൈസിങ് സ്റ്റാര്‍ ഓഫ് ദി ആബ്‌സ ജൂയിഷ് അച്ചീവര്‍ അവാര്‍ഡ് (Rising Star of the Absa Jewish Achiever Award) ഏറ്റുവാങ്ങി നടത്തിയ ഇസ്രഈല്‍ അനുകൂല പ്രസ്താവനക്ക് പിന്നാലെ 2024 ജനുവരിയിലാണ് ടീഗറിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നതായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക’അറിയിച്ചത്.
‘അതെ, എനിക്ക് ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ ഒരു റൈസിങ് സ്റ്റാര്‍ ആയിരിക്കുകയാണ്. എന്നാല്‍ ഇസ്രഈലിലെ യുവസൈനികരാണ് യഥാര്‍ത്ഥ റൈസിങ് സ്റ്റാറുകള്‍,’ എന്നായിരുന്നു ടീഗര്‍ പറഞ്ഞത്.
ഇതിന് പിന്നാലെ യുദ്ധം നടക്കുന്നതിനിടെ നടത്തിയ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക താരത്തെ ക്യാപ്റ്റന്‍സിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും പ്ലെയറായി താരത്തിന് ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നു. യുവാന്‍ ജെയിംസിനെയാണ് പ്രോട്ടിയാസ് ക്യാപ്റ്റന്‍സിയേല്‍പിച്ചത്.
എന്നാല്‍ താരത്തിന്റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല എന്നും താരത്തിന്റെ സുരക്ഷയ്ക്കായി ഒരു തരത്തിലുമുള്ള നടപടിയും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക സ്വീകരിച്ചിട്ടില്ല എന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്കക്കെതിരെ പരാതി നല്‍കിയ സിറ്റിസണ്‍സ് ഫോര്‍ ഇന്റഗ്രിറ്റി അറ്റോണി ഡാനിയല്‍ വിര്‍ട്‌സ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
‘നേരത്തെ അവസാനിച്ച ഒരു ടൂര്‍ണമെന്റില്‍ ടീഗറിനെ ക്യാപ്റ്റനാക്കുക എന്ന കാര്യം സാധ്യമല്ലെങ്കിലും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക യുക്തിയില്ലാത്തതും നിയമപരമല്ലാത്തതുമായ ഒരു തീരുമാനമാണ് സ്വീകരിച്ചത് എന്ന കോടതി വിധിക്ക് ഈ കേസ് കാരണമാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഈ കേസ് സംസാര സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ അടിവരയിടും.
ടൂര്‍ണമെന്റിന്റെ ആതിഥേയരും സംഘാടകരും എന്ന നിലയില്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യസ്ഥരായിരുന്നു. പക്ഷേ അവര്‍ അതില്‍ പൂര്‍ണമായും പരാജയപ്പെട്ടു.
ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ തീരുമാനം ടീഗറിനെ അപമാനിക്കുന്നതും അവന്റെ അവകാശങ്ങളില്‍ കൈകടത്തുന്നതും അവന്റെ കരിയറിനെ തന്നെ ബാധിക്കുന്നതുമാണ്. ഒപ്പം എല്ലാ സൗത്ത് ആഫ്രിക്കക്കാരുടെയും അവകാശങ്ങളയും ഇത് ലംഘിച്ചു,’ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, സൗത്ത് ആഫ്രിക്ക U19 ലോകകപ്പിന്റെ സെമിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ഉദയ് സഹരണ്‍ നയിച്ച ഇന്ത്യയോട് പരാജയപ്പെടാനായിരുന്നു അവരുടെ വിധി.
Content Highlight: Human rights group prepares legal action against South African Cricket Board over David Teager’s removal from captaincy
Also Read ജയിച്ചാല്‍ ഫൈനല്‍, ഇന്ത്യയിറങ്ങുന്നു; ടീമില്‍ ആരൊക്കെ? എതിരാളികള്‍ ആര്?
Also Read അവസാന ടെസ്റ്റല്ലേ, ഈ റെക്കോഡ് ബാക്കിവെക്കാന്‍ സാധിക്കുമോ? ചരിത്രത്തിലെ ഒന്നാമനും നാലാമനുമായി ജിമ്മി