| Tuesday, 28th November 2023, 6:25 pm

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മലയാള ഭാഷ ഉപയോഗം പരിമിതപ്പെടുത്തിയിട്ടില്ല: മനുഷ്യാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മലയാള ഭാഷയുടെ ഉപയോഗം പരിമിതപ്പെടുത്തിയിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ മലയാളത്തില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്റെ ഉത്തരവ്.

വിഷയത്തില്‍ വിമാനത്താവള ഡയറക്ടറില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങിയതായി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ കെ. ബൈജുനാഥ് പറഞ്ഞു. നിലവില്‍ വിമാനത്താവളത്തില്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഉപയോഗത്തിലില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ക്വയറി ബോര്‍ഡില്‍ ഉള്ളവര്‍ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ആശയവിനിമയം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന വിമാനത്താവളത്തിലെ സെക്യൂരിറ്റികള്‍ക്ക് മലയാളം അറിയണമെന്നില്ലെന്നും മലയാളം അറിയുന്ന ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സി.ഐ.എസിന് നിര്‍ദേശം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ വിമാനകമ്പനികള്‍ നിയമിക്കുന്ന ഹെയര്‍ഹോസ്റ്റസുകള്‍ക്ക് മലയാളം അറിയണമെന്നും അധികൃതര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിമാനത്താവളത്തിലെ റീടെയില്‍ ഔട്ട്‌ലെറ്റില്‍ ഇംഗ്ലീഷ് കൂടാതെ മലയാളവും ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇന്‍ഫര്‍മേഷന്‍ ഡിസ്പ്‌ളേ സിസ്റ്റത്തില്‍ മലയാളത്തിലും ഹിന്ദിയിലും ഇംഗീഷിലും വിവരങ്ങള്‍ കൃത്യമായി നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

Content Highlight: Human Rights Commission says that the use of Malayalam language is not restricted at Karipur airport

We use cookies to give you the best possible experience. Learn more