താമരശ്ശേരി ചുരം ഗതാഗതകുരുക്ക്; കുട്ടികളും വയോധികരും അനുഭവിക്കുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കിൽപെട്ട് കുട്ടികളും വയോധികരും അനുഭവിക്കുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഗതാഗത കുരുക്കിന് പ്രായോഗിക പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സൺ കെ. ബൈജുനാഥ് പറഞ്ഞു. വിഷയത്തിൽ കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാരും ജില്ലാ പൊലീസ് മേധാവിമാരും ഇടപെടണമെന്നും സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
ശക്തമായ മഴയിലും മരം വീണും മണ്ണിടിഞ്ഞും ചരക്ക് വാഹനങ്ങൾ കേടായി കുടുങ്ങിയുമെല്ലാം മണിക്കൂറുകൾ ചുരം ബ്ലോക്കാവുന്നത് പതിവ് സംഭവമാണ്. എയർപോട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അത്യാവശ്യമായി എത്തേണ്ടവർ മാറ്റമില്ലാതെ യാത്രാദുരിതം നേരിടുകയാണ്.
വർഷങ്ങളായി ബദൽ പാത വേണമെന്ന വയനാടിന്റെ ആവശ്യം ഇതുവരെ നിറവേറ്റപ്പെട്ടിട്ടില്ല. ഒരു നാടിനെ മുഴുവനായി ദുരിതത്തിലാക്കുന്ന ഗതാഗതപ്രശ്നം വയനാടിന്റെ വിനോദസഞ്ചാരത്തിനും വലിയ വെല്ലുവിളിയാണ്.
കുത്തിനിറച്ച ബസിൽ ഗതാഗതകുരുക്ക് കാരണം കഴിഞ്ഞ ദിവസം യാത്രക്കാർക്ക് ചുരത്തിലൂടെ ഒമ്പത് മണിക്കൂർ നിന്ന് യാത്ര ചെയ്യേണ്ടി വന്നതിനെ കുറിച്ച് വാർത്തകൾ വന്നിരുന്നു.
ഗതാഗതക്കുരുക്കിന് പരിഹാരമായി ബദൽ റോഡുകൾ നിർമിക്കുന്നതിന് വനംവകുപ്പിന്റെ സഹകരണമുണ്ടാകുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ മീഡിയ വണിനോട് പറഞ്ഞിരുന്നു.
അതേസമയം താമരശ്ശേരി ചുരത്തിന് ബൈപാസ് നിർമിക്കണമെന്നും ഇതിന് പകരം ടണൽ നിർമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ടി.സിദ്ദീഖ് എം.എൽ.എ പറഞ്ഞു. ഗതാഗതകുരുക്കിന്റെ പൂർണ ഉത്തരവാദിത്തം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കാണെന്നും സിദ്ദീഖ് ആരോപിച്ചു.
Content Highlight: Human Rights commission says elders and children are having human rights violation in Thamarassery churam traffic