| Tuesday, 21st November 2017, 12:50 am

ജഡ്ജിയുടെ കാറില്‍ വാഹനം ഉരസിയതിന്റെ പേരില്‍ കുടുംബത്തിനു പൊലീസിന്റെ പീഡനം; അന്വേഷണത്തിനു മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജഡ്ജി സഞ്ചരിച്ച കാറില്‍ വാഹനം ഉരസിയതിന്റെ പേരില്‍ വൃക്ക രോഗിയും കൈകുഞ്ഞും ഉള്‍പ്പെടെയുള്ള ആറംഗ കുടുംബത്തിനു പൊലീസില്‍ നിന്നു പീഡനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അന്വേഷണ ഉത്തരവിട്ടു. ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് മൂന്നാഴ്ചക്കം റിപ്പോര്‍ട്ട സമര്‍പ്പിക്കാന്‍ എറണാകുളം ജില്ലാ പൊലീസ് മേധാവിക്ക് കമീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസാണ് നിര്‍ദേശം നല്‍കിയത്.

ദേശീയപാതയില്‍ കാറിടിച്ചതിന്റെ പേരില്‍ കുടുംബത്തിനു എറണാകുളം, തൃശൂര്‍ ജില്ലകളിലെ മൂന്നു പൊലീസ് സ്റ്റേഷനുകളില്‍ നിന്നായി പീഡനമേല്‍ക്കേണ്ടി വന്നെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.


Also Read: ആര്‍.എസ്.എസ് പഠനശിബിരത്തിന് സ്‌കൂള്‍ വിട്ടുനല്‍കി മുസ്‌ലിം ലീഗ് നേതാവ്


തിങ്കളാഴ്ച പാലക്കാട് വടക്കാഞ്ചേരിയില്‍നിന്ന് കൊച്ചിയിലേക്ക് യാത്രപോയ കുടുംബത്തിനായിരുന്നു പൊലീസില്‍ നിന്നു ദുരനുഭവം നേരിടേണ്ടി വന്നത്. ദേശീയപാതയില്‍ കൊരട്ടി ചിറങ്ങരയില്‍വെച്ച് ഇടതുവശത്തുകൂടി മറികടന്ന ജഡ്ജിയുടെ കാര്‍ കുടുംബം സഞ്ചരിച്ച കാറില്‍ തട്ടിയതിനെത്തുര്‍ന്നായിരുന്നു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

സംഭവത്തെത്തുടര്‍ന്ന് ചാലക്കുടി, കൊരട്ടി, ആലുവ പൊലീസ് സ്‌റ്റേഷനുകളിലേക്ക് തങ്ങളെ മാറിമാറിപ്പറഞ്ഞയച്ചെന്നും ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കാതെ ഒരു പകല്‍ മുഴുവന്‍ മാനസികമായി പീഡിപ്പിച്ചെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി. പിന്നീട് പെറ്റിക്കേസ് പോലുമില്ലാതെ കുടുംബത്തെ വിട്ടയക്കുകയും ചെയ്തിരുന്നു.

തീര്‍ത്തും നിരപരാധികളായ യാത്രക്കാരെ പീഡിപ്പിച്ചത് നിയമപരമല്ലെന്ന് കമീഷന്‍ ഉത്തരവില്‍ പറഞ്ഞു. സമൂഹത്തോടും ജനങ്ങളോടുമുള്ള തങ്ങളുടെ കടമകളെ കുറിച്ച് കേരള പൊലീസ് ആക്ടില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന കാര്യങ്ങള്‍ പോലും പൊലീസ് ഓര്‍ത്തില്ലെന്നും കമീഷന്‍ നിരീക്ഷിച്ചു.


Dont Miss: ‘നടന്നത് സത്യപ്രതിജ്ഞാ ലംഘനം’; സി.പി.ഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി


“തങ്ങളുടെതല്ലാത്ത കുറ്റത്തിനാണ് രോഗിയും കൈകുഞ്ഞും ഉള്‍പ്പെടെയുള്ള കുടുംബം രണ്ട് ജില്ലകളിലെ മൂന്നു പൊലീസ് സ്‌റ്റേഷനുകളിലായി ദുരിതം അനുഭവിച്ചത്. കാര്‍ ഡ്രൈവര്‍ കുറ്റം ചെയ്‌തെങ്കില്‍ തന്നെ കുടുംബത്തെ സ്‌റ്റേഷനില്‍ നിര്‍ത്തി പീഡിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല.” കമ്മീഷന്‍ പറഞ്ഞു.

കേസ് ഡിസംബറില്‍ ആലുവയില്‍ നടക്കുന്ന കമീഷന്‍ സിറ്റിങില്‍ പരിഗണിക്കാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും കമ്മീഷന്‍ അന്വേഷമ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more